‘ആ ചിത്രം വാങ്ങാന്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചു, പക്ഷേ നല്‍കാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല’;

ഇന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് അന്‍പത് വയസ് തികഞ്ഞിരിക്കുകയാണ്. സച്ചിന്‍ ആരാധകരുടെ ഭാഷയില്‍ പറഞ്ഞാല്‍ സച്ചില്‍ ജീവിതത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. സച്ചിനൊപ്പം നിമിഷങ്ങള്‍ ചെലവഴിക്കാന്‍ സാധിച്ച ഒരു മലയാളി ചിത്രകാരനുണ്ട്. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ രതീഷ്. ഇക്കഴിഞ്ഞയിടയ്ക്ക് നിതാ അംബാനി കള്‍ച്ചറല്‍ സെന്ററിലെ ആര്‍ട്ട് ഹൗസില്‍ വച്ചായിരുന്നു രതീഷ് സച്ചിനെ കാണുന്നത്. ‘സംഘം കോണ്‍ഫ്‌ളുവെന്‍സ്’ എന്ന പേരില്‍ നടന്ന ചിത്രപ്രദര്‍ശനത്തില്‍ രതീഷിന്റെ ചിത്രങ്ങളുമുണ്ടായിരുന്നു. അന്ന് രതീഷിന്റെ ഒരു ചിത്രം സച്ചിന് ഏറെ ഇഷ്ടമായി. എന്നാല്‍ ആ ചിത്രം നല്‍കാന്‍ രതീഷിന് നിര്‍വാഹമുണ്ടായിരുന്നില്ല.

ലോകത്തെ ഏറ്റവും മികച്ച കലാകാരന്മാര്‍ പങ്കെടുത്ത പ്രദര്‍ശനം എന്ന നിലയില്‍ ഏറെ കൗതുകത്തോടെയാണ് ‘സംഘം കോണ്‍ഫ്‌ളുവെന്‍സി’ല്‍ പങ്കെടുത്തതെന്ന് രതീഷ് പറയുന്നുണ്ട്. അവിടെ വച്ചാണ് അപ്രതീക്ഷിതമായി ക്രിക്കറ്റ് ഇതിഹാസത്തെ കാണുന്നത്. കലാപ്രദര്‍ശനം കണ്ടതുകൊണ്ടുതന്നെ സച്ചിന്‍ തന്നെ പെട്ടെന്ന് തിരിച്ചറിഞ്ഞുവെന്ന് രതീഷ് പറയുന്നു. സച്ചിന്‍ പുഞ്ചിരിച്ചുകൊണ്ട് തന്റെ അടുത്ത് വരികയും ഹസ്തദാനത്തിനായി കൈ നീട്ടുകയും ചെയ്തു. തന്റെ ചിത്രങ്ങള്‍ കണ്ടിട്ടുണ്ടെന്നും അവ മനോഹരങ്ങളായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സൈലന്റ് ഡയലോഗ് എന്ന തന്റെ ചിത്രത്തെ അദ്ദേഹം ഏറെ പ്രശംസിച്ചു.

ആ ചിത്രം കണ്ടപ്പോള്‍ സച്ചിന് തന്റെ മകള്‍ സാറയെ ഓര്‍മവന്നുവെന്നും അത് വാങ്ങാന്‍ താത്പര്യമുണ്ടെന്നും അറിയിച്ചു. അത് തന്നെ നിരാശനാക്കി, കാരണം ആ ചിത്രം അദ്ദേഹത്തിന് നല്‍കാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. പാരീസിലെ മാക്‌സ് മോഡസ്റ്റി എന്ന ആര്‍ട്ട് കളക്ടറുടെ കയ്യിലേക്ക് ആ ചിത്രം പോയിരുന്നുവെന്ന വിവരം സച്ചിനെ അറിയിച്ചു. ഒരു പരിഭവവുമില്ലാതെ പുഞ്ചിരിയോടെ അദ്ദേഹം ഓകെ പറയുകയാണ് ചെയ്തത്. സച്ചിന്റെ ആ എളിമ തന്നെ അത്ഭുതപ്പെടുത്തി. ഇനി ഇത്തരം ചിത്രങ്ങള്‍ ചെയ്യുമ്പോള്‍ അറിയിക്കാമെന്ന് താന്‍ അദ്ദേഹത്തോട് പറഞ്ഞുവെന്നും രതീഷ് ഓര്‍ക്കുന്നു. രതീഷിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News