നിര്‍മ്മിത ബുദ്ധി (എ.ഐ) ഉന്നതവിദ്യാഭ്യാസ രംഗത്ത് തുറന്നിടുന്ന ഭാവിസാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന അന്താരാഷ്ട്ര നിര്‍മിതബുദ്ധി കോണ്‍ക്ലേവിന്റെ രണ്ടാം എഡിഷന്‍ ഡിസംബര്‍ 8, 9, 10 തീയതികളില്‍ നടക്കും. തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിലും അനുബന്ധ വേദികളിലുമായാണ് പരിപാടി നടക്കുക.
ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഐ എച്ച് ആര്‍ ഡിയാണ് അന്താരാഷ്ട്ര നിര്‍മിതബുദ്ധി കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നതെന്ന് ഉന്നതവിദ്യാഭ്യസ മന്ത്രി ഡോ. ആര്‍.ബിന്ദു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കോണ്‍ക്ലേവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ https://icgaife2.ihrd.ac.in ല്‍ ലഭിക്കും. https://icgaife2.ihrd.ac.in/index.php/registration എന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാം. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കുമടക്കം പ്രവേശനം സൗജന്യമായിരിക്കും.
കോണ്‍ക്ലേവില്‍ ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദഗ്ധരും നയരൂപീകരണത്തിനു മുന്നില്‍നില്‍ക്കുന്നവരും സര്‍ക്കാരിലെയും സ്വകാര്യമേഖലകളിലെയും ഉന്നതോദ്യോഗസ്ഥരും ഒത്തുചേരും.
വിവിധ വകുപ്പുകളും സ്ഥാപനങ്ങളും ഒരുക്കുന്ന എക്‌സിബിഷന്‍ സ്റ്റാളുകള്‍, കല-സാംസ്‌കാരിക പരിപാടികള്‍, ഫുഡ് കോര്‍ട്ട് എന്നിവയും കോണ്‍ക്ലേവിന്റെ ഭാഗമായി ഒരുക്കും.
നിര്‍മിതബുദ്ധിയുടെ ശക്തിയും വിവിധ മേഖലകളില്‍ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതും ഇതുമായി ബന്ധപ്പെട്ട് രൂപപ്പെടാവുന്ന നിര്‍ണായക പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാമെന്നും കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും.
നിര്‍മിതബുദ്ധിയും നീതിന്യായ വ്യവസ്ഥിതിയും, നിര്‍മിതബുദ്ധിയും മാധ്യമങ്ങളും, നിര്‍മിതബുദ്ധിയും നിയമനിര്‍മാണവും, നിര്‍മിതബുദ്ധിയും യുവജന ശാക്തീകരണവും, നിര്‍മിതബുദ്ധിയും ആരോഗ്യ പരിപാലനവും, നിര്‍മിത ബുദ്ധിയും വിദ്യാഭ്യാസവും കേരള സാഹചര്യത്തില്‍, നിര്‍മിത ബുദ്ധിയും സിനിമയും എന്നീ വിഷയങ്ങളില്‍ വിവിധ സെഷനുകള്‍ നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here