ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു, വിടവാങ്ങിയത് അതുല്യ പ്രതിഭ

കേരളത്തിന്‍റെ ചിത്ര, ശിൽപ്പ കലകളിലെ  അതുല്യ പ്രതിഭയായ ആർട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു. 97 വയസായിരുന്നു. മലപ്പുറം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.  ശ്വാസ കോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർധക്യസഹജമായ രോഗങ്ങളാൽ ദിവസങ്ങളായി ചികിത്സയിലായിരുന്നു. ജൂലൈ ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാ‍ഴ്ച പുലര്‍ച്ചെയാണ് അന്ത്യം.

രാവിലെ മുതൽ 12 മണി വരെ എടപ്പാൾ നടുവട്ടത്തെ വീട്ടിൽ പൊതാ ദർശനം നടക്കും. 3 മണി വരെ തൃശൂർ ലളിത കലാ അക്കാദമി ഹാളിലും പൊതു ദർശനം ഉണ്ടാകും.5.30 ഓടെ എടപ്പാളിലെ വീട്ടു വളപ്പിൽ സംസ്കാരം നടക്കും.

1925 സെപ്‌തംബർ 13ന്‌ പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരൻ നമ്പൂതിരിയുടെയും ശ്രീദേവി അന്തർജനത്തിന്‍റെയും മകനായാണ്‌ കെഎം വാസുദേവൻ നമ്പൂതിരിയെന്ന ആർടിസ്റ്റ് നമ്പൂതിരിയുടെ ജനനം.

വരയും പെയിന്‍റിങ്ങും ശിൽപ്പവിദ്യയും കലാസംവിധാനവും ഉൾപ്പെടെ കൈവച്ച മേഖലകളിലെല്ലാം അദ്ദേഹം തിളങ്ങി. രേഖാ ചിത്രങ്ങളുടെ പേരിൽ പ്രശസ്തനായിരുന്നു.  വരയുടെ പരമശിവൻ എന്നാണ് വികെഎൻ ആർട്ടിസ്റ്റ് നമ്പൂതിരിയെ വിശേഷിപ്പിച്ചിരുന്നത്. തകഴി, എം ടി, ബഷീർ, പൊറ്റക്കാട് തുടങ്ങിയവരുടെ കൃതികൾക്കായി അദ്ദേഹം ചിത്രങ്ങള്‍ വരച്ചു. നടന്‍  മോഹൻലാലിന്‍റെ ആവശ്യപ്രകാരം, ശങ്കരാചാര്യരുടെ സൗന്ദര്യലഹരി അടിസ്ഥാനമാക്കി വരച്ച പെയിന്‍റിംഗ് ഏറെ പ്രശസ്തമാണ്.

കേരളീയ ചിത്രകലയ്ക്ക് പുതിയ മാനം നൽകിയ  നിരവധി പുരസ്‌കാരങ്ങളും  അംഗീകാരങ്ങളും നമ്പൂതിരെയെ തേടിയെത്തി. പ്രതിഭാശാലിയായിരുന്നു അരവിന്ദന്‍റെ ഉത്തരായനം, കാഞ്ചനസീത സിനിമകളുടെ കലാസംവിധായകനായും പ്രവർത്തിച്ചിരുന്നു. 1974 -ൽ മികച്ച സിനിമാ കലാ സംവിധായകനുള്ള സംസ്ഥാന അവാർഡും  2003-ൽ രാജാ രവിവർമ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി.

മദ്രാസ് ഫൈൻ‌ ആർ‌ട്സ് കോളജിൽ‌ നിന്നും ചിത്രകല പഠിച്ച ആർട്ടിസ്റ്റ് നമ്പൂതിരി 1960-ൽ മാതൃഭൂമിയിൽ രേഖാ ചിത്രകാരനായതോടെ പ്രശസ്തിയാർജിച്ചു. വിവിധ പ്രസിദ്ധീകരണങ്ങളിൽ‌ ആയിരക്കണക്കിനു രേഖാചിത്രങ്ങൾ‌‌ അദ്ദേഹം വരച്ചിട്ടുണ്ട്.’നമ്പൂതിരിച്ചിത്രംപോലെ സുന്ദരം’ എന്ന ശൈലി തന്നെ മലയാളത്തിൽ ഉണ്ടായിരുന്നു. ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വിയോഗത്തോടെ മുക്കാൽ നൂറ്റാണ്ട് ചിത്രകലയിൽ നിറഞ്ഞുനിന്ന വരയുടെ ലാളിത്യമാണ് വിട വാങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News