പരോള്‍ കഴിഞ്ഞ് ജയിലിലെത്തിയയുടനെ ആസാറാം ബാപ്പുവിന് ഇടക്കാല ജാമ്യവും ലഭിച്ചു. 17 ദിവസത്തെ പരോള്‍ കഴിഞ്ഞ് ജനുവരി ഒന്നാം തീയതിയാണ് അദ്ദേഹം രാജസ്ഥാനിലെ ജോധ്പുര്‍ ജയിലില്‍ തിരിച്ചെത്തിയത്. ബലാത്സംഗക്കേസിലാണ് ആസാറാം ശിക്ഷിക്കപ്പെട്ടത്.
ആരോഗ്യപ്രശ്നങ്ങള്‍ പരിഗണിച്ച് സുപ്രീം കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. മാര്‍ച്ച് 31 വരെയാണ് ജാമ്യം. സുപ്രീംകോടതി ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, രാജേഷ് ബിന്‍ഡാല്‍ എന്നിവരടങ്ങിയ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. അതേസമയം, ജയിലില്‍ നിന്ന് പുറത്തിറങ്ങിയാല്‍ അനുയായികളെ കാണരുതെന്ന് നിര്‍ദേശമുണ്ട്.
ആശ്രമത്തില്‍വെച്ച് 16-കാരിയെ പീഡിപ്പിച്ച കേസില്‍ 2018-ലാണ് ജോധ്പുര്‍ കോടതി ആസാറാം ബാപ്പുവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കഴിഞ്ഞവര്‍ഷം ആസാറാം പുണെയില്‍ ചികിത്സ തേടിയിരുന്നു. ആശുപത്രിയിലേക്ക് ചികിത്സയ്ക്ക് കൊണ്ടുപോകുമ്പോള്‍ പൊലീസ് സുരക്ഷ നല്‍കണമെന്നും എന്നാല്‍, എവിടെ ചികിത്സിക്കണമെന്നത് ആസാറാമിന് തീരുമാനിക്കാമെന്നും കോടതി നിര്‍ദേശിച്ചു. 2013-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗാന്ധിനഗറിലെ ആശ്രമത്തില്‍ ശിഷ്യയെ പീഡിപ്പിച്ച കേസില്‍ 2023-ല്‍ ഗുജറാത്തിലെ കോടതിയും ആസാറാമിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിട്ടുണ്ട്. പുറത്തിറങ്ങാൻ ഈ കേസിലും ഇടക്കാലജാമ്യം ലഭിക്കണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here