റോഡിൽ നടക്കുവാൻ ഭയമുണ്ട്, എന്തെങ്കിലും സംഭവിച്ചാൽ ഓറഞ്ച് ഷോൾ ധരിച്ച അമ്പതോളം ആളുകൾ എത്തും, അവർക്കറിയാം ഞാനാരാണെന്ന്: അരുന്ധതി റോയ്

രാജ്യത്ത് നടക്കുന്ന ഫാസിസ്റ്റ് അധിനിവേശത്തെ കുറിച്ച് സംസാരിച്ച് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ അരുന്ധതി റോയ്. തീർച്ചയായും ഇത് വളരെ വ്യത്യസ്തമായൊരു കാലഘട്ടമാണെന്ന് അരുന്ധതി റോയ് പറഞ്ഞു. റോഡിൽ നടക്കുവാൻ തനിക്ക് ഭയമുണ്ടെന്നും, ചെറുതായി എന്തെങ്കിലും സംഭവിച്ചാൽ ഓറഞ്ച് ഷോൾ ധരിച്ച അമ്പതോളം ആളുകൾ എത്തും, അവർക്ക് താനാരാണെന്ന് അറിയാമെന്നും അഞ്ചാമത് നവമലയാളി പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് തൃശൂർ സാഹിത്യ അക്കാദമിയിൽ വച്ച് നടത്തിയ പ്രഭാഷണത്തിൽ എഴുത്തുകാരി പറഞ്ഞു.

ALSO READ: അതിര്‍ത്തി വഴി ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ച മദ്യകുപ്പികള്‍ പിടികൂടി

അരുന്ധതി റോയ് നടത്തിയ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം

ലോകമെങ്ങും ജീവിക്കുന്നതിനാൽ എനിക്കറിയാം എന്തുതരം സുന്ദരലോകമാണ് കേരളമെന്ന്. എന്തെങ്കിലും തരത്തിലുള്ള ആധിപത്യ മനോഭാവത്തോടെയല്ല ഞാനിത് പറയുന്നത്. നമ്മുടെ സൗന്ദര്യങ്ങളെന്താണെന്നും നമ്മുടെ കരുത്തെന്താണെന്നും എനിക്ക് കൃത്യമായി അറിയാം. പലതരം വ്യത്യസ്തരായ മനുഷ്യർ ഒരുമിച്ച് ജീവിക്കുന്നു. അതാണ് ഈ ഭരണകൂടം നമ്മുടെ ദൗർബല്യമാക്കി മാറ്റിയെടുക്കാൻ ശ്രമിക്കുന്നത്. അത് സംഭവിക്കാൻ നമ്മൾ അനുവദിക്കരുത്. അതിനായി നമ്മളെങ്ങനെ പെരുമാറുന്നു എന്നത് നമ്മൾ ഓരോരുത്തരോടും വളരെ ശ്രദ്ധയോടെ ചെയ്യണം.

ALSO READ: കോസ്റ്ററിക്കന്‍ ഫുട്‌ബോളറെ കടിച്ചുകൊന്ന ശേഷം മൃതദേഹവുമായി നീങ്ങുന്ന മുതല; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

നമ്മൾ കൂടുതലായും കോളോണിയലിസം എന്ന വാക്കിനോട് ചേർത്തുവെക്കുന്നത് ബ്രിട്ടീഷ് കൊളോണിയലിസം, ഡച്ച് കൊളോണിയലിസം എന്നീ ആശയങ്ങൾ മാത്രമാണ്. ഈ രാജ്യത്തും നമ്മൾ അധിനിവേശകരാണ്. ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന് ശേഷം ഇന്ത്യൻ സൈന്യത്തെ സ്വന്തം ജനതയ്ക്ക് മേൽ ഉപയോഗിക്കാതിരുന്ന ഒരു നിമിഷം പോലുമുണ്ടായിട്ടില്ല. ജാതിയും ഒരു തരത്തിലുള്ള കൊളോണിയലിസമാണ്. ചില ഭാഷകൾ മറ്റു ഭാഷകൾക്ക് മേൽ അധിനിവേശം നടത്തുന്നു. ഇന്ന് നമ്മുടെ രാജ്യത്ത് നടക്കുന്നതെല്ലാം കാണുമ്പോൾ വിശ്വമാനവികത (cosmopolitanism) മാത്രമാണ് ഫാസിസത്തോടുള്ള ഒരേയൊരു ഉത്തരം എന്നാണ് എനിക്ക് തോന്നുന്നത്. കാരണം അവർ ശ്രമിക്കുന്നത് നമ്മളെ ലോക്കലിസത്തിലേക്ക് ചുരുക്കി തമ്മിലടിപ്പിക്കുവാനാണ്.

ALSO READ: വ്യവസായങ്ങളുടെ ഹബ്ബായി കേരളം മാറും; കൂടുതൽ നിക്ഷേപത്തിന് നീറ്റാ ജലാറ്റിൻ ഗ്രൂപ്പ്; കൂടിക്കാഴ്ച നടത്തി മന്ത്രി പി രാജീവ്

എഴുത്ത് തുടങ്ങുന്നതിന് മുമ്പും ഒരു അരുന്ധതി റോയ് ഉണ്ട്. കേരളത്തിൽ വളർന്ന അരുന്ധതി റോയ്. എന്റെ അമ്മ വിവാഹം ചെയ്തത് ഒരു ബംഗാളിയെയാണ്. എനിക്ക് മൂന്നും എന്റെ സഹോദരന് നാലും വയസ്സുള്ളപ്പോൾ അമ്മ വിവാഹമോചിതയായി. ഞങ്ങൾ കേരളത്തിലേക്ക് തിരിച്ചുവന്നു. ആ സമയത്ത് എല്ലാവരും പറയുമായിരുന്നു ഞങ്ങൾ വിലാസമില്ലാത്ത കുട്ടികളാണെന്ന്. ഞങ്ങൾ തറവാടില്ലാത്ത കുട്ടികളായിരുന്നു. കൃത്യമായ ബ്ലഡ്‌ലൈൻ ഇല്ലാത്ത കുട്ടികളായിരുന്നു. എനിക്ക് പതിനാറോ പതിനേഴോ പ്രായമുള്ളപ്പോൾ തന്നെ ആളുകൾ എന്റെ അമ്മയോട് പറയുമായിരുന്നു, ഇവളെ നല്ലൊരു സിറിയൻ ക്രിസ്ത്യൻ യുവാവ് കല്യാണം കഴിക്കാൻ സാധ്യതയില്ല എന്ന്. എന്നെ അങ്ങനെയൊരു സിറിയൻ ക്രിസ്ത്യൻ യുവാവ് കല്യാണം കഴിക്കേണ്ട ആവശ്യമില്ല എന്ന് പറയാൻ ഞാൻ പഠിച്ചു. വിവാഹം കഴിക്കരുതെന്ന് പറയുന്ന ചുരുക്കം ചില അമ്മമാരിൽ ഒരാളാണ് എന്റെ അമ്മ. ഞാനത് വളരെ കാര്യമായെടുത്തു. സ്ത്രീധനത്തെക്കുറിച്ച് സംസാരിക്കുന്ന, ധനികരായ സിറിയൻ ക്രിസ്ത്യൻ സ്ത്രീകളുടെ ഒരു മീറ്റിങ്ങിൽ അമ്മയ്‌ക്കൊപ്പം ഞാൻ പോയി. അമ്മ അവരോടെല്ലാം കയർത്തു സംസാരിക്കുകയായിരുന്നു. ഞാൻ പറഞ്ഞു, “മകൾക്ക് എന്തെങ്കിലും കൊടുക്കണമെന്നുണ്ടെങ്കിൽ അത് സ്ത്രീധനമായിട്ടല്ലാതെയും കൊടുക്കാമല്ലോ? എന്തിനാണ് കല്യാണം എന്നൊരു അറേഞ്ച്‌മെന്റ് ഉണ്ടാക്കി അതിലൂടെ കൊടുക്കുന്നത്?” ഒരു സ്ത്രീ എന്നോടു പറഞ്ഞു, അവളെ ബോൾഡ് ആക്കി വളർത്തിയെടുത്തതാണ്, ബോൾഡായ സ്ത്രീകൾക്ക് ഒരിക്കലും നല്ല വിവാഹ ജീവിതം ഉണ്ടാകില്ല എന്ന്. ഞാൻ പറഞ്ഞു, എന്നെ ബോൾഡാക്കി തന്നെയാണ് വളർത്തിയത്, എനിക്കൊരുപാട് നല്ല വിവാഹങ്ങൾ ഉണ്ടായിട്ടുണ്ട്!

ALSO READ: ഭൂപതിവ് ഭേദഗതി ബില്‍: കര്‍ഷകരുടെ ആശങ്കകള്‍ അകറ്റാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം: മന്ത്രി റോഷി അഗസ്റ്റിന്‍

ഞാനെപ്പോഴും സഹനങ്ങളിലൂടെമാത്രം വളർന്നൊരാളല്ല, ഞാൻ സന്തോഷിക്കുകയും ചെയ്തിട്ടുണ്ട്. നമുക്ക് സന്തോഷിക്കാനുള്ള അവകാശമുണ്ട്. നമുക്ക് സ്വതന്ത്രരാകാനുള്ള അവകാശമുണ്ട്. നമുക്ക് ആളുകളെ സ്‌നേഹിക്കാനും സ്‌നേഹിക്കുന്നത് അവസാനിപ്പിക്കാനുമുള്ള അവകാശമുണ്ട്. നമുക്കിഷ്ടമുള്ളതെന്തുതന്നെ ആയാലും അതെല്ലാം ചെയ്യാനുള്ള അവകാശം നമുക്കുണ്ട്. ഇതെല്ലാം എന്റെ എഴുത്തിൽ തെളിയാറുണ്ട്. ഇത്തരം സംഘർഷങ്ങളെയെല്ലാം നേരിടുമ്പോഴും നമ്മൾ സ്വന്തം സന്തോഷത്തെ ചേർത്തുപിടിക്കുക തന്നെ വേണം. സങ്കടപ്പെട്ടിരിക്കുക എന്നതല്ല ഫെമിനിസം. ഫെമിനിസം എന്നാൽ സ്വതന്ത്രരായിരിക്കുക എന്നാണ്. ഒരു സ്ത്രീ എന്ന നിലയിൽ നിങ്ങളുടെ മുഴുവൻ സ്‌പെക്ട്രം എന്താണെന്ന് മനസ്സിലാക്കുന്നതാണ് ഫെമിനിസം. സ്വന്തം ചിന്തകളെക്കുറിച്ച് ചിന്തിക്കാനുള്ള സ്വാതന്ത്ര്യമുള്ളിടത്തുനിന്നാണ് കല ഉണ്ടാകുന്നത്.

ALSO READ: ഭൂപതിവ് ഭേദഗതി ബില്‍: കര്‍ഷകരുടെ ആശങ്കകള്‍ അകറ്റാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യം: മന്ത്രി റോഷി അഗസ്റ്റിന്‍

ഒരു എഴുത്തുകാരിയെന്ന നിലയിൽ ഞാനെന്താണ് എന്നാണ് ഇത്രയും പറഞ്ഞത്. കഴിഞ്ഞ 25 വർഷങ്ങളോളമായി ഞാൻ എഴുതുന്നു. ഇന്നെനിക്ക് നിങ്ങളോട് പറയാനുള്ളത്, ആഗോളവൽക്കരണത്തെക്കുറിച്ചും ഇടം ഇല്ലാതാക്കലിനെക്കുറിച്ചും ഇവിടെ തീവ്രമായിക്കൊണ്ടിരിക്കുന്ന ഫാസിസത്തെക്കുറിച്ചുമാണ്. നമുക്ക് കുറച്ചൊക്കെ അറിയാം. പക്ഷെ ഇന്ന് നമ്മൾ വ്യത്യസ്തമായൊരു ഘട്ടത്തിലാണ്. കേരളത്തിൽ നിങ്ങൾക്കാർക്കും അത് മനസ്സിലാക്കാൻ കഴിയില്ല. കാരണം നിങ്ങളിപ്പോഴും താരതമ്യേന ബൗദ്ധികവും, താരതമ്യേന രാഷ്ട്രീയമായി അവബോധമുള്ളവരും ആണ്. പക്ഷെ രാജ്യത്തിന്റെ ബാക്കിയിടങ്ങളിൽ എല്ലാം മറ്റൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഞാൻ തെരഞ്ഞെടുപ്പിനെ കുറിച്ചോ ആരായിരിക്കും അടുത്ത തെരഞ്ഞെടുപ്പിൽ വിജയിക്കുക എന്നതിനെക്കുറിച്ചൊന്നുമല്ല സംസാരിക്കുന്നത്. വളരെ മോശമാണ് സ്ഥിതിഗതികൾ. എനിക്ക് നിരവധി സുഹൃത്തുക്കളുണ്ട്, കേരളത്തിലും ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും, ഫെമിനിസ്റ്റുകളായ സുഹൃത്തുക്കൾ. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ ചരിത്രത്തെക്കുറിച്ചും ബലാൽക്കാരത്തെ യുദ്ധകാല ഉപകരണമാക്കിയ ഭരണകൂടങ്ങളെ കുറിച്ചും അവർ സംസാരിക്കുന്നു. ഇന്ന് നമ്മൾ ഉള്ളത് സ്ത്രീകൾ റേപ്പിനെ നീതീകരിക്കുന്ന സാഹചര്യത്തിലാണ്. സ്ത്രീകൾ മറ്റു സ്ത്രീകളെ റേപ്പ് ചെയ്യുവാൻ പുരുഷന്മാരോട് പറയുകയാണ്.

ALSO READ: അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചു; പരിശോധനയിൽ പുതുതായി 13,939 പ്രവാസികൾ കൂടി അറസ്റ്റിൽ

ഞാൻ മണിപ്പൂരിനെക്കുറിച്ച് മാത്രമല്ല പറയുന്നത്. ഞാൻ സംസാരിക്കുന്നത് ഒന്നിലധികം കേസുകളെക്കുറിച്ചാണ്, ഹാത്രസിലായാലും ജമ്മു കശ്മീരിലായാലും ആര് ആരെയാണ് റേപ്പ് ചെയ്യുന്നത് എന്നതിനെ അനുസരിച്ച് സ്ത്രീകൾ ആ സമുദായത്തിനു വേണ്ടി നിലകൊള്ളുകയാണ്. നമ്മളൊരു സൈക്കോട്ടിക് അവസ്ഥയിലാണ്. ഹരിയാനയിൽ ഈയടുത്തായി രണ്ട് മുസ്ലീം യുവാക്കളെ ജീവനോടെ കത്തിച്ചുകൊന്ന കേസിൽ കുറ്റാരോപിതനായ ഒരാൾ ഒരു മതജാഥ നയിക്കുന്നതാണ് നമ്മൾ കണ്ടത്. ഒരു സ്ത്രീയെ പൊലീസ് ആൾക്കൂട്ടത്തിന് കൈമാറുന്ന സാഹചര്യമുണ്ടായിട്ടുണ്ട്, റേപ്പ് ചെയ്യാൻ വേണ്ടി വിട്ടുകൊടുക്കുകയാണ്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഓഫീസർ ഒരു ട്രെയ്‌നിൽ ബോഗികളിലൂടെ നടന്ന് മുസ്ലീങ്ങളെ വെടിവെക്കുകയാണ്. എന്നിട്ട് നിങ്ങൾ മോദിക്ക് വോട്ട് ചെയ്യണമെന്ന് പറയുന്നു. ഈ മനുഷ്യന് ഭ്രാന്താണ് എന്നു പറയുന്നത് തെറ്റാണ്, അയാൾ സ്വബോധമുള്ളയാളാണ്. ഈ മനുഷ്യൻ രാപ്പകലില്ലാതെ എല്ലാ വലതുപക്ഷ, വർഗീയ പ്രചരണങ്ങളും ഉള്ളിലേക്കെടുക്കുന്നയാളാണ്. തീർച്ചയായും ഇത് വളരെ വ്യത്യസ്തമായൊരു കാലഘട്ടമാണ്. റോഡിൽ നടക്കുവാൻ എനിക്ക് ഭയമുണ്ട്. ചെറുതായി എന്തെങ്കിലും സംഭവിച്ചാൽ ഓറഞ്ച് ഷോൾ ധരിച്ച അമ്പതോളം ആളുകൾ എത്തും. അവർക്കറിയാം ഞാനാരാണെന്ന്. എന്റെ കാര്യം മാത്രമല്ല ഞാൻ പറയുന്നത്, നിങ്ങളൊരു മുസ്ലീം ആണെന്ന് സങ്കൽപിക്കൂ. ഒരു പാർക്കിങ് പ്രശ്നം ഉണ്ടായാൽ അത് അയാളുടെ മരണത്തിന് വരെ കാരണമായേക്കാം. അവിടെ ഒരു ലിഞ്ചിങ് നടക്കാം. ഡൽഹിയിൽ നിന്നും അലിഗഢിലേക്ക് രക്ഷിതാക്കളെ കാണാൻ പോകുന്നതിനിടെ കൊല്ലപ്പെട്ടേക്കാം. ഇതാണ് നമ്മളിപ്പോൾ ജീവിക്കുന്ന രാജ്യം. നമ്മളൊന്നും ഇതേപ്പറ്റി പറയുന്നില്ല എന്നതിൽ ലജ്ജിക്കാം. മണിപ്പൂരിൽ, ഒരു ആഭ്യന്തരയുദ്ധമാണ് നടക്കുന്നതെന്ന് പറയാൻ എനിക്കാഗ്രഹമുണ്ട്. പക്ഷേ അതൊരു ആഭ്യന്തരയുദ്ധമല്ല, ഒരുതരം വംശീയ ഉന്മൂലനമാണ് നടക്കുന്നത്. സ്റ്റേറ്റ് മുൻവിധികളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുകയാണ്.

ALSO READ: ലക്ഷദ്വീപിൽ മദ്യം വേണോ? ; പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടി സർക്കാർ

മണിപ്പൂരിനെ സഹായിക്കാൻ കേരളവും ശ്രമിക്കണം. അങ്ങോട്ടേക്ക് വസ്തുതാന്വേഷണ സംഘത്തെ അയക്കണം. സഹായങ്ങൾ‍ നൽകണം. പക്ഷെ, എങ്ങനെയാണ് മണിപ്പൂരിനെ സഹായിക്കേണ്ടതെന്ന് നമുക്കറിയില്ല. കാരണം അവിടെ നടക്കുന്നതെന്താണ് എന്ന് നമുക്കറിയില്ല. അവിടെ ഇന്റർനെറ്റ് ഷട്ട് ഡൗൺ ആണ്. സ്ത്രീകളെ റേപ് ചെയ്ത് നഗ്നരാക്കി നടത്തിക്കുകയാണ്. മുസ്ലീംങ്ങളുടെ വീടുകൾ പ്രത്യേകം അടയാളമിട്ടുവെക്കുകയാണ്. അവരാ വീടുകൾ വിട്ടുപോകുകയാണ്. പ്രധാനമന്ത്രി ട്വീറ്റ് ചെയ്യുന്നത് ഇന്നലെ രാത്രി അത്താഴത്തിന് ഞാൻ അപ്പം കഴിച്ചു എന്നാണ്. അതാണ് നമ്മുടെ പ്രധാനമന്ത്രി. നമ്മുടെ സംസ്ഥാനത്തിന്റെ അതിർത്തികൾക്കപ്പുറത്ത് പോലും തീയെരിയുന്നുണ്ട് എന്നതിൽ നമുക്കൊരിക്കലും സംശയമുണ്ടാകാൻ പാടില്ല. അതേതു സമയത്തും നമ്മുടെ സംസ്ഥാനത്തിലേക്കും കടക്കാം. കേരളത്തിലേക്ക് വരുമ്പോൾ ചിലപ്പോൾ ഞാൻ ആലോചിക്കാറുണ്ട്, ഇവിടെയായിരിക്കുന്നതിന്റെ സന്തോഷത്തെക്കുറിച്ച്. പക്ഷെ, നമുക്കരികിൽ തീ എരിയുകയാണ് എന്ന് ആളുകൾ തിരിച്ചറിയുന്നുണ്ടോ?

ALSO READ: സംവിധായകൻ സിദ്ധിഖിന് ഹൃദയാഘാതം, കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു: നില ഗുരുതരമെന്ന് റിപ്പോർട്ടുകൾ

ഇന്നത്തെ സാഹചര്യം എത്ര അപകടം നിറഞ്ഞതാണെന്ന് എനിക്ക് നിങ്ങളോട് വിശദീകരിക്കാൻ കഴിയില്ല. പുറത്താക്കൽ, ഇല്ലാതാക്കൽ എന്നീ വാക്കുകളാണ് നമ്മൾ കേൾക്കുന്നത്. ഈ വാക്കുകൾ ഇപ്പോൾ മണിപ്പൂരിന്റെയും ഹരിയാനയുടെയും തെരുവുകളിൽ ഉറക്കെ കേൾക്കാം. മുമ്പ് ഈ ഭാഷ അടഞ്ഞ ചില ഗ്രൂപ്പുകളിലെ സ്വകാര്യ സംസാരങ്ങളിൽ മാത്രമായിരുന്നു. ആളുകൾ കശ്മീർ ഫയൽസ് കാണാൻ തിയേറ്ററിൽ പോകുന്നു, മുസ്ലീം സ്ത്രീകളെ റേപ് ചെയ്യുമെന്ന് പറയുന്നു. ആളുകൾ വാളുകളും തോക്കുകളുമായി തെരുവിലിറങ്ങുകയാണ്. ഹരിയാനയിലെ നൂഹിൽ മാർച്ച് നടത്തിയ ഒരാൾ പറഞ്ഞു, തയ്യാറായിരിക്കൂ നിങ്ങളുടെ മരുമകൻ വരികയാണെന്നാണ്. അതിന്റെ അർത്ഥം അയാൾ നിങ്ങളുടെ സ്ത്രീകളെ റേപ് ചെയ്യുമെന്നാണ്. അതിൽ ആർക്കും ഒരു കുഴപ്പവും തോന്നുന്നില്ല. അയാൾ പൊലീസിനൊപ്പം പോസ് ചെയ്ത് ഫോട്ടോ എടുക്കുകയാണ്. നോർത്ത് ഈസ്റ്റ് ഡൽഹിയിൽ മുസ്ലീംങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിനിടെ ഡൽഹി പൊലീസ് റോഡിൽ വീണ് മരണാസന്നരായ മുസ്ലീം യുവാക്കളെ ചവിട്ടുകയും അവരെക്കൊണ്ട് ദേശീയഗാനം ചൊല്ലിക്കുകയും ചെയ്ത സംഭവമുണ്ടായി.

ALSO READ: മുംബൈ ട്രെയിനിലെ കൂട്ടക്കൊല; പ്രതി ചേതന്‍ സിംഗിനെതിരെ മതസ്പര്‍ധാവകുപ്പ് ചുമത്തി
ചരിത്രം എങ്ങനെയാകും നമ്മളെ ഓർമ്മിക്കുന്നത്? നമ്മൾ ഓരോരുത്തരെയും? അവാർഡുകൾ കിട്ടുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷെ ഞാൻ തിരിച്ചറിയുന്നത് ‍ഞാനൊരു വലിയൊരു പരാജയമാണ് എന്നാണ്. കാരണം ഞാൻ പറഞ്ഞുകൊണ്ടിരുന്ന ഒന്നിനും ഇവിടെ ഒരു മാറ്റവുമുണ്ടായിട്ടില്ല. പക്ഷെ എനിക്ക് അവാർഡുകൾ കിട്ടിക്കൊണ്ടിരുന്നു. അതെനിക്ക് കുറേ റോയൽറ്റി തരുന്നു. ആളുകൾ പറയും ഞാനൊരു വരേണ്യ വ്യക്തിയാണെന്ന്. അതെ ഞാനൊരു വരേണ്യ വ്യക്തിയാണ്. എന്റെ പുസ്തകങ്ങൾക്ക് കിട്ടുന്ന റോയൽറ്റി ആണ് എന്റെ വരേണ്യത വരുന്ന ഒരേയൊരു സ്ഥലം. അതിലും കാര്യമില്ലെങ്കിൽ എന്താണ് കാര്യം? നമ്മളെല്ലാം ഇവിടെ ഇരിക്കുമ്പോൾ വയലൻസ് തുടരുകയാണ്. എന്റെ ഇരുപത്തിയഞ്ചുവർഷത്തെ എഴുത്തുകളെല്ലാം പല ഘട്ടങ്ങളിലൂടെ കടന്നുപോകുന്നവയാണ്. അവയെല്ലാം ഇന്നത്തെ കാലഘട്ടത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളായിരുന്നു. ഇന്ന് എല്ലാം കത്തിക്കൊണ്ടിരിക്കുകയാണ്. എനിക്ക് അവാർഡ് തുകയായി തന്നത് ഒരു ലക്ഷം രൂപയാണ്, അതിന് ഞാൻ നന്ദി പറയുന്നു. എന്നെ അത് അസ്വസ്ഥമാക്കുന്നുണ്ട്. ഞാനെഴുതുന്നു, പുസ്തകങ്ങൾ വിൽക്കുന്നു, പണമുണ്ടാക്കുന്നു, അത് ഞാൻ ഐക്യദാർഢ്യങ്ങൾക്കായിട്ടാണ് ചെലവാക്കുന്നത്. അപ്പോഴും അതേപ്പറ്റി ഞാൻ വളരെ വളരെ ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം, എൻ.ജി.ഒകളുടെ അപകടങ്ങളെക്കുറിച്ചും ചാരിറ്റിയുടെ കുഴപ്പങ്ങളെക്കുറിച്ചും ഞാനെഴുതിയിട്ടുണ്ട്. ഞങ്ങൾ ഒരു കൂട്ടം ആക്റ്റിവിസ്റ്റുകൾ, അഭിഭാഷകർ, എന്തുചെയ്യണം എന്ന് കുറേയധികം ചിന്തിക്കാറുണ്ട്. സാഹിത്യത്തിലൂടെ നേടുന്ന പണത്തിന് അതിന്റേതായ സൗന്ദര്യമുണ്ട്. ഈ പണം മറ്റാളുകളിലേക്കും പോകാനുള്ളതാണ്. എഴുതാനും സിനിമകളുണ്ടാക്കാനും വസ്തുതാന്വേഷണം നടത്താനും ഓൺലെെൻ ന്യൂസ് മീഡിയ നടത്താനുമെല്ലാം, ഈ ഭരണകൂടത്തെ എതിർക്കുവാനുള്ള പ്രവർത്തനങ്ങൾക്ക്… ഇതൊരു രാഷ്ട്രീയ പ്രസംഗമായിട്ടല്ല ഞാൻ പറയുന്നത്. നമ്മളിലോരോരുത്തരും നമുക്കാവുന്നത് ചെയ്തിട്ടില്ലെങ്കിൽ നമ്മൾ തീർത്തും പരാജയപ്പെട്ടവരാകും. ഇന്നത്തെ മാധ്യമങ്ങളുടെ സഹായമില്ലായിരുന്നുവെങ്കിൽ ഈ സർക്കാർ അഞ്ചു ദിവസം പോലും നിലനിൽക്കുമായിരുന്നില്ല. കേരളത്തിലെ ജനങ്ങൾക്ക് വലിയ ഉത്തരവാദിത്തമുണ്ട്. വിശ്വമാനവികത എന്താണ് എന്ന് ജീവിതത്തിലൂടെ ലോകത്തിന് കാണിച്ചുകൊടുത്തവരാണ് നമ്മൾ. മറക്കരുത്, നമ്മൾ ഒന്നും ചെയ്യുന്നില്ലെങ്കിൽ നിങ്ങളുടെ മക്കളും അവരുടെ മക്കളുമെല്ലാം നമ്മളെക്കുറിച്ചോർത്ത് ലജ്ജിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News