കാസർകോഡ് ഉപ്പളയില്‍ എടിഎമ്മിൽ നിറക്കുന്നതിന് എത്തിച്ച 50 ലക്ഷം രൂപ
വാഹനത്തിൽ നിന്ന് കവർന്ന കേസിൽ തിരുട്ട് സംഘാംഗമായ മുഖ്യ പ്രതി പിടിയിൽ. തമിഴ്നാട് ട്രിച്ചി സ്വദേശി കാർവർണനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
2024 മാര്‍ച്ച് 27 ന് ഉപ്പളയിലെ എ ടി എമ്മിൽ നിറക്കുന്നതിനായി എത്തിച്ച പണം പട്ടാപകൽ വാഹനത്തിൻ്റെ ചില്ല് തകർത്ത് കവർന്ന കേസിലാണ് മുഖ്യപ്രതി കാർവർണനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തമിഴ്നാട് ട്രിച്ചി റാംജിനഗർ സ്വദേശിയായ കാർവർണനെ തിരുട്ടുഗ്രാമത്തില്‍ നിന്നാണ് പിടികൂടിയത്.
സംഘത്തലവനായ കാര്‍വര്‍ണ്ണനും മറ്റൊരു പ്രതിയും സ്വന്തം ഗ്രാമത്തില്‍ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി വേഷം മാറി താമസിച്ച് നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞദിവസം കാര്‍വര്‍ണ്ണനെ തിരിച്ചറിഞ്ഞ പൊലീസ് സംഘം പിടികൂടുകയായിരുന്നു.
also read: കാലടിയിൽ ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് 20 ലക്ഷത്തോളം രൂപ കവർന്നു
പ്രതി പൊലീസിനെ തള്ളിയിട്ട് രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും പ്രതിയെ സാഹസികമായി കീഴടക്കുകയായിരുന്നു. കവർച്ചക്ക് പിന്നാലെ പൊലീസ് സ്ഥലത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചതിൽ നിന്നാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്. മൂന്നംഗ തിരുട്ട് സംഘമാണ് കവർച്ചക്ക് പിന്നിലെന്ന് വ്യക്തമായതോടെ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചു. പ്രതികളിലൊരാളായ മുത്തര്‍ കുമാരനെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മുത്തർ കുമാരൻ പിടിയിലായതോടെ സംഘത്തലവനായ കാര്‍വര്‍ണനും കൂട്ടുപ്രതിയും വിവിധ സംസ്ഥാനങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. ഒളിവിൽ കഴിയുന്ന പ്രതിയെക്കുറിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here