ഇരട്ടച്ചങ്കന്‍ മാക്‌സ്‌വെല്‍ ; അഫ്ഗാന്‍ തീയുണ്ടകളില്‍ വിറച്ചു; ഫിനീക്‌സായി ഓസ്‌ട്രേലിയ

അഫ്ഗാനെ ഇനി ഒരിക്കലും ദുര്‍ബലരെന്ന് വിളിക്കരുത്. അവര്‍ കരുത്തരാണ്. ഭാഗ്യത്തിന്റെയും ഓസ്‌ട്രേലിയന്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ കരുത്തിലും കങ്കാരുക്കള്‍ ലോകകപ്പിന്റെ സെമിയിലെത്തിയിരിക്കുകയാണ്. തോല്‍വിയുടെ രുചിയറിയുമെന്ന ഘട്ടത്തില്‍ നിന്നും മൂന്നു വിക്കറ്റ് വിജയം ഓസ്‌ട്രേലിയ കരസ്ഥമാക്കിയപ്പോള്‍ ഇരട്ടച്ചങ്കനാണ് മാക്‌സ്‌വെല്ലെന്ന് പറയാതെ വയ്യ. അഞ്ചു തവണ കിരീടം നേടിയ ലോക ഒന്നാം നമ്പര്‍ ടീം ഒരുസമയം പരാജയം ഉറപ്പിച്ചിരുന്നു. ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച വാങ്കഡേയില്‍ അഫ്ഗാന്‍ ഉയര്‍ത്തിയ 292 റണ്‍സ് വിജയലക്ഷ്യം 46.5 ഓവറില്‍ മറികടന്നു. 91 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ നിന്നാണ് ഫിനീക്‌സ് പക്ഷിയെ പോലെ ഓസീസ് ഉയര്‍ത്തെഴുന്നേറ്റത്.

ALSO READ: മലിനീകരണ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനൊരുങ്ങി ദില്ലി സര്‍ക്കാര്‍

ഏഴുവിക്കറ്റ് എന്ന നിലയില്‍ പതറിയെ ഓസീസിനെ ഒറ്റയ്ക്ക് ചുമലിലേറ്റി അസാമാന്യമായ പ്രകടനത്തിലൂടെ വിജയത്തിലേക്ക് നയിച്ചിരിക്കുകയാണ് ഗ്ലെന്‍ മാക്സ്വെല്‍ എന്ന റണ്‍ മെഷീന്‍. ഇരട്ട സെഞ്ചുറി നേടിയാണ് താരം ടീമിന് ഉജ്ജ്വല വിജയം സമ്മാനിച്ചത്. കൂട്ടിന് ഒരു സ്പെഷ്യലിസ്റ്റ് ബാറ്റര്‍ പോലുമില്ലാതിരുന്നിട്ടും മാക്സ്വെല്‍ ഒറ്റയ്ക്ക് നിന്ന് പൊരുതി അത്ഭുതകരമായി ടീമിന് വിജയം സമ്മാനിച്ചു. 128 പന്തുകളെ നേരിട്ട മാക്‌സ്‌വെല്‍ 21 ഫോറും 10 സിക്‌സറും ചേര്‍ത്ത് 201 റണ്‍സാണ് നേടിയത്. ഈ ലോകകപ്പില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്. പേശിവലിവും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും താരത്തെ അസ്വസ്ഥനാക്കിയെങ്കിലും അഫ്ഗാന്‍ തീയുണ്ടകളെ കൃത്യമായി തന്നെ താരം നേരിട്ടു. അതേസമയം തോറ്റെങ്കിലും അഫ്ഗാന് സെമി സാധ്യതകള്‍ അസ്തമിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയെ വലിയ മാര്‍ജിനില്‍ തോല്‍പ്പിക്കുകയാണ് അഫ്ഗാന് മുന്നിലുള്ള വെല്ലുവിളി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here