കൈരളി ടി വി യിൽ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ പരിപാടിയായ മാപ്പിള പാട്ട് റിയാലിറ്റി ഷോ പട്ടുറുമാലിലൂടെ ജനശ്രദ്ധ നേടിയ പാട്ടുകാരനാണ് ഫാഹിസ് ഹംസ. ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് ഫാഹിസ് പട്ടുറുമാലിൽ എത്തുന്നത്. ഏതാണ്ട് പത്തോളം ചാനൽ റിയാലിറ്റി ഷോകളുടെ ഓഡിഷനുകളിൽ ഫാഹിസ് പങ്കെടുത്തിട്ടുണ്ടെങ്കിലും അവിടെയെല്ലാം ഈ ഇരുപത്തിയാറുകാരന്റെ മുന്നിൽ അവസരം പിന്തിരിഞ്ഞ് നിൽക്കുകയായിരുന്നു.
ജീവന് തുല്യം പാട്ടിനെ സ്നേഹിക്കുകയും, പാട്ടിന്റെ മുഴുവൻ ആത്മാവും നെഞ്ചിലേറ്റി മനസ്സ് തുറന്ന് ആലപിക്കുകയും ചെയ്യുന്ന ഗായകനാണ് ഫാഹിസ്. പട്ടുറുമാലിൽ പാടിത്തുടങ്ങിയതോടെ നിരവധി അവസരങ്ങളാണ് ഫാഹിസിന് ലഭിക്കുന്നത്.ഫാഹിസിന്റെ ഏറ്റവും വലിയ ആഗ്രഹം സിനിമയിൽ പാടണം എന്നുള്ളതായിരുന്നു. ഫാഹിസിന്റെ പാട്ടിനോടുള്ള താല്പര്യവും ഇഷ്ടവും മനസിലാക്കി സംഗീത സംവിധായകനായ ഗോപി സുന്ദർ സിനിമയിൽ പാടാൻ അവസരം നൽകിയിരിക്കുകയാണ്. മഹാറാണി എന്ന ചിത്രത്തിൽ ഗോപി സുന്ദർ സംഗീത സംവിധാനം ചെയ്തിരിക്കുന്ന ഗാനമാണ് ഫാഹിസിന് പാടാൻ അവസരം ലഭിച്ചത് . രാജീവ് ആലുങ്കൽ രചന നിർവഹിച്ചിരിക്കുന്ന ഗാനത്തിന് നവാഗതരായ ഫാഹിസ് ഉൾപ്പെടെ മൂന്ന് പേർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
തൃശ്ശൂർ സ്വദേശിയായ ഫാഹിസ് ഹംസ പാടാൻ മാത്രമല്ല പാട്ടുകൾക്ക് ഈണം നൽകുന്നതിലും മിടുക്കനാണ്. പട്ടുറുമാലിൽ കൂടെ മത്സരിക്കുന്ന മത്സരാർത്ഥിക്ക് ഫാഹിസ് തന്നെ സ്വന്തമായി പാട്ടിന് സംഗീത സംവിധാനം ചെയ്ത നൽകിയിട്ടുണ്ട്. ഫാഹിസ് സംഗീത സംവിധാനം ചെയ്തുനൽകിയ ആ ഗാനം മറ്റൊരു മത്സരാർത്ഥി വേദിയിൽ ആലപിച്ചപ്പോൾ വിധികർത്താക്കളും കാണികളും ഒരേപോലെ അമ്പരക്കുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. ആ നിമിഷം യഥാർത്ഥത്തിൽ സംഗീതം കൊണ്ടും സൗഹൃദം കൊണ്ടും വേദിയെ സമ്പന്നമാകുകയായിരുന്നു.
ഫാഹിസിന്റെ കുടുംബത്തിലെ എല്ലാ അംഗങ്ങളിലും സംഗീതമുണ്ട്. വളരെ ചെറുപ്പത്തിൽ വിവാഹം കഴിച്ച ഫാഹിസ് ഇപ്പോൾ ഒരു അച്ഛൻ കൂടെയാണ്. സംഗീതമാണ് ഫാഹിസിന്റെ ലോകം. ഈ സംഗീതം ജീവിതകാലം മുഴുവൻ കൂടെകൊണ്ടുപോകാനാണ് ഫാഹിസിന്റെ ആഗ്രഹവും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here