എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ വര്‍ധനവ്; ബിജെപി ഭരണത്തിന് കീഴില്‍ ദളിതര്‍ അരക്ഷിതരെന്ന് എ എ റഹീം എം പി

രാജ്യത്ത് ദളിതര്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ക്രമാതീതമായി വര്‍ധിക്കുന്നുവെന്ന് എ എ റഹീം എം പി. 2017ല്‍ നിന്ന് 2021 ആകുമ്പോള്‍ എസ്‌സി വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ 17.8 ശതമാനം വര്‍ധനയും എസ്ടി വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ 23 ശതമാനം വര്‍ധനയും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പിന്നോക്ക വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണവുമായി ബന്ധപ്പെട്ട് എ എ റഹീം എം പി രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ ചുമതലയുള്ള മന്ത്രി രാംദാസ് അധാവാലെ നല്‍കിയ മറുപടിയിലാണ് ഇത് സംബന്ധിച്ച കണക്ക് നല്‍കിയത്.

Also read- ഹരിയാനയിലെ സംഘര്‍ഷം; ബിജെപിയുമായി ഇടഞ്ഞ് സഖ്യകക്ഷി

ഇന്ത്യയില്‍ ഏറ്റുമധികം എസ്‌സി വിഭാഗക്കാര്‍ അക്രമത്തിനിരയാകുന്നത് യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ്. 2017 ല്‍ 11444 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 2021 ആകുമ്പോള്‍ അത് 14 ശതമാനത്തിലധികം വര്‍ദ്ധിച്ച് 13146 ആയി. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ എസ്‌സി വിഭാഗക്കാര്‍ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത് ബിജെപി തന്നെ ഭരിക്കുന്ന മധ്യപ്രദേശിലാണ്. 5892ല്‍ നിന്ന് 2021 ആകുമ്പോഴേക്കും 7214 ആയി അക്രമങ്ങള്‍ വര്‍ധിച്ചു. മൂന്നാം സ്ഥാനം ബിഹാറിനാണ്. 2021 ല്‍ മാത്രം 5842 കേസുകളാണ് ബിഹാറില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലും ക്രമാതീതമായ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനില്‍ 2017 ല്‍ നിന്ന് 2021 ആകുമ്പോഴേക്കും 77 ശതമാനം വര്‍ധനവ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ കേരളത്തിലെ കണക്കുകള്‍ ആശ്വാസം നല്‍കുന്നതാണ്. ആയിരത്തില്‍ താഴെ മാത്രം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ വരുന്നതും ജനസംഖ്യാനുപാതികമായി പരിഗണിക്കുമ്പോള്‍ ഏറെ മുന്നിലുമാണ് കേരളത്തിന്റെ സ്ഥാനം.

എസിടി വിഭാഗങ്ങള്‍ക്ക് നേരെയുള്ള അക്രമങ്ങളും രാജ്യത്ത് വര്‍ധിച്ചുവരികയാണ്. 2017 ല്‍ നിന്നും 2021 ആകുമ്പോഴേക്കും 23 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഏറ്റവുമധികം ആള്‍ക്കാര്‍ ആക്രമിക്കപ്പെടുന്നത് ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലാണ്. 2017ല്‍ 2289 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2021 ആകുമ്പോഴേക്കും അത് 14 ശതമാനം വര്‍ധിച്ച് 2627 ആയി. കോണ്‍ഗ്രസ്് ഭരിക്കുന്ന രാജസ്ഥാനാണ് പട്ടികയില്‍ രണ്ടാം സ്ഥാനം. അശോക് ഗെഹ്‌ലോട്ടിന്റെ ഭരണകാലത്ത് സംസ്ഥാനത്ത് എസ്ടി വിഭാഗത്തിന് നേരെയുള്ള അക്രമത്തില്‍ 115 ശതമാനത്തിലധികം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ബിജെപി ഭരിക്കുന്ന സംസ്ഥാനമായ മഹാരാഷ്ട്രയും കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡും എസ്ടി വിഭാഗങ്ങള്‍ക്ക് നേരെയുള്ള അക്രമത്തില്‍ മുന്നിട്ട് നില്‍ക്കുന്നു.

Also read- അപകീര്‍ത്തി കേസ്; മാപ്പ് പറയില്ലെന്ന് രാഹുല്‍ ഗാന്ധി

അതോടൊപ്പം ജാര്‍ഖണ്ഡ്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ദുരഭിമാനക്കൊലയുടെ കാര്യത്തില്‍ മുന്നിട്ട് നില്‍ക്കുന്നുവെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. 2021 വരെയുള്ള വിവരങ്ങള്‍ മാത്രമാണ് നല്‍കിയിട്ടുള്ളതെന്നും അതിന് ശേഷമുള്ള വിവരങ്ങള്‍ ലഭ്യമല്ലെന്നും മന്ത്രി മറുപടിയില്‍ സൂചിപ്പിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ദളിതര്‍ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത്. 2021ന് ശേഷം രാജ്യത്ത് ഡാറ്റകള്‍ പ്രസിദ്ധീകരിക്കുന്നത് നിര്‍ത്തിയ കേന്ദ്ര സര്‍ക്കാരിന് ‘ ഡാറ്റ ഫോബിയ’ യാണ്. സബ്കാ സാത്ത് സബ്കാ വികാസ് എന്നത് പൊള്ളയായ വാഗ്ദാനമാണെന്നും രാജ്യത്ത് ദളിതര്‍ ആക്രമിക്കപ്പെടുമ്പോള്‍ അതിന് ചുക്കാന്‍ പിടിക്കുന്ന സമീപനമാണ് നരേന്ദ്രമോദിയും ബിജെപി സര്‍ക്കാരും സ്വീകരിക്കുന്നതെന്നും, കേരളം പ്രതീക്ഷയുടെ തുരുത്താണെന്നും രാംദാസ് അധാവാലേ നല്‍കിയ മറുപടിയില്‍ പ്രതികരിച്ച് എ എ റഹീം എം പി കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News