മോദി വോട്ട് ചോദിക്കുന്നത് അമിത് ഷായെ പ്രധാനമന്ത്രിയാക്കാന്‍; പ്രധാനമന്ത്രിക്കെതിരെ വീണ്ടും അരവിന്ദ് കെജ്‌രിവാള്‍

മോദിക്കെതിരെ വീണ്ടും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മോദിക്ക് അടുത്ത വര്‍ഷം 75 വയസാകുമെന്നും അമിത് ഷായെ പ്രധാനമന്ത്രി ആക്കാനാണ് മോദി വോട്ട് ചോദിക്കുന്നതെന്നും കെജ്രിവാള്‍ വിമര്‍ശിച്ചു. ബിജെപി അധികാരത്തിലെത്തിയാല്‍ യോഗി ആതിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നു മാറ്റുമെന്ന ആരോപണവും ഉത്തര്‍പ്രദേശില്‍ പ്രചാരണത്തിനെത്തിയ കെജ്‌രിവാള്‍ ആവര്‍ത്തിച്ചു.

പ്രചരണത്തിന് വേണ്ടി ഇടക്കാല ജാമ്യം ലഭിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആദ്യമായാണ് ഉത്തര്‍പ്രദേശില്‍ പ്രചാരണത്തിനെത്തിയത്. മോദിക്കെതിരെ ആഞ്ഞടിച്ചു തന്നെയാണ് കെജ്‌രിവാളിന്റെ പ്രചാരണം. മോദി വോട്ട് ചോദിക്കുന്നത് അമിത് ഷായ്ക്ക് വേണ്ടിയെന്ന് എസ് പി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കെജ്‌രിവാള്‍ ആവര്‍ത്തിച്ചു.

അടുത്ത വര്‍ഷം മോദിക്ക് 75 വയസാകുമെന്നും 75 വയസു കഴിഞ്ഞവര്‍ വിരമിക്കണമെന്നത് മോദി തന്നെ ഉണ്ടാക്കിയ ചട്ടമെന്നും ചൂണ്ടിക്കാട്ടിയ കെജ്‌രിവാള്‍ മോദി വിരമിക്കില്ലെന്ന് പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും അടുത്ത സെപ്റ്റംബറില്‍ അമിത് ഷായെ പ്രധാനമന്ത്രി ആക്കാനാണ് മോദിയുടെ നീക്കമെന്നും വിമര്‍ശിച്ചു.

ബിജെപി വീണ്ടും അധികാരത്തില്‍ എത്തിയാല്‍ യോഗി ആതിത്യനാഥിനെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നീക്കുമെന്ന ആരോപണവും കെജ്‌രിവാള്‍ ആവര്‍ത്തിച്ചിട്ടുണ്ട്.

2029ന് ശേഷവും ബിജെപിയെ നരേന്ദ്ര മോദി തന്നെ നയിക്കുമെന്നും അതില്‍ കെജ്‌രിവാളിന് പേടി വേണ്ടെന്നും അമിത് ഷാ കഴിഞ്ഞ ദിവസം മറുപടി നല്‍കിയിരുന്നു, ഇതിന് പിന്നാലെയാണ് അരവിന്ദ് കെജ്‌രിവാള്‍ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News