നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന്റെ 76ാം വാര്‍ഷികമായിരുന്നു ഈ വര്‍ഷം. കൃത്യം 76വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അര്‍പ്പുതമ്മാള്‍ ജനിച്ചത്. കൗമാരത്തില്‍ കണ്ട തന്റെ ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാവാന്‍ അമ്മാളിന് കാത്തിരിക്കേണ്ടി വന്നത് തന്റെ 76ാം വയസുവരെയാണ്. അര്‍പ്പുതമ്മാള്‍ എന്ന് പറഞ്ഞാല്‍ ആര്‍ക്കും മനസിലാവില്ല, രാജീവ് ഗാന്ധി വധക്കേസില്‍ 31 വര്‍ഷം ജയിലില്‍ കഴിഞ്ഞ പേരറിവാളന്റെ അമ്മ എന്ന് പറഞ്ഞാല്‍ ചിലര്‍ക്കെങ്കിലും തിരിച്ചറിയാന്‍ കഴിയും. തന്റെ മകന്‍ സ്വതന്ത്രനാവുന്നതും കാത്തിനൊരു അമ്മ. ഇന്നീ 76ാം വയസില്‍ അവര്‍ തന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സഫലമാക്കിയിരിക്കുകയാണ്. കാര്‍ ഓടിക്കാന്‍ പഠിക്കുക, ഡ്രൈവിംഗ് ടെസ്റ്റ് പാസായി ലൈസന്‍സ് നേടുക എന്നീ കടമ്പകള്‍ അര്‍പ്പുതമ്മാള്‍ വിജയകരമായി കടന്നുകഴിഞ്ഞു.
മൂന്നു പതിറ്റാണ്ടോളം നിത്യദു:ഖത്തില്‍ ആഴ്ന്ന പോയ അവരുടെ ജീവിതത്തില്‍ വെളിച്ചം വീശിയത്ത് മകന്‍ പേരറിവാളന്‍ മോചിതനായതോടെയാണ്. ആ സന്തോഷം മാത്രമാണ് ആ കണ്ണുകളില്‍ കത്തുന്നതും. ഇപ്പോള്‍ കാറോടിച്ച് വൈദഗ്ധ്യം തെളിയിക്കാനുള്ള ശ്രമത്തിലാണവര്‍. കാറോടിക്കാന്‍ പഠിച്ചാല്‍ ആര്‍ക്കെങ്കിലും ഒരാപത്ത് വന്നാല്‍ ഉപകാരമാകുമല്ലോ എന്നാണ് അമ്മാള്‍ പറയുന്നത്. കാറു വാങ്ങാന്‍ താനൊരു മുതലാളിയൊന്നുമല്ല. എന്നാല്‍ അത്യാവശ്യ ഘട്ടത്തില്‍ ഒരാളെ ആശുപത്രിയിലെത്തിക്കാന്‍ സാധിക്കുമല്ലോ… അമ്മാളിന്റെ വാക്കുകളില്‍ തികഞ്ഞ ആത്മവിശ്വാസമാണ്.
ഒരു ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പരിചയപ്പെട്ട തിരുവണ്ണാമല ചെങ്കത്തില്‍ ഡ്രൈവിങ് സ്‌കൂള്‍ നടത്തുന്ന വെങ്കടേശാണ് അര്‍പ്പുതമ്മാളിന്റെ ഗുരു. ഇരുവരും തമ്മിലുള്ള സംസാരത്തിനിടെ ഡ്രൈവിങ് പഠിക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് അര്‍പ്പുതമ്മാള്‍ പറഞ്ഞു. ഇതോടെ ആ ആഗ്രഹം സാധിച്ചു തരാമെന്നായി വെങ്കിടേശ്. വെങ്കിടേശും ഭാര്യ പാണ്ഡ്യയമ്മാളും അര്‍പ്പുതമ്മാളിനെ ഡ്രൈവിങ് പഠിപ്പിച്ചു. തിരുവണ്ണാമലയിലുള്ള അവരുടെ വീട്ടില്‍പോയി താമസിച്ചായിരുന്നു പഠനം. പക്ഷേ ലൈസന്‍സ് ലഭിച്ചിട്ടും സ്വന്തം വാഹനമില്ലാത്തതിനാല്‍ പരിശീലനം ഒരു ബുദ്ധിമുട്ടായി. അതിനാല്‍ ഇടയ്ക്കിടെ തിരുവണ്ണാമലയില്‍ വീണ്ടും ഡ്രൈവിങ് സ്‌കൂളിലെത്തി പരിശീലനം തുടരുകയാണ്.
ജീവത്തിലെ ഏറ്റവും കഠിനമായ പാത വെട്ടിതെളിച്ച് മുന്നോട്ടു നീങ്ങിയ അര്‍പ്പുതമ്മാളിന്റെ കണ്ണുകളില്‍ ഇപ്പോള്‍ കനലല്ല സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അലകള്‍ മാത്രം. കാലമെത്ര പോയാലും ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ നടക്കാത്തതായി ഒന്നുമില്ലല്ലോ..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here