പശ്ചിമബംഗാളില്‍ നടന്ന ട്രെയിന്‍ അപകടത്തിന് പിന്നാലെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടന്നു. അപകടങ്ങള്‍ ഒഴിവാക്കാന്‍ കവച്ച് സ്ഥാപിക്കുന്നത് വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദേശമാണ് മന്ത്രി നല്‍കിയിരിക്കുന്നത്.
ട്രെയിനുകള്‍ തമ്മില്‍ കൂട്ടിമുട്ടാതിരിക്കാന്‍ സഹായിക്കുന്ന സംരക്ഷണ സംവിധാനമാണ് കവച്. കവചിന്റെ 4.0 വേര്‍ഷന്റെ അവലോകനത്തില്‍ കഴിഞ്ഞ ദിവസം മന്ത്രി പങ്കെടുത്തിരുന്നു.
കവച് 4.0യുടെ സര്‍ട്ടിഫിക്കേഷന് ശേഷം ഇന്ത്യന്‍ റെയില്‍വേ കവച് സ്ഥാപിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ നിര്‍മാതാക്കള്‍ ഈ സംവിധാനം വികസിപ്പിക്കുന്നതിന്റെ വിവിധ ഘട്ടങ്ങളിലാണെന്ന് അധികൃതര്‍ പറയുന്നു.
ദില്ലി – മുംബൈ, ദില്ലി – ഹൗറ റൂട്ടുകളില്‍ അടുത്ത വര്‍ഷം മാര്‍ച്ചോടെ കവച് സ്ഥാപിക്കുന്നത് പൂര്‍ണമാകും. അടുത്ത 6000 കിലോമീറ്റര്‍ റൂട്ടിലേക്കുള്ള ടെന്‍ഡറുകള്‍ ഡിസംബറോടെ വിളിക്കുമെന്നാണ് വിവരം.
ഇക്കഴിഞ്ഞ ജൂണ്‍ 17നാണ് സീല്‍ദായിലേക്കുള്ള കാഞ്ചന്‍ഝുംഗ എക്‌സ്പ്രസില്‍ ഗുഡ്‌സ് ട്രെയിന്‍ ഇടിച്ച് പത്തുപേര്‍ മരിക്കുകയും 41 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ റൂട്ടില്‍ കവച് സ്ഥാപിക്കാത്തതാണ് അപകടത്തിന് പിന്നിലെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
ലോക്കോപൈലറ്റിന് സമയത്തിന് ബ്രേക്ക് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ ഓട്ടോമാറ്റിക്ക് ആപ്ലിക്കേഷനായ കവചിന് അത് ചെയ്യാന്‍ കഴിയുമെന്നാണ് പറയുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here