ഇസ്രയേല്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ വെസ്റ്റ്ബാങ്കില്‍ അനധികൃത ജൂതകുടിയേറ്റങ്ങളെ സഹായിച്ച ടെലകോം കമ്പനിയായ ബെസക്കുമായുള്ള ബന്ധം അവസാനിപ്പിച്ച് നോർവേ. ലോകത്തെ പ്രധാന നിക്ഷേപ കമ്പനിയായ നോര്‍വേ വെല്‍ത്ത് ഫണ്ടാണ് സാമ്പത്തിക ബന്ധങ്ങൾ അവസാനിപ്പിച്ചത്. വെസ്റ്റ്ബാങ്കില്‍ ഇസ്രയേല്‍ ഭരണകൂടത്തിന്റെ മേല്‍നോട്ടത്തില്‍ നടന്നുകൊണ്ടിരിക്കുന്ന അനധികൃത നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ടെലകോം സേവനങ്ങള്‍ നല്‍കിവരുന്നത് ബെസക് ആയിരുന്നു.
നോര്‍വേ സോവറിന്‍ വെല്‍ത്ത് ഫണ്ടിന്റെ ധാര്‍മിക നിരീക്ഷണവിഭാഗമായ ‘കൗണ്‍സില്‍ ഓണ്‍ എത്തിക്‌സ്’ അനുശാസിക്കുന്ന നിയമങ്ങള്‍ അനുസരിച്ചാണ് ഈ പുതിയ നടപടിയെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ അനധികൃത നിര്‍മാണങ്ങളെ സഹായിക്കുന്ന സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമെതിരെ കടുത്ത മാനദണ്ഡങ്ങള്‍ അടങ്ങുന്ന നിയമങ്ങള്‍ കൗണ്‍സില്‍ ഓഫ് എത്തിക്‌സ് ഈയിടെ നടപ്പില്‍ വരുത്തിയിരുന്നു.
ALSO READ; ചൈനീസ് ബെൽറ്റ് ആന്‍റ് റോഡ് പദ്ധതിക്ക് നേപ്പാളിന്‍റെ പിന്തുണ; ആശങ്കയിൽ ഇന്ത്യ
വെല്‍ത്ത് ഫണ്ടിന്റെ ഓഹരികള്‍ പിന്‍വലിക്കാന്‍ നോര്‍വേ സെന്‍ട്രല്‍ ബാങ്കായ നോര്‍ഗസ് ബാങ്കിനോട് കൗണ്‍സില്‍ ഓഫ് എത്തിക്‌സ് ആവശ്യപ്പെടുകയായിരുന്നു. അതോടെ കമ്പനിയുടെ 23.7 മില്യണ്‍ ഡോളര്‍ (ഏകദേശം 200 കോടി ഇന്ത്യൻ രൂപ) മൂല്യമുള്ള ഓഹരികള്‍ വെല്‍ത്ത് ഫണ്ട് പിന്‍വലിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ കുടിയേറ്റങ്ങളെ ബെസക് ടെലികോം സംവിധാനത്തിലൂടെ സഹായിക്കുക വഴി അന്താരാഷ്ട്ര നിയമ ലംഘനം കമ്പനി നടത്തിയെന്നാണ് കൗണ്‍സില്‍ ഓഫ് എത്തിക്‌സിന്‍റെ ആരോപണം. ഫലസ്തീന്‍ സ്വാധീനമേഖലയിലും ബെസക് സേവനങ്ങള്‍ നല്‍കുന്നുവെന്ന് ഇസ്രയേല്‍ വാദിച്ചുവെങ്കിലും അക്കാരണത്താല്‍ ഇസ്രയേല്‍ കുടിയേറ്റങ്ങളെ സഹായിക്കുന്നു എന്ന യാഥാര്‍ഥ്യം ഇല്ലാതാവില്ല എന്ന് കൗണ്‍സിൽ തിരിച്ചടിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here