ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇമ്പ്രൂവ്‌മെന്റ് ബോര്‍ഡിന്റെ കണക്ക് അനുസരിച്ചു ഡല്‍ഹിയില്‍ 675 ഓളം ചേരികളിലായി 15.5 ലക്ഷം മനുഷ്യര്‍ താമസിക്കുന്നു . രാജ്യസഭയില്‍ വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് ഹൗസിങ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയം നല്‍കിയ മറുപടിയില്‍ ആണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്തു വന്നത്.
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ കണക്ക് എടുത്താല്‍ വിരലില്‍ എണ്ണാവുന്നവരെ മാത്രമേ ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇമ്പ്രൂവ്‌മെന്റ് ബോര്‍ഡും ഡല്‍ഹി വികസന അതോറിറ്റിയും പുനരധിവസിപ്പിച്ചിട്ടുള്ളു. 1297 പേരെ ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇമ്പ്രൂവ്‌മെന്റ് ബോര്‍ഡും, 8379 പേരെ ഡല്‍ഹി വികസന അതോറിറ്റിയുമാണ് ആകെ പുനരധിവസിപ്പിച്ചിരിക്കുന്നത്. ഇതിനായി അഞ്ചുവര്‍ഷം കൊണ്ട് ആകെ നീക്കി വെച്ചത് 212 കോടി രൂപ മാത്രമാണ്.
കുടിവെള്ളവും വൈദ്യുതിയും ലഭിക്കാത്ത എത്ര കടുംബങ്ങള്‍ ചേരികളില്‍ ഉണ്ടെന്ന ചോദ്യത്തിന്, അതിന്റെ കണക്കുകള്‍ തങ്ങളുടെ പക്കല്‍ ഇല്ല എന്നാണ് കേന്ദ്രത്തിന്റെ മറുപടി.
സെന്‍ട്രല്‍ വിസ്ത പോലുള്ള പ്രൊജക്റ്റ്കള്‍ക്കായി പതിനായിരക്കണക്കിന് കോടി രൂപയാണ് മോഡി സര്‍ക്കാര്‍ ചെലവഴിച്ചത്. ജി 20 ഉച്ചകോടിക്ക് വേണ്ടി പ്രഗതി മൈദാനില്‍ 2700 കോടി ചെലവിട്ട് നിര്‍മിച്ച കെട്ടിടം മോഡി ഉദ്ഘാടനം ചെയ്തിരുന്നു . എന്നാല്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ ഇപ്പോഴും ദയനീയമായ സാഹചര്യങ്ങളില്‍ കഴിയുകയാണ് .
പാര്‍ലമെന്റില്‍ നിയമനിര്‍മാണം നടത്തി ഡല്‍ഹി സര്‍ക്കാരിന്റെ പരിമിതമായ അധികാരം പൂര്‍ണമായും കവര്‍ന്നെടുക്കാനുള്ള തത്രപ്പാടിലാണ് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഇപ്പോള്‍ തന്നെ മോഡി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി വികസന അതോറിറ്റി, ഡല്‍ഹിയിലെ ദരിദ്രരായ മനുഷ്യരോട് യാതൊരു പരിഗണനയും കാണിക്കുന്നില്ല എന്ന് മറുപടിയില്‍ നിന്നും വ്യക്തമാണ്. ജനനന്മയല്ല മറിച്ച് അധികാരക്കൊ തിയാണ് ബിജെപിയെ നയിക്കുന്നത് എന്ന് വി ശിവദാസന്‍ എംപി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here