സര്‍ക്കാര്‍ മേഖലയിലെ വിവിധ പബ്ലിസിറ്റി തിരക്കുകള്‍ക്കിടയിലും കലാരംഗത്ത് സജീവ സാന്നിധ്യമാണ് മാടമണ്‍ ഉഷാകുമാരി. ഗാന രചന, സ്‌ക്രിപ്റ്റ്, സംവിധാനം, അഭിനയം, സ്റ്റേജ് അവതാരക, ചാനല്‍ അവതാരക തുടങ്ങി വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. മന്ത്രിസഭാ വാര്‍ഷികം, നവകേരള സദസ്സ് എന്നിവ ഉള്‍പ്പെടെ പ്രധാന സര്‍ക്കാര്‍ പ്രോഗ്രാമുകളുടെ അവതാരക കൂടിയാണ് ഉഷാകുമാരി.
കൂടാതെ ആകാശവാണിയില്‍ ചര്‍ച്ച, പ്രഭാഷണം എന്നിവയിലും ദൂര്‍ദര്‍ശനില്‍ അവതാരകയായും പ്രതിഭ തെളിയിച്ചു. ഓണപ്പാട്ടുകളും ഭക്തി ഗാനങ്ങളും ഉള്‍പ്പെടെ ഇതിനകം 14 ഗാനങ്ങള്‍ ഉഷാകുമാരി രചിച്ചിട്ടുണ്ട്. ഭക്തി ആല്‍ബങ്ങള്‍, ഡോക്യൂഫിക്ഷനുകള്‍ എന്നിവയുടെ സംവിധാനവും നിര്‍വഹിച്ചു വരുന്നു. മഹാ നവമിയോടനുബന്ധിച്ചു മലയാലപ്പുഴ മൂകാംബിക, പനച്ചിക്കാട് ദേവീക്ഷേത്രങ്ങളെ കോര്‍ത്തിണക്കി ഗാന രചനയും സംവിധാനവും നിര്‍വഹിച്ചു നിര്‍മിച്ച ‘ദേവീ വന്ദനം’ ഭക്തി ആല്‍ബം ഏറെ ശ്രദ്ധേയമായി. മുന്‍ ചീഫ് സെക്രട്ടറിയും ദേവസ്വം ബോര്‍ഡ് കമ്മിഷണറുമായിരുന്ന കെ ജയകുമാര്‍, ഗായിക അപര്‍ണ രാജീവ് ഒഎന്‍വിയ്ക്ക് നല്‍കിയാണ് ഇതിന്റെ പ്രകാശനം നിര്‍വഹിച്ചത്.
Read Also: സ്ത്രീപ്രതിഭകളെ ആദരിക്കുന്ന വേദി കൂടിയാണ് ഇത്തവണത്തെ ചലച്ചിത്രമേളയെന്ന് പ്രേംകുമാർ
ഈ വര്‍ഷത്തെ ശബരിമല മണ്ഡലകാലത്തോടനുബന്ധിച്ച് അയ്യപ്പ ഗാനവും അന്യം നിന്നു പോയ പഴയ കാല ഗ്രാമീണ ശരണം വിളികളും കോര്‍ത്തിണക്കി ഉഷാകുമാരി രചനയും സംവിധാനവും നിര്‍വഹിച്ച ‘തത്ത്വമസി’ ഭക്തി ആല്‍ബം പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പന്തളം കൊട്ടാരം മാനേജിങ് കമ്മിറ്റി സെക്രട്ടറി എം ആര്‍ സുരേഷ് വര്‍മയ്ക്ക് നല്‍കി പ്രകാശനം ചെയ്തിരുന്നു.
കോവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ വിജയകരമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, മുന്‍കരുതലുകള്‍, ജാഗ്രത പ്രവര്‍ത്തനങ്ങള്‍ എന്നിവ കോര്‍ത്തിണക്കി ഉഷാകുമാരി ഗാന രചനയും സംവിധാനവും നിര്‍വഹിച്ച് നിര്‍മിച്ച ‘കരുതല്‍’ ഡോക്യൂഫിക്ഷന്‍ അന്നത്തെ വനം വകുപ്പ് മന്ത്രി കെ രാജുവാണ് പ്രകാശനം ചെയ്തിരുന്നത്. കൂടാതെ സംസ്ഥാന ഐടി മേഖലയുടെ വളര്‍ച്ചയും പുരോഗതിയും ആസ്പദമാക്കി ഉഷാകുമാരി സംവിധാനം ചെയ്ത ‘നേര്‍ക്കാഴ്ച’ ഡോക്യൂഫിക്ഷന്‍ അന്നത്തെ ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മാത്യു ടി തോമസ് പ്രകാശനം നിര്‍വഹിച്ചിരുന്നു.
ശ്രീ നാരായണ ഗുരുവിന്റെ കാലത്തെ സ്ത്രീകളുടെ അവസ്ഥ ആസ്പദമാക്കി ഉഷാ കുമാരിയുടെ സ്‌ക്രിപ്റ്റ്, ഗാനങ്ങള്‍ എന്നിവ ഉപയോഗിച്ചു ദൂരദര്‍ശന്‍ സംപ്രേഷണം ‘നാരീ വന്ദനം’ ഡോക്യൂഫിക്ഷന്‍ ഏറെ ശ്രദ്ധേയമായി. ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ‘ഒരു നിയോഗം പോലെ’ ഷോർട്ട് ഫിലിം, ഫ്ലവേഴ്സ് ചാനല്‍ സംപ്രേഷണം ചെയ്ത ‘രാത്രി മഴ’ സീരിയല്‍ എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്. ഒന്നാം നിയമസഭയയുടെ ഒന്നാം യോഗത്തിന്റെ ഓര്‍മകള്‍ പുതുക്കുന്നതിനും ജനങ്ങളില്‍ എത്തിക്കുന്നതിനുമായി പുനരാവിഷ്‌ക്കാര ചടങ്ങ് സെക്രട്ടറിയേറ്റില്‍ സംഘടിപ്പിച്ചിരുന്നു. അതിന്റെ അവതാരക ഉഷാകുമാരി ആയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here