100 മെഡലുകള്‍ നേടി ചൈനയില്‍ ചരിത്രമെഴുതുകയാണ് ഇന്ത്യൻ താരങ്ങൾ. വനിതാ വിഭാഗം കബഡിയിലെ സ്വര്‍ണ മെഡലോടെയാണ് 100 മെഡലുകളുടെ ശോഭയിലേക്ക് ഇന്ത്യ എത്തിയത്. അമ്പെയ്ത്തില്‍ ജ്യോതി സുരേഖയ്ക്കും ഓജസ് പ്രവീണിനും സ്വര്‍ണം. ഇതേ ഇനത്തില്‍ അഭിഷേക് വര്‍മ വെള്ളിയും , അതിഥി ഗോപിചന്ദ് വെങ്കലവും നേടി. വനിതകളുടെ കബഡിയിൽ ചൈനീസ് തായ്പേയിയെ തോൽപ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടിയതോടെയാണ് മെഡൽ നേട്ടം സെഞ്ച്വറിയടിച്ചത്. വാശിയേറിയ പോരാട്ടത്തിൽ 26-25 എന്ന സ്കോറിനാണ് കബഡിയിൽ ഇന്ത്യൻ വനിതകളുടെ നേട്ടം.
മെഡല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഇതിന് മുമ്പ് ഇന്ത്യ നേടിയ പരാമവധി മെഡല്‍ നില 70 ആണ്. 2014ന് ശേഷം ഇത്തവണ ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യ ചാമ്പ്യൻമാരായി. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗ് ഇരട്ടഗോളുകൾക്കുടമയായി. അഭിഷേക്, മൻപ്രീത്, അമിത് എന്നിവരാണ് മറ്റ് സ്കോറർമാർ. അമ്പെയ്ത്തില്‍ പുരുഷന്മാരുടെ റിക്കര്‍വ് ടീം ഇനത്തില്‍ ഇന്ത്യ വെള്ളി നേടി. ഫൈനലില്‍ കൊറിയയോടാണ് ഇന്ത്യൻ സഖ്യം പരാജയപ്പെട്ടത്. അതാനു ദാസ്, തുഷാര്‍ ഷെല്‍കെ, ധിരജ് ബൊമ്മദേവര എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യക്ക് വെള്ളി സമ്മാനിച്ചത്.
വനിതകളുടെ റിക്കര്‍വ് ഇനത്തിൽ ഇന്ത്യ വെങ്കലമെഡൽ സ്വന്തമാക്കി. വിയറ്റ്‌നാമിനെ പരാജയപ്പെടുത്തിയാണ് അങ്കിത ഭഗത്, സിമ്രന്‍ജീത് കൗര്‍, ഭജന്‍ കൗര്‍ സഖ്യം വെങ്കലം നേടിയത്. സെപക് താക്രോയില്‍ ഇന്ത്യന്‍ വനിതാ ടീം വെങ്കലവും സ്വന്തമാക്കി. സെമിയില്‍ തായ്‌ലന്‍ഡിനോട് 2-0ത്തിന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യ മൂന്നാമതെത്തിയത്. ഈയിനത്തില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡലാണിത്.
വനിതകളുടെ 61 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ ഇന്ത്യയുടെ സോനം മാലിക് വെങ്കലം നേടി. ചൈനയുടെ ലോങ് ജിയയെ തകര്‍ത്താണ് സോനം വെങ്കലം നേടിയത്. 7-5 എന്ന സ്കോറിനായിരുന്നു വിജയം.
ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ എച്ച്.എസ്. പ്രണോയിക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ചൈനയുടെ ലി ഷിഫെങ്ങിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടു. സ്കോർ 16-21, 9-21. ഇതോടെ 1982-ല്‍ സയിദ് മോദിക്കു ശേഷം ഏഷ്യന്‍ ഗെയിംസ് പുരുഷ സിംഗിള്‍സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും പ്രണോയ് സ്വന്തമാക്കി.
ALSO READ: മദ്യപിക്കാന്‍ വിളിച്ചിട്ട് പോയില്ല, യുവാവിന് മര്‍ദനം: രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here