“അച്ഛന്‍ സന്തോഷവാനായിരിക്കുന്നു”; പിറന്നാള്‍ ദിനത്തില്‍ വി എസിന്റെ മകന്‍ അരുണ്‍കുമാര്‍

വി എസ് അച്യുതാനന്ദന്‍ സന്തോഷവാനായിരിക്കുന്നുവെന്ന് മകന്‍ അരുണ്‍ കുമാര്‍. വി എസ് ഇപ്പോഴും എല്ലാം കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുന്നുണ്ടെന്നും അച്ഛന്‍ ആരോഗ്യവാനായിരിക്കുന്നുവെന്നും അരുണ്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഡോക്ടർമാരുടെ കർശന നിർദേശമുള്ളതിനാൽ പിറന്നാൾ ആഘോഷമൊക്കെ വീടിന് പുറത്താണെന്നും മകൻ വി.എസ് അരുൺകുമാർ  പറഞ്ഞു.

“ഡോക്ടർമാർ പറയുന്ന ജീവിതചര്യയാണ് അച്ഛനിപ്പോൾ. അതുകൊണ്ടു തന്നെ പിറന്നാളാഘോഷമൊക്കെ വീടിന് പുറത്താണ്. മഴയൊക്കെ ആയത് കൊണ്ട് ഇൻഫെക്ഷൻ ഉണ്ടാവാൻ ചാൻസ് ഉള്ളതിനാലാണത്. വയ്യാതിരിക്കുന്നത് കാരണം ഇത്തവണ സദ്യയില്ല. അച്ഛൻ സന്തോഷത്തോടെ തന്നെയിരിക്കുന്നു. വാർത്ത വായന, ടിവി കാണൽ തുടങ്ങി തുടങ്ങി പതിവ് കാര്യങ്ങളൊക്കെ അതേപടി നടന്നു പോകുന്നുണ്ട്”. അരുൺകുമാർ പറഞ്ഞു.

Also Read : 103 തികഞ്ഞ പാര്‍ട്ടിക്ക് 100 തികഞ്ഞൊരു നേതാവ്; ഒരേ ഒരു പേര് വി എസ്

തിരുവനന്തപുരം നഗരത്തിലെ ബാര്‍ട്ടണ്‍ ഹില്ലില്‍ മകന്‍ ഡോ. വി എ അരുണ്‍കുമാര്‍ നിര്‍മിച്ച വീട്ടിലാണ് വി എസ് ഇപ്പോള്‍. നാലുവര്‍ഷം മുമ്പാണ് ‘വേലിക്കകത്ത്’ എന്നു പേരിട്ട ഈ വീട്ടിലേക്ക് താമസം മാറിയത്. ആ വീട്ടിലിരുന്ന് വി എസ് ഇപ്പോഴും എല്ലാം കാണുകയും കേള്‍ക്കുകയും അറിയുകയും ചെയ്യുന്നുണ്ടെന്ന് മകന്‍ അരുണ്‍കുമാര്‍ പറഞ്ഞു. വി എസ്സിന്റെ നൂറാം പിറന്നാളിനോടനുബന്ധിച്ച് കേരളത്തില്‍ പല ഭാഗങ്ങളിലും പ്രവര്‍ത്തകര്‍ മധുരം പങ്കുവെച്ചാണ് സന്തോഷം പങ്കിടുന്നത്.

അതേസമയം വിഎസ്സിന് പിറന്നാള്‍ ആശംസകള്‍ നല്‍കി മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി പ്രമുഖ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വി എസ് അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റ്

ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേത്. കേരളത്തെ ഇന്നത്തെ കേരളമാക്കി മാറ്റിയെടുക്കുന്നതില്‍ വി എസ് അടക്കമുള്ള നേതാക്കള്‍ വഹിച്ചിട്ടുള്ള പങ്ക് അനിഷേധ്യമാണ്.

ഐക്യകേരളം രൂപപ്പെടുന്നതിനു മുമ്പ് സ്വേച്ഛാധിപത്യത്തിനും രാജാധികാരത്തിനും ജന്മിത്വത്തിനും സാമ്രാജ്യത്വത്തിനും എല്ലാമെതിരെ ഉജ്ജ്വലമായ സമരങ്ങള്‍ അദ്ദേഹം നയിച്ചു. ഐക്യകേരളം രൂപീകരിക്കപ്പെട്ടശേഷം ജനകീയ സമരങ്ങളിലൂടെയും ജനപ്രതിനിധി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. എന്നും അധ്വാനിക്കുന്ന ജനവിഭാഗങ്ങളോടൊപ്പം, ചൂഷണത്തിനെതിരെ നിലകൊണ്ടിട്ടുള്ള നേതാവാണ് വി എസ്.

1940 ല്‍ 17-ാം വയസ്സില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായ വി എസ് പിന്നീട് സി പി ഐ എം കെട്ടിപ്പടുക്കുന്നതിലും അതിനെ വലിയ രാഷ്ട്രീയ ശക്തിയാക്കി ഉയര്‍ത്തിയെടുക്കുന്നതിലും സുപ്രധാനമായ പങ്കുവഹിച്ചു. 1964 ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഭിന്നിപ്പുണ്ടായപ്പോള്‍ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി പി ഐ (എം) രൂപീകരിച്ച 32 പേരില്‍ ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്ന ഏക നേതാവാണ് വി എസ്. സി പി ഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയായും പോളിറ്റ് ബ്യൂറോ അംഗമായും അദ്ദേഹം ഉയര്‍ന്നു.

Also Read: ഒപ്പമിറങ്ങിയ വി എസിന് വിപ്ലവാഭിവാദ്യങ്ങൾ; ആശംസകള്‍ നേര്‍ന്ന് എൻ ശങ്കരയ്യ

കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനും കയര്‍ത്തൊഴിലാളികളുടെ സമരത്തിനു നേതൃത്വം നല്‍കുന്നതിനും തന്റെ കൗമാരവും യൗവ്വനവും അദ്ദേഹം ഉപയോഗിച്ചു. പുന്നപ്ര വയലാര്‍ സമര ഘട്ടത്തില്‍ തന്നെ ശ്രദ്ധേയനായിരുന്നു വി എസ് എന്നു നമുക്കറിയാം. ആ കാലത്തെ ഇന്നത്തെ കാലവുമായി ബന്ധിപ്പിച്ചു നിര്‍ത്തുന്ന വിലപ്പെട്ട കണ്ണിയാണ് ആ ജീവിതം. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അദ്ദേഹം തീവ്രമായ സമരോത്സുകത പ്രകടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണം അടക്കമുള്ള മേഖലകളില്‍ ആ സമരോത്സുകത പടര്‍ന്നു.
തന്റെ ജീവിതത്തിലുടനീളം നിസ്വവിഭാഗങ്ങളോടൊപ്പം നിലകൊള്ളുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതുകൊണ്ടുതന്നെ വി എസിന് നൂറു വയസ്സു തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും മാത്രമല്ല നാടിനാകെത്തന്നെയും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാണ്. സഖാവ് വി എസിന് പിറന്നാള്‍ ആശംസകള്‍ നേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News