‘എം എൻ വിജയൻ മാഷ് ഞങ്ങളുടെ ഊർജം’; പുകസയുടെ അനുസ്‌മരണ പരിപാടിക്കെതിരെയുള്ള വിമർശനങ്ങൾക്ക് മറുപടിയുമായി അശോകൻ ചരുവിൽ

എം എൻ വിജയൻ മാഷ് പകർന്നു നൽകിയ അനുഭവങ്ങൾ എക്കാലത്തും ഞങ്ങളുടെ ഊർജ്ജമാണെന്ന് എഴുത്തുകാരനും പുരോഗമന കലാസാഹിത്യസംഘം ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിൽ. എം എൻ വിജയനെ അനുസ്മരിച്ചു കൊണ്ടുള്ള പുരോഗമന കലാസാഹിത്യസംഘം  പരിപാടിക്കെതിരെ പ്രചരണമാരംഭിച്ചവർക്ക് തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹം മറുപടി നൽകിയത്. എഴുത്തുകാരെയും കലാകാരന്മാരെയും അവരെടുക്കുന്ന പ്രത്യക്ഷമായ രാഷ്ട്രീയ നിലപാടുകളുടേയും ചായ്‌വുകളുടെയും പേരിലല്ല, കൃതികളിലൂടെയും മറ്റും അവരുയർത്തിപ്പിടിക്കുന്ന സർഗ്ഗാത്മക രാഷ്ടീയത്തിൻ്റെ പേരിലാണ് പുരോഗമന കലാസാഹിത്യസംഘം പരിഗണിക്കുക എന്നും അശോകൻ ചരുവിൽ കുറിച്ചു.

ALSO READ:13 ഇന്ത്യൻ സിനിമകളെയും പിന്നിലാക്കി കണ്ണൂർ സ്‌ക്വാഡ്; യുകെയിലും അയര്‍ലന്‍ഡിലുമായി അവസാന വാരാന്ത്യത്തില്‍ നേടിയത് 66 ലക്ഷം രൂപ

പൊതുവായ ഒരു ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നവർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുന്നത് അസ്വഭാവികമല്ലെന്നും ഇടക്കെപ്പോഴെങ്കിലും സംഘടനയോട് വിയോജിച്ചു എന്നതിൻ്റെ പേരിൽ ആരും പ്രസ്ഥാനത്തിന് പുറത്താകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നീണ്ടകാലം പ്രസിഡണ്ട് എന്ന നിലയിൽ സംഘടനയെ നയിച്ച എം എൻ വിജയൻ പുരോഗമന കലാസാഹിത്യപ്രസ്ഥാനത്തിൻ്റെ നേതാവും മാർഗ്ഗദർശിയുമായിരുന്നു.ഫാസിസത്തിനും വംശീയ മേധാവിത്തത്തിനുമെതിരായ സാംസ്കാരിക പ്രതിരോധത്തിൽ മാഷ് സംഘടനയെ നയിച്ച കാലത്തു നൽകിയ അനുഭവങ്ങൾ എക്കാലത്തും ഞങ്ങളുടെ ഊർജ്ജമാണ് എന്നും അശോകൻ ചരുവിൽ കുറിച്ചു.

ALSO READ:‘ഇത് വേണുച്ചേട്ടൻ അവസാനമായി വാങ്ങിച്ചതാണ്, പൊതി തുറന്നു നോക്കിയ എന്റെ കണ്ണുനിറഞ്ഞു’; ബാലചന്ദ്രൻ ചുള്ളിക്കാട്

അശോകൻ ചരുവിലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം

എം.എൻ.വിജയൻമാഷും
പുരോഗമന കലാസാഹിത്യസംഘവും.
പുരോഗമന കലാസാഹിത്യസംഘത്തിൻ്റെ തൃശൂർ ജില്ലാസമ്മേളനം ഇത്തവണ കൊടുങ്ങല്ലൂരിലാണ് നടക്കുന്നത്. സമ്മേളനത്തിൻ്റെ അനുബന്ധമായി കൊടുങ്ങല്ലൂരിൻ്റെ മണ്ണിൽ ജനിച്ച മഹത് വ്യക്തികളെ അനുസ്മരിക്കാൻ അവിടത്തെ സ്വാഗതസംഘം തീരുമാനിച്ചിട്ടുണ്ട്. അക്കൂട്ടത്തിൽ എം.എൻ.വിജയൻ മാഷെ സ്മരിച്ചു കൊണ്ടുള്ള ഒരു പരിപാടിക്കെതിരെ ചില തൽപ്പരകക്ഷികൾ പ്രചരണമാരംഭിച്ചതായി കാണുന്നു. സ്വാഭാവികമായും ചില വലതുപത്രങ്ങളും അവർക്ക് കൂട്ടുനിൽക്കുന്നുണ്ട്. സഹതപിക്കുകയല്ലാതെ നിവൃത്തിയില്ല. ഇവർ സാഹിത്യ കലാസംഘത്തെക്കുറിച്ചും വിജയൻ മാഷെക്കുറിച്ചും എന്താണ് ധരിച്ചുവെച്ചിട്ടുള്ളത് എന്നറിയില്ല.
എഴുത്തുകാരെയും കലാകാരന്മാരെയും അവരെടുക്കുന്ന പ്രത്യക്ഷമായ രാഷ്ട്രീയനിലപാടുകളുടേയും ചായ്വുകളുടേയും പേരിലല്ല; കൃതികളിലൂടെയും മറ്റും അവരുയർത്തിപ്പിടിക്കുന്ന സർഗ്ഗാത്മകരാഷ്ടീയത്തിൻ്റെ പേരിലാണ് പുരോഗമന കലാസാഹിത്യസംഘം പരിഗണിക്കുക. 1992 ൽ പെരുമ്പാവൂരിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിൽ വെച്ച് പാസ്സാക്കിയ രേഖയിൽ ഇക്കാര്യം കൃത്യമായി പറയുന്നുണ്ട്.
ജോസഫ് മുണ്ടശ്ശേരിയും എം.പി.പോളും കേരളത്തിൽ പുരോഗമന സാഹിത്യ സംഘടന രൂപീകരിക്കാൻ മുന്നിൽ നിന്നവരാണ്. ഓരോരോ ഘട്ടങ്ങളിൽ കേസരി ബാലകൃഷ്ണപിള്ളയും ചങ്ങമ്പുഴയും തകഴിയും ദേവും പൊൻകുന്നം വർക്കിയും വൈലോപ്പിള്ളിയും എം.കെ.സാനുവും കടമ്മനിട്ടയും അതുപോലെ മറ്റു നിരവധി മഹാപ്രതിഭകളും പ്രസ്ഥാനത്തിൻ്റെ ഭാഗമായി. ചിലഘട്ടങ്ങളിൽ ഇവരിൽ ചിലർ സംഘടനയോട് വിയോജിച്ചിട്ടുണ്ട്. പൊതുവായ ഒരു ലക്ഷ്യത്തിനു വേണ്ടി പ്രവർത്തിക്കുന്നവർ തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവുന്നത് അസ്വഭാവികമല്ല. ഇന്ത്യൻ ദേശീയപ്രസ്ഥാനം തന്നെ അതിൻ്റെ പ്രധാന ഉദാഹരണം. ഇടക്കെപ്പോഴെങ്കിലും സംഘടനയോട് വിയോജിച്ചു എന്നതിൻ്റെ പേരിൽ ആരും പ്രസ്ഥാനത്തിന് പുറത്താകുന്നില്ല.
പുരോഗമന സാഹിത്യസംഘടനക്കെതിരെ സാഹിത്യ സമീപനങ്ങൾ മുൻനിർത്തിയുള്ള വിയോജിപ്പുകൾ ഏറ്റവും ശക്തമായി ഉന്നയിച്ചയാളാണ് ജോസഫ് മുണ്ടശ്ശേരി. അതിനു ശേഷമാണ് അദ്ദേഹം കേരളത്തിലെ ഒന്നാമത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ വിദ്യാഭ്യാസമന്ത്രിയായത്. പിന്നീടൊരു ഘട്ടത്തിൽ ഇടതുപക്ഷ മുന്നണിയിലെ എം.എൽ.എ. ആയും അദ്ദേഹം പ്രവർത്തിച്ചു. അപ്പോഴൊന്നും തങ്ങളുടെ സാഹിത്യസമീപനങ്ങൾ മുണ്ടശ്ശേരിമാഷോ സാഹിത്യസംഘത്തിലെ അദ്ദേഹത്തിൻ്റെ എതിരാളികളോ മാറ്റിയിരുന്നില്ല എന്ന് ഓർക്കണം.
എഴുപതുകൾ മുതൽ എം.എൻ.വിജയൻ മാഷ് കേരളത്തിലെ പുരോഗമന കലാസാഹിത്യപ്രസ്ഥാനത്തിൻ്റെ നേതാവും മാർഗ്ഗദർശിയുമായിരുന്നു. നീണ്ടകാലം പ്രസിഡണ്ട് എന്ന നിലയിൽ അദ്ദേഹം സംഘടനയെ നയിച്ചു. സംഘവുമായുണ്ടായ എന്തെങ്കിലും പ്രശ്നത്തിൻ്റെ ഭാഗമായല്ല അദ്ദേഹം പ്രസിഡണ്ട് സ്ഥാനം രാജിവെച്ചത്. അക്കാലത്ത് കമ്യൂണിസ്റ്റ് പാർടിയിലുണ്ടായ ചില പ്രശ്നങ്ങളെ മുൻനിർത്തിയാണ്. പാർടി ആ പ്രശ്നങ്ങളെ അതിവേഗം മറികടക്കുകയും ശക്തമായ ഐക്യത്തോടെ മുന്നോട്ടു പോവുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും വിജയൻ മാഷ് നമ്മെയെല്ലാം വിട്ടുപോയിക്കഴിഞ്ഞിരുന്നു. ഫാസിസത്തിനും വംശീയ മേധാവിത്തത്തിനുമെതിരായ സാംസ്കാരികപ്രതിരോധത്തിൽ മാഷ് സംഘടനയെ നയിച്ച കാലത്തു നൽകിയ അനുഭവങ്ങൾ എക്കാലത്തും ഞങ്ങളുടെ ഊർജ്ജമാണ്.
നമ്മുടെ രാജ്യം നേരിടുന്ന കോർപ്പറേറ്റ് കടന്നാക്രമണങ്ങളേയും അതിൻ്റെ കയ്യാളായ മതരാഷ്ട്രവാദത്തേയും നേരിടാൻ കലയേയും സാഹിത്യത്തേയും മറ്റു സാംസ്കാരികസവിശേഷതകളേയും ഉപയോഗിക്കാനാണ് പുരോഗമന കലാസാഹിത്യ സംഘം പരിശ്രമിക്കുന്നത്. കാരണം ജനാധിപത്യത്തിൻ്റെ കലവറയാണത്. അതിനാവശ്യമായ സർഗ്ഗാത്മകരാഷ്ടീയം മുന്നോട്ടുവെച്ച കൃതികളും അവയുടെ രചയിതാക്കളും ഞങ്ങൾക്ക് എന്നും മുതൽക്കൂട്ടാണ്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News