ഉരുള്‍പൊട്ടലില്‍ സകലതും തകര്‍ത്തെറിയപ്പെട്ട ചൂരല്‍മലയിലെ ആ രാത്രി ആസിഫിന്നും കൃത്യമായി ഓര്‍ക്കുന്നു. പുലര്‍ച്ചെ ഏകദേശം ഒരു മണിയോടെയായിരുന്നു ചൂരല്‍മലയില്‍ ഉരുള്‍പൊട്ടല്‍ നടന്നതായി തനിയ്ക്ക് വിവരം ലഭിക്കുന്നത്. എന്നാല്‍ ഉരുള്‍പൊട്ടലിന്റെ വ്യാപ്തിയെക്കുറിച്ച് അപ്പോള്‍ തനിയ്ക്ക് മനസ്സിലായിരുന്നില്ല. ചെറിയൊരു സംഭവമായിരിക്കുമെന്ന് കരുതി. തുടര്‍ന്നൊരു വാഹനം സംഘടിപ്പിച്ച് തങ്ങള്‍ ഒരു 8 പേര്‍ ആ രാത്രി ചൂരല്‍മലയിലെത്തി. വഴിയിലാകെ മണ്ണും ചെളിയും നിറഞ്ഞിരുന്നു. ഞങ്ങള്‍ ഒരു ജെസിബി സംഘടിപ്പിച്ച് വഴിയിലെ ചെളി നീക്കി. യാത്ര വീണ്ടും ദുഷ്‌ക്കരമായിരുന്നു എങ്കിലും ഞങ്ങള്‍ അത് വകവെയ്ക്കാതെ കുന്നിന്‍മുകളിലേക്ക് കയറി. പോകുന്ന വഴിയ്ക്ക് തന്നെ ഞങ്ങള്‍ക്ക് രണ്ടു പേരെ പരുക്കുകളോടെ കിട്ടി. അവരെ ഞങ്ങള്‍ കൂടെയുണ്ടായിരുന്ന അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചു. തുടര്‍ന്ന് മുന്നോട്ടു പോയപ്പോള്‍ ഒരു വീട് കാണുകയും അവിടെ സുഖമില്ലാതെ തളര്‍ന്നു കിടക്കുന്ന രണ്ടുപേരെ കണ്ടെത്തുകയും ചെയ്തു. എന്റെ കയ്യില്‍ അന്നേരം ഒരു മരംവെട്ട് യന്ത്രം ഉണ്ടായിരുന്നു. ഞങ്ങള്‍ അതുപയോഗിച്ച് രണ്ട് സ്‌ട്രെക്ച്ചര്‍ ഉണ്ടാക്കുകയും അവരെ ഒരു മലയ്ക്കു മുകളിലെത്തിക്കുകയും ചെയ്തു. ആ സമയത്താണ് രണ്ടാമത്തെ ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നതെന്ന് തോന്നുന്നു.
തുടര്‍ന്ന് താഴെയെത്തിയ ഞങ്ങള്‍ കാണുന്നത് മറ്റൊരു വീടാണ്. അവിടേക്ക് എത്തിപ്പെടാന്‍ യാതൊരു മാര്‍ഗവും ഉണ്ടായിരുന്നില്ല. ഈ വീടിനും ഞങ്ങള്‍ക്കും ഇടയിലൂടെയാണ് പുഴ കടന്നുപോയിരുന്നത്. ശക്തമായ കുത്തൊഴുക്കുള്ള സമയമാണ്. പുഴയിലൂടെ കല്ലും മണ്ണും ധാരാളമായി ഒഴുകി വരുന്നു. അങ്ങനെ എന്തു ചെയ്യുമെന്ന് ചിന്തിച്ചിരുന്ന സമയത്താണ് സമീപത്തെ ഒരു തെങ്ങു മുറിച്ച് പുഴയ്ക്കു കുറുകെയിട്ട് പാലമാക്കി അപ്പുറം കടക്കുന്നത്. കൂടെയുള്ള ആളുകളുടെ സഹായത്തോടെ പലരേയും രക്ഷിച്ചു. ആ സമയത്ത് തന്നെ ഏഴ് മൃതദേഹങ്ങളും തങ്ങള്‍ക്ക് ലഭിച്ചിരുന്നു. അതും കരയ്‌ക്കെത്തിച്ച് ബാക്കിയുള്ളവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ രൂക്ഷമായ രീതിയില്‍ കല്ലും മണ്ണും എത്തിക്കൊണ്ടിരുന്നു. അവിടേക്ക് തിരിച്ചുപോവുന്നത് ദുഷ്‌കരമായിരുന്നെങ്കിലും മരണത്തെ മുഖാമുഖം കണ്ടുനില്‍ക്കുന്നവരെ കണ്ടപ്പോള്‍ സ്വന്തം ജീവന്‍ പോയാലും വേണ്ടില്ലെന്നു കരുതി കയര്‍കെട്ടി മുന്നോട്ട്തന്നെ ഇറങ്ങി. പലരെയും രക്ഷപ്പെടുത്താനായി. ഇപ്പോള്‍ അവരെയൊക്കെ ക്യാംപുകളില്‍ കാണുമ്പോള്‍ സന്തോഷം തോന്നുന്നുണ്ട്. പലരും ഞങ്ങളെ തിരിച്ചറിയുന്നത് കാണുമ്പോള്‍ ഇവരൊക്കെ തന്നെ ഓര്‍ത്തിരിക്കുന്നല്ലോ എന്നതില്‍ ഒരു സന്തോഷം തോന്നാറുണ്ട്. എന്നാല്‍, എനിയ്ക്കറിയാവുന്ന കുറേയേറെപ്പേര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അവരുടെയൊക്കെ നഷ്ടങ്ങളോര്‍ക്കുമ്പോള്‍ മനസ്സിന് വേദനയും തോന്നും ആസിഫ് അനുഭവങ്ങള്‍ ക്രോഢീകരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here