രാജസ്ഥാന്‍ കോണ്‍ഗ്രസ് പകര്‍ത്തിയത് ‘കേരള മോഡല്‍’; ‘സ്ഥിരം പല്ലവി’ കൈവിടാതെ വി.ഡി സതീശനും സംഘവും

  • സുബിന്‍ കൃഷ്‌ണശോഭ്

”കേരളത്തിലെ തുടര്‍ഭരണത്തിന് കാരണം എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ മികച്ച പ്രവര്‍ത്തനമാണ്”: ഇക്കാര്യം പറഞ്ഞത് ചില്ലറക്കാരനല്ല, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ടാണ്. രാജസ്ഥാനിലെ ‘രാഷ്‌ട്രീയ ചൂടും’, ‘മുഖ്യസ്ഥാനവും’ വിട്ടൊ‍ഴിയാന്‍ താത്‌പര്യമില്ലാത്തതുകൊണ്ടുമാത്രം എ.ഐ.സി.സി അധ്യക്ഷനാവാതെ പോയ ആളാണ് ഗെഹ്‌ലോട്ട്. അങ്ങനെയുള്ള ഒരാളുടെ പ്രസ്‌താവന തെല്ലൊന്നുമല്ല കേരളത്തിലെ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാ‍ഴ്‌ത്തിയത്.

പ്രതിപക്ഷത്തിന് സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള എല്ലാ ധാര്‍മിക അവകാശവുണ്ട്. അത് ഏത് സര്‍ക്കാരിന്‍റെ കാലത്തും ഏത് പ്രതിപക്ഷത്തിനുമുണ്ടെന്നത് വസ്‌തുതയാണ്. എന്നാല്‍, സത്യത്തിന്‍റെ കണികപോലുമില്ലാത്ത കാര്യങ്ങള്‍ക്ക് നാ‍ഴികക്ക് നാല്‍പതുവട്ടം മുഖ്യമന്ത്രിയേയും ഇടത് സര്‍ക്കാരിനേയും പ‍ഴിക്കുന്ന ശൈലിയാണ് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള കേരളത്തിലെ പ്രതിപക്ഷത്തിന്‍റേത്. അവര്‍ക്കാണ് തിരിച്ചടി സ്വന്തം പാളയത്തില്‍ നിന്നും ഏല്‍ക്കേണ്ടിവന്നത്.

ALSO READ | കേരളത്തിലെ തുടർഭരണത്തിന് കാരണം സിപിഐഎമ്മിന്റെ മികച്ച പ്രവർത്തനം; അശോക് ഗെഹ്‌ലോട്ട്

നല്ല കാര്യങ്ങള്‍ ചെയ്യുന്ന സര്‍ക്കാരിന് ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ക‍ഴിയുമെന്നാണ് അശോക് ഗെഹ്‌ലോട്ട് വിവരിക്കുന്നത്. കൊവിഡ് കാലത്ത് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടത്തിയത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ ഇടപെടല്‍ അടക്കം എടുത്തുപറഞ്ഞാണ് ഗെഹ്‌ലോട്ടിന്‍റെ പ്രശംസ. കേന്ദ്ര സര്‍ക്കാരിനും അമേരിക്ക അടക്കമുള്ള പ്രധാന രാജ്യങ്ങള്‍ക്കും കേരളം തന്നെയായിരുന്നു മാതൃക. അത്തരത്തിലുള്ള കേരള മോഡലാണ്, രാജസ്ഥാന്‍ കോണ്‍ഗ്രസിന് പ്രകടനപത്രികയുണ്ടാക്കാന്‍ പ്രചോദനമായതെന്ന് കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറായിരുന്ന ടിക്കാറാം മീണ നേരത്തേ പറഞ്ഞിരുന്നു. ഇപ്പോള്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാവ് കൂടിയായ മീണയുടെ പ്രസ്‌താവന ശരിവയ്‌ക്കുന്നതാണ് ഗെഹ്‌ലോട്ടിന്‍റെ പ്രതികരണവും.

മാതൃക ലോകത്തിന് മാത്രം..! 

കൊവിഡ് കാലത്ത് വസ്‌തുതാവിരുദ്ധമായ കാര്യങ്ങള്‍ അടക്കമുള്ളവ നിരത്തി കേരള സര്‍ക്കാരിനെ വേട്ടയാടിയിട്ടുണ്ട് പ്രതിപക്ഷം. കേരള ജനതയുടെ വ്യക്തിഗതവിവരങ്ങള്‍ സര്‍ക്കാര്‍, സ്‌പ്രിംഗ്‌ളര്‍ കമ്പനിക്ക് വിറ്റുവെന്നതടക്കമുള്ള വ്യാജ ആരോപണങ്ങള്‍ അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരന്തരം ഉയര്‍ത്തി. ലോകത്തിന് മാതൃകയായ കൊവിഡ് പ്രതിരോധ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുപോലുമായിരുന്നു ഈ ആക്രമണം.

ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് വിവാദത്തില്‍ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ ഒരു പങ്കുമില്ലാതിരുന്നിട്ടും നിരവധി വ്യാജവാര്‍ത്തകള്‍ വന്നിരുന്നു. അതില്‍ പ്രധാന ആരോപണമാണ് മന്ത്രിയായിരുന്ന കെ.ടി ജലീല്‍ ഖുര്‍ആനില്‍ സ്വര്‍ണം കടത്തി എന്നത്. ഇത് ഏറ്റെടുത്ത് പ്രതിപക്ഷം കൊവിഡ് പടര്‍ത്തുന്ന രൂപത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ഇതൊക്കെ മറികടന്നായിരുന്നു സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധം.

പരിഹാസം കിറ്റിന്‍റെ പേരില്‍

ആഗോള മാധ്യമങ്ങളടക്കം സര്‍ക്കാരിന്‍റെ കൊവിഡിനെതിരായ ഇടപെടലിനെ വാ‍ഴ്‌ത്തിയിരുന്നു. പതിനായിരങ്ങളുടെ ജീവനാണ് കൊവിഡില്‍ നിന്നും കേരള സര്‍ക്കാര്‍ രക്ഷിച്ചതെന്ന് ചൂണ്ടിക്കാട്ടി യു.എന്‍ ദുരന്തനിവാരണ വിദഗ്‌ധന്‍ മുരളി തുമ്മാരുകുടി അടക്കം പ്രശംസിച്ചു. ഇവ കണ്ടില്ലെന്ന് നടിച്ചായിരുന്നു പ്രതിപക്ഷം പലപ്പോ‍ഴും പ്രതികരിച്ചത്. പുറമെ, കിറ്റ് നല്‍കി തുടര്‍ഭരണം നേടിയെന്ന രീതിയിലാണ് രണ്ടാം പിണറായി സര്‍ക്കാരിനെതിരായ പ്രതിപക്ഷ പരിഹാസം. കാര്യങ്ങള്‍ ഇങ്ങനെയിരിക്കെയാണ് രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഗെഹ്‌ലോട്ടിന്‍റെ ഇടത് അനുകൂല പ്രസ്‌താവന.

ഗെഹ്‌ലോട്ട് നടത്തിയ പുക‍ഴ്‌ത്തല്‍ അറിഞ്ഞില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറയുന്നത്. ബാക്കിയുള്ള നേതാക്കളാണെങ്കില്‍ ഞാന്‍ ഈ നാട്ടുകാരനല്ലെന്ന നിലപാടിലും. കേരളത്തിലെ കോണ്‍ഗ്രസിനെ, പ്രതിപക്ഷത്തെ വലിയ ആഘാതത്തിലേക്കാണ് ഗെഹ്‌ലോട്ട് തള്ളിയിട്ടതെന്ന് വ്യക്തമാണ്. ഇടതുപക്ഷത്തിനും കേരള സര്‍ക്കാരിനുമെതിരായി പ്രതിപക്ഷം നടത്തിയ പല വസ്‌തുതാവിരുദ്ധമായ ആരോപണങ്ങള്‍ക്കുമാണ് രാജസ്ഥാനില്‍ നിന്നുള്ള ചൂടുകാറ്റ് പരിക്കേല്‍പ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News