ദില്ലി ബജറ്റ് നടത്താൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. കേന്ദ്രസർക്കാർ ബജറ്റിനു അനുമതി നൽകാത്ത പശ്ചാത്തലത്തിലാണ് കത്ത്. ബജറ്റ് അവതരണത്തിന് മുമ്പ് ആം ആദ്മി പാർട്ടി സർക്കാർ പരസ്യങ്ങൾക്കായി ചെലവാക്കിയ തുക സംബന്ധിച്ച് കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
രാജ്യത്തിന്റെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാന ബജറ്റ് നിർത്തുന്നത്. എന്തുകൊണ്ടാണ് കേന്ദ്ര സർക്കാറിന് ദില്ലിയുടെ ജനങ്ങളോട് ദേഷ്യമുണ്ടാവുന്നത് എന്ന് കെജ്‌രിവാൾ കത്തിലൂടെ പ്രധാനമന്ത്രിയോട് ചോദിച്ചു.
ദയവായി ഞങ്ങളുടെ ബജറ്റ് പാസാക്കൂ എന്ന് ദില്ലിയിലെ ജനങ്ങൾ കൂപ്പുകൈകളോടെ അപേക്ഷിക്കുകയാണ് എന്നും അദ്ദേഹം കത്തിൽ കുറിച്ചു.
ആം ആദ്മി പാർട്ടിയും കേന്ദ്രസർക്കാറും തമ്മിലുള്ള തർക്കം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ദില്ലി ബജറ്റ് കേന്ദ്രം തടഞ്ഞുവെച്ചുവെന്ന് അരവിന്ദ് കെജ്‌രിവാൾ ആരോപിച്ചിരുന്നു. ബജറ്റിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയില്ലെന്നും അതിനാൽ ഇന്ന് ബജറ്റ് അവതരിപ്പിക്കാനാവില്ലെന്നുമാണ് കെജ്‌രിവാൾ തിങ്കളാഴ്ച പറഞ്ഞത്. തിങ്കളാഴ്ച മുതൽ ദില്ലി സർക്കാർ ജീവനക്കാർക്കും ഡോക്ടർമാർക്കും അധ്യാപകർക്കും ശമ്പളം ലഭിക്കില്ല. ഇത് ഗുണ്ടായിസമാണെന്നും അദ്ദേഹം ആരോപിച്ചു.
അതേ സമയം കെജ്‌രിവാളിന്റെ ആരോപണങ്ങൾ വന്നതോടെ മറുപടിയുമായി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്സേനയുടെ ഓഫീസ് രംഗത്തെത്തി. ലഫ്റ്റനന്റ് ഗവർണർ ചില നിർദ്ദേശങ്ങളോടെ ബജറ്റ് അംഗീകരിച്ച് മാർച്ച് ഒമ്പതിന് മുഖ്യമന്ത്രിക്ക് അയച്ചിട്ടുണ്ടെന്ന് ഗവർണറുടെ ഓഫീസ് അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണങ്ങൾ മാർച്ച് 17 ന് ദില്ലി സർക്കാരിനെ അറിയിച്ചു. ലഫ്റ്റനന്റ് ഗവർണറുടെ ഓഫീസ് മുഖ്യമന്ത്രിയിൽ നിന്ന് ഫയൽ കിട്ടുന്നതിനായി കാത്തിരിക്കുകയാണെന്നും ഗവർണറുടെ ഓഫീസ് പ്രസ്താവനയിൽ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here