പോരാട്ടത്തിന് തുടക്കം കുറിച്ച് ‘എന്‍സിപി ശരദ്ചന്ദ്രപവാര്‍’ പാര്‍ട്ടി; ‘പവര്‍ഹൗസി’ന്റെ പുത്തന്‍ നീക്കം 83ാം വയസില്‍

83ാം വയസിലും പോരാട്ട വീര്യത്തിന് ഒരു കുറവും വന്നിട്ടില്ല. ദേശീയ രാഷ്ട്രീയത്തിലെ പ്രമുഖ വ്യക്തിത്വം. മഹാരാഷ്ട്രയില്‍ ബിജെപിയെ വിറപ്പിക്കാന്‍ മുന്നില്‍ നിന്നതും ഉദ്ദവ് താക്കറേ സര്‍ക്കാരിന്റെ നെടുംതൂണുമായിരുന്നു ശരദ് പവാറാണെന്നത് വസ്തുതയാണ്. പക്ഷേ രാഷ്ട്രീയ ചൂതാട്ടങ്ങളില്‍ എവിടെയോ അടിപതറി. അധികാരകൊതിയില്‍ ഒപ്പം നിന്നവര്‍ തന്നെ കാലുവാരി. ദേശീയപാര്‍ട്ടി പദവി എന്‍സിപിക്ക് നഷ്ടമായതിന് പിന്നാലെ പാര്‍ട്ടിയിലെ പ്രമുഖ നേതാവായ അജിത് പവാര്‍ ബിജെപിയിലേക്ക് ചേക്കേറി അടുത്ത ആഘാതവും. പാര്‍ട്ടിക്കുള്ളിലെ അധികാരപ്പോരാണ് ഈ സംഭവവികാസങ്ങള്‍ക്ക് പിന്നില്‍.

ALSO READ: കേരളത്തിന്റെ ദില്ലിയിലെ സമരം; മോദി സര്‍ക്കാരിനെതിരായ ദേശീയ സമരപ്രഖ്യാപനമായി

ഏറ്റവും ഒടുവില്‍ സ്വന്തം പാര്‍ട്ടിയുടെ പേരും ചിഹ്നവും അധികാരം വരെ നഷ്ടപ്പെട്ടപ്പോഴും തോറ്റ് പിന്മാറാന്‍ ശരദ് പവാര്‍ എന്ന അതികായന്‍ തയ്യാറല്ല. പുതിയ പേര്, പുതിയ ചിഹ്നം, പുതിയ പദ്ധതികള്‍, ശരദ് പവാര്‍ എന്ന ശക്തനായ നേതാവ് തിരിച്ചുവരവിന് ഒരുങ്ങി കഴിഞ്ഞു. അറുപതു വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ പുതിയ വെല്ലുവിളി നേരിടുകയാണ് പവാര്‍. ഇത്തവണ നേരിടേണ്ടത് അനന്തരവനായ അജിത് പവാറിനെയും. മഹാരാഷ്ട്രയിലെ എന്‍ഡിഎ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായ അജിതിനെ മാത്രമല്ല കേന്ദ്രത്തെ നേരിടാന്‍ ശരത് പവാര്‍ ഒരുങ്ങി കഴിഞ്ഞു. അജിതിന്റെ എന്‍സിപിയാണ് യഥാര്‍ത്ഥ എന്‍സിപി എന്ന തീരുമാനം വന്നതിന് പിന്നാലെ പവാറിന്റെ പുതിയ പാര്‍ട്ടി രക്ഷപ്പെടുമോ എന്നൊരു ചോദ്യമാണ് ഉയരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ വൈരികള്‍ക്ക് കൃത്യമായ ഒരു കാര്യമറിയാം ഏത് സാഹര്യത്തിലും ശക്തമായ തിരിച്ചുവരവ് നടത്തുന്ന പവാറിനെ അങ്ങനെ എഴുതി തള്ളാന്‍ കഴിയില്ല.

ALSO READ: കേന്ദ്ര ഏജൻസി എവിടെ വന്നാലും കുടുങ്ങാൻ പോകുന്നത് യുഡിഎഫ് ആയിരിക്കും: എ കെ ബാലൻ

താഴ്ചകള്‍ ഉണ്ടായേക്കാം പക്ഷേ തളര്‍ന്നു പോവില്ല. കരിയറില്‍ തന്നെ വലിയൊരു വെല്ലുവിളിയാണ് ഇപ്പോള്‍ പവാറിന്റെ മുന്നിലുള്ളത്. ലോക്‌സഭാ തെരഞ്ഞടുപ്പിന് മുന്നിലെത്തി നില്‍ക്കുമ്പോള്‍ തന്റെ പാര്‍ട്ടിയെ ഉയര്‍ത്തിക്കാട്ടേണ്ട ദൗത്യമാണ് അദ്ദേഹത്തിന് മുന്നിലുള്ളത്. പാര്‍ട്ടിയുടെ പുതിയ സ്വത്വം സംസ്ഥാന വ്യാപകമായി, ദേശീയ വ്യാപകമായി ജനങ്ങളിലെത്തിക്കുകയും വേണം. പക്ഷേ പവാറിനൊപ്പമുള്ള പ്രവര്‍ത്തകര്‍ക്കും നേതൃനിരയിലെ പ്രമുഖര്‍ക്കും വലിയൊരു പ്രതീക്ഷയുണ്ട്. പാര്‍ട്ടി നേരിട്ടത് വലിയൊരു തിരിച്ചടി തന്നെയാണ്. ശക്തമായ ആവേശത്തോടെ ഞങ്ങള്‍ തിരിച്ചുവരിക തന്നെ ചെയ്യും. ഞങ്ങള്‍ക്കൊപ്പം ശരദ് പവാറുണ്ട്. ശരദ് പവാര്‍ എന്ന പേരുമാത്രം മതി പാര്‍ട്ടിക്ക് അതിന്റെ സ്വത്വം തെളിയിക്കാന്‍, അവര്‍ പറയുന്നു. ഈ ആത്മവിശ്വാസം തന്നെയാണ് പവാറിന്റെയും കരുത്ത്.

ALSO READ: രാജ്യത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവള പത്രം ലോക്‌സഭയിൽ അവതരിപ്പിച്ചു

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലേ അറിയിച്ചിരിക്കുന്നത്. നിയമപരമായ പോരാട്ടങ്ങള്‍ ഒരുവശത്ത് നടന്നാലും ഇതിലൊന്നുമായിരിക്കില്ല പവാറിന്റെ ശ്രദ്ധ, അത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ സജ്ജമാക്കുക എന്നതാണ്. പാര്‍ട്ടിക്കുണ്ടായ തിരിച്ചടി ജനങ്ങള്‍ക്കിടയില്‍ സഹതാപം ഉണ്ടാക്കും. അത് പാര്‍ട്ടിക്ക് അനുകൂലമാകും. അതിലൂടെ സംഘടനയുടെ മഹാരാഷ്ട്രയിലെ ശക്തി നിലനിര്‍ത്താനും സാധിക്കുമെന്നാണ് പാര്‍ട്ടിയിലെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞരുടെയും വിശ്വാസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News