ബുർക്കിനാ ഫാസോയിൽ തീവ്രവാദ ആക്രമണം; 60 മരണം

ആഫ്രിക്കൻ രാജ്യമായ ബുർക്കിനാ ഫാസോയിൽ പട്ടാളവേഷ ധാരികളുടെ ആക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടു. ബുർക്കിനാ ഫാസോയിൽ മാലി അതിർത്തിക്കടുത്തുള്ള കർമ്മ എന്ന ഗ്രാമത്തിലാണ് പട്ടാളവേഷ ധാരികൾ എത്തി ആൾക്കൂട്ടത്തിന് നേരെ വെടിയുതിർത്തത്. പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. നിരവധിയാളുകൾക്ക് പരുക്കേറ്റ ആക്രമണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മോട്ടോർ ബൈക്കുകളിലും പിക്കപ്പ് ട്രക്കുകളിലുമായി എത്തിയ സൈനിക വേഷധാരികളായ നൂറോളം യുവാക്കളുടെ സംഘം ഗ്രാമത്തിനകത്തേക്ക് കയറി ആളുകളുടെ നേരെ വെടിവെക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. മരണസംഖ്യ 80ലധികമാണെന്നാണ് അനൗദ്യോഗിക കണക്ക്. സൈനിക വേഷത്തിലെത്തിയത് അൽഖ്വയ്ദയുമായും ഐഎസുമായും ബന്ധമുള്ള പ്രാദേശിക തീവ്രവാദ ഗ്രൂപ്പുകൾ ആണെന്നാണ് സൂചന. സംഭവത്തിൽ പരുക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റിയെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു.

മാലിയിലെ ട്വാരഗ് ഗോത്രത്തിനു വേണ്ടിയുള്ള വിഘടനവാദ നീക്കം തീവ്ര ഗ്രൂപ്പുകൾ ഏറ്റെടുത്തതോടെയാണ് 2012ൽ മാലിയിലും ബുർക്കിനാ ഫാസോയിലും സംഘർഷമാരംഭിച്ചത്. നിലവിൽ ബുർക്കിനാഫാസോയുടെ 40% പ്രദേശവും ഈ തീവ്രവാദ ഗ്രൂപ്പിൻറെ കയ്യിലാണ്. ഇന്ന് ആക്രമണം ഉണ്ടായ കർമ്മ ഗ്രാമത്തിൽ നിന്ന് 40 കിലോമീറ്റർ അകലെ ഓരമ ഗ്രാമത്തിൽ വച്ച് കഴിഞ്ഞയാഴ്ച ഇതുപോലൊരു ആക്രമണത്തിൽ 34 പ്രതിരോധ വളണ്ടിയർമാരും ആറ് സൈനികരും കൊല്ലപ്പെട്ടിരുന്നു. മുഴുവൻ തീവ്രവാദ ഗ്രൂപ്പുകളെയും നേരിടാൻ സൈനികനീക്കം നടത്തുമെന്നാണ് ഭരണകൂട പ്രഖ്യാപനം. സൈന്യവും തീവ്രവാദികളും തമ്മിലുള്ള സംഘർഷത്തിൽ ഇതുവരെ പതിനായിരത്തിൽ അധികമാളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. മരണ കണക്കും സൈനിക നേതൃത്വത്തോടുള്ള എതിർപ്പും മൂലം കഴിഞ്ഞവർഷം മാത്രം രണ്ടു തവണ ഭരണകൂട അട്ടിമറി നടന്നിരുന്നു. 2022 സെപ്റ്റംബറിൽ നടന്ന അട്ടിമറിയിലൂടെ പ്രസിഡന്റായ ഇബ്രാഹിം ത്രയോർ അടുത്തവർഷം തെരഞ്ഞെടുപ്പ് നടത്തും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News