“ആ ചെക്കന്‍ ആരാണെന്ന് ഇത്രയും കാലം എനിക്കു മനസ്സിലായിരുന്നില്ല”; മോദിയുടെ വിചിത്ര പരാമര്‍ശത്തില്‍ പരിഹാസവുമായി അഷ്ടമൂര്‍ത്തി

മഹാത്മഗാന്ധിയെ കുറിച്ചുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിചിത്ര പരാമര്‍ശത്തില്‍ മോദിയെ പരിഹസിച്ച് കഥാകൃത്ത് അഷ്ടമൂര്‍ത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം മോദിയെ പരിഹസിച്ചത്.

ആര്‍. കെ. ലക്ഷ്മണിന്റെ പ്രശസ്തമായ ഒരു കാര്‍ട്ടൂണുണ്ട്: മഹാത്മാ ഗാന്ധിയുടെ കൂറ്റന്‍ ചിത്രം ചൂണ്ടി ഒരു വയസ്സന്‍ പേരക്കുട്ടിയോടു ചോദിക്കുന്നു. ‘ഇതാരാന്ന് മനസ്സിലായോ?’ ചെക്കന്റെ മറുപടി. ‘ബെന്‍ കിംഗ്സ്ലി!’
ആ ചെക്കന്‍ ആരാണെന്ന് ഇത്രയും കാലം എനിക്കു മനസ്സിലായിരുന്നില്ല. ഇപ്പോഴാണ് അത് ഇന്നത്തെ മഹാനായ ഇന്ത്യന്‍ പ്രധാനമന്ത്രിയാണെന്നു തിരിച്ചറിഞ്ഞത്.
മഹാപ്രഭോ, ഈയുള്ളവന്റെ അജ്ഞതയ്ക്കു മാപ്പ്!

‘ഗാന്ധി’ സിനിമ വരുന്നതുവരെ മഹാത്മ ഗാന്ധിയേക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു എന്നായിരുന്നു മോദിയുടെ പരാമര്‍ശം. “മഹാത്മ ഗാന്ധി ഒരു വലിയ വ്യക്തിത്വമായിരുന്നു. കഴിഞ്ഞ 75 വർഷത്തിനിടയിൽ ലോകം അദ്ദേഹത്തെ കുറിച്ച് കൂടുതൽ മനസ്സിലാക്കണം എന്നത് നമ്മുടെ ഉത്തരവാദിത്തമായിരുന്നു. എന്നാൽ ആരും അദ്ദേഹത്തെ അറിഞ്ഞില്ല.

‘ഗാന്ധി’ സിനിമയുടെ റിലീസിന് ശേഷമാണ് അദ്ദേഹത്തെ കുറിച്ച് കൂടുതലറിയാൻ ലോകം താൽപര്യം കാണിച്ചത്” എന്നാണ് മോദി ഒരു അഭിമുഖത്തിൽ പറഞ്ഞത്. അതേസമയം നെൽസൺ മണ്ടേലയും ഡോ. മാർട്ടിൻ ലൂഥർ കിങ്ങും മഹാത്മാഗാന്ധിയെ കുറിച്ച് പറഞ്ഞിട്ടുള്ളത് മോദിയുടെ ഈ വിചിത്രവാദത്തിന് തിരിച്ചടിയാണ്.

മഹാത്മ ഗാന്ധി മരിച്ചപ്പോൾ ആൽബർട്ട് ഐൻസ്റ്റീൻ അദ്ദേഹത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. കൂടാതെ മാർട്ടിൻ ലൂഥർ കിങ് തന്റെ പ്രചോദനമാണ് ഗാന്ധിയെന്ന് പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് മോദിയുടെ ഇങ്ങനെയൊരു പരാമർശം വിവാദമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News