കേരളത്തിന്‍റെ യഥാര്‍ത്ഥ കഥ കാണാന്‍ ആളുണ്ട്, ‘വിഭാഗീയ പ്രചാരണം’ ക്ലച്ച് പിടിച്ചില്ല

അഭിലാഷ് രാധാകൃഷ്ണന്‍:

വെറുപ്പിന്‍റെ രാഷ്ട്രീയം പരത്തുന്നവരെ പുറംകാല്‍ കൊണ്ട് തൊ‍ഴിച്ച ചരിത്രമേ മലയാളികള്‍ക്കുള്ളു. അത് കലയിലായാലും സാംസ്കാരിക ഇടപെടലിലായാലും രാഷ്ട്രീയ ഇടങ്ങളിലായാലും വ്യത്യാസമില്ല. ആ ചരിത്രം വീണ്ടും ആവര്‍ത്തിച്ചിരിക്കുന്നു.

ഇല്ലാക്കഥ വിളമ്പി കേരളത്തില്‍ വിഭാഗീയത സൃഷ്ടിച്ച് നേട്ടാമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്ക് അടി തെറ്റുകയാണ്. കേരളത്തില്‍ ലവ് ജിഹാദ് ഉണ്ടെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായും പ്രചരിപ്പിക്കാന്‍ നിര്‍മ്മിച്ച ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തെ മലയാളികള്‍ നിലംതൊടിയിച്ചില്ല. ചിത്രം കാണാന്‍ ആളുമില്ല, കളിക്കാന്‍ വേണ്ടത്ര തീയറ്ററുകളുമില്ല. ചിത്രത്തിന് വേണ്ടി  പ്രധാനമന്ത്രിയും സംഘപരിവാറും ചില ദേശീയ മാധ്യമങ്ങളും ചേര്‍ന്ന് വലിയ പ്രചാരവേല ചെയ്തെങ്കിലും അതൊന്നും ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ വിലപ്പോയില്ല എന്നതാണ് ക‍ഴിഞ്ഞ ദിവസങ്ങളില്‍ കണ്ടത്.

ഇതിനിടെ വലിയ പ്രചാരണങ്ങള്‍ ഒന്നുമില്ലാതെ പുറത്തിറങ്ങിയ ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത 2018 ലെ പ്രളയം പ്രമേയമായ ‘2018’ എന്ന ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ജാതിയും മതവും മറന്ന് തോളോട് തോള്‍ ചേര്‍ന്ന് മലയാളികള്‍ പ്രളയത്തെയും മഹാമാരിയെയും നേരിട്ട കഥയാണ് 2018. 2018 ആണ് യഥാര്‍ത്ഥ കേരള സ്റ്റോറിയെന്നും വര്‍ഗീയതയ്ക്ക് ഇവിടെ സ്ഥാനമില്ലെന്നുമാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നതും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതും. ചിത്രത്തിന്‍റെ പോസ്റ്ററില്‍ ‘ദി റിയല്‍ കേരള സ്റ്റോറി’  എന്നെ‍ഴുതിയ പോസ്റ്ററുകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി തുടങ്ങിയവര്‍ വേഷമിട്ട ചിത്രത്തിന് ഇതിനോടകം വലിയ സ്വീകാര്യത കേരളത്തില്‍ നേടാന്‍ ക‍ഴിഞ്ഞു.

കേരളത്തിന്‍റെ കഥയെന്ന പേരില്‍ വിദ്വേഷം പ്രചരിപ്പിക്കുന്ന ചിത്രവും കേരളത്തിന്‍റെ യഥാര്‍ത്ഥ കഥ പറയുന്ന ചിത്രവും ഒരേ സമയത്ത് പുറത്തിറങ്ങിയത് അവിചാരിതമായിട്ടായിരിന്നു. എന്നാല്‍ 2018 എന്ന ചിത്രം ദി കേരള സ്റ്റോറിക്ക് കേരളത്തില്‍  വലിയ ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നാണ് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഓണ്‍ലൈന്‍ ബുക്കിങ് ആപ്പുകളില്‍ 2018 ന് പലയിടത്തും ടിക്കറ്റുകള്‍ ലഭ്യമല്ല, എന്നാല്‍ ദി കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നിടത്ത് കാണാന്‍ ആളുകളുമില്ല. ഈ രണ്ട് ചിത്രങ്ങളുടെയും സീറ്റ് റിസര്‍വേഷന്‍ ചാര്‍ട്ട് താരതമ്യം ചെയ്ത് നിരവധി  പോസ്റ്റുകളും ട്രോളുകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ബുക്കിങ് ആപ്പുകളിലെ റിസര്‍വേഷന്‍ ചാര്‍ട്ട് പ്രകാരം അടുത്ത വെള്ളിയാ‍ഴ്ചയ്ക്ക് മുമ്പ് തന്നെ ദി കേരള സ്റ്റോറി കേരളത്തില്‍ വാഷ് ഔട്ടായേക്കുമെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.

അതേസമയം എ.ആര്‍.റഹ്മാന്‍, റസൂല്‍ പൂക്കുട്ടി തുടങ്ങിയ പ്രമുഖര്‍ കേരളത്തിന്‍റെ യഥാര്‍ത്ഥ കഥയെന്ന ഹാഷ്ടാഗില്‍ മതനിരപേക്ഷ കേരളത്തിലെ വിവിധ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി പോസ്റ്റുകള്‍ പങ്കുവയ്ക്കുകയാണ്.  കലയെ വിദ്വേഷ പ്രചരണത്തിന് ഉപയോഗിച്ചതില്‍ പ്രതിഷേധിച്ച് ദേശീയ തലത്തില്‍  മാധ്യമപ്രവര്‍ത്തകരും സിനിമാ നിരൂപകരും ദി കേരള സ്റ്റോറിക്കെതിരെ രംഗത്തെത്തി. ചിത്രത്തിന് വേണ്ടി പ്രചാരണം നടത്തിയ പ്രധാനമന്ത്രിക്കെതിരെയും സംഘപരിവാര്‍ ശക്തികള്‍ക്കെതിരെയും സോഷ്യൽ മീഡിയയിൽ വിമര്‍ശനങ്ങള്‍ നിറയുകയാണ്. സംഘപരിവാര്‍ അജണ്ടയാണ് സിനിമയക്ക് പിന്നിലെന്നും കേരളത്തില്‍ ഇത് വിലപ്പോവില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയനും  സര്‍ക്കാരും പ്രസ്താവിച്ചിരിന്നു. പ്രതിപക്ഷ നേതാക്കളും ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News