ആശ്രമം കത്തിക്കല്‍, ബിജെപി നേതൃത്വം പ്രതിസന്ധിയില്‍

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിക്കല്‍ കേസിൽ ജില്ലാ നേതാവിന്റെ അറസ്‌റ്റോടെ ബിജെപി നേതൃത്വം പ്രതിസന്ധിയിലായി. ക്രൈം ബ്രാഞ്ച് സംഘത്തിന്റെ പഴുതടച്ചുള്ള അന്വേഷണവും തെളിവുകളും ബിജെപിക്ക് തിരിച്ചടിയായി. ഇതോടെ ആശ്രമം കത്തിക്കലില്‍ ബിജെപി നാളിതുവരെ നടത്തിയിരുന്ന നുണപ്രചാരണങ്ങളെല്ലാം പൊളിഞ്ഞു.

ആശ്രമം കത്തി നാല് വര്‍ഷവും ഏഴ് മാസവും കഴിഞ്ഞു. നുണയുടെ കോട്ടകെട്ടി സംഭവത്തെ വഴി തിരിച്ചുവിടുകയായിരുന്നു പലവട്ടം ബിജെപി നേതൃത്വം. കാര്യങ്ങള്‍ ഏറെക്കുറെ വിസ്മൃതിയില്‍ ആയെന്ന പ്രതീക്ഷയിലായിരുന്നു ബിജെപി നേതാക്കള്‍. പക്ഷെ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറിയുടെ അറസ്റ്റില്‍ ബിജെപി നേതൃത്വം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. ആര്‍എസ്എസിന്റെ മുന്‍ ബൗദ്ധിക് പ്രമുഖും നഗരസഭയുടെ പ്രതിപക്ഷനേതാവുമായിരുന്നു കേസിലെ മുഖ്യ പ്രതിയായ വി.ജി ഗിരികുമാര്‍.

ജില്ലയിലെ ബിജെപിയുടെ പ്രധാന നേതാവും ബിജെപി സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളുമാണ് ഗിരികുമാര്‍. ആശ്രമത്തിന് പണികൊടുക്കണമെന്ന ഗിരിയുടെ നിര്‍ദേശം അനുസരിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരായ പ്രകാശനും ശബരി എസ്.നായരും ചേര്‍ന്നാണ് തീവെച്ചതെന്നാണ് കണ്ടെത്തല്‍. തീവെച്ചശേഷം ആശ്രമത്തില്‍ വയ്ക്കാനുള്ള റീത്ത് വാങ്ങി നല്‍കിയ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൃഷ്ണകുമാര്‍ ആണ് മറ്റൊരു പ്രതി. പ്രതികള്‍ പരസ്പരമുള്ള ബന്ധവും ഫോണ്‍ രേഖകളും സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. വ്യക്തമായ തെളിവുകള്‍ ശേഖരിച്ചശേഷമാണ് പ്രതികളുടെ അറസ്റ്റ്.

ക്രൈംബ്രാഞ്ചിന്റെ ശാസ്ത്രീയമായ നീക്കങ്ങള്‍ ബിജെപി ജില്ലാ നേതാക്കള്‍ പ്രതീക്ഷിച്ചില്ല. മാത്രമല്ല വ്യക്തമായ തെളിവുകളോടെ ഗിരികുമാറിലേക്ക് ക്രൈംബ്രാഞ്ച് എത്തിയെന്ന സൂചനയും നേതാക്കള്‍ അറിഞ്ഞില്ല. ശബരിയുടെ അറസ്റ്റില്‍ കേസ് അവസാനിക്കുമെന്നായിരുന്നു ബിജെപി നേതാക്കളുടെ കണക്കുകൂട്ടല്‍. പക്ഷെ ഗൂഢാലോചനയുടെ മുഖ്യ കേന്ദ്രമായ ഗിരികുമാറിന്റെ അറസ്‌റ്റോടെ ബിജെപി നേതൃത്വം പൂര്‍ണമായും പ്രതിസന്ധിയിലായി. സംഭവം കൈ വിട്ടുപോയതില്‍ ആര്‍എസ്എസിലും ബിജെപിക്കുള്ളിലും വലിയ അതൃപ്തി ഉണ്ടെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration