ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ തകർത്ത് ഓസ്ട്രേലിയ. 209 റൺസിനാണ് ഇന്ത്യയെ തകർത്ത് ഓസിസ് കിരീടം ചൂടിയത്. മത്സരത്തിൻ്റെ അഞ്ചാം ദിനത്തിലും ഓസിസ് ബോളർമാർ പിടിമുറുക്കിയപ്പോൾ ടീം ഇന്ത്യക്ക് തോൽവി അനിവാര്യമാവുകയായിരുന്നു.ഇതോടെ ഐസിസിയുടെ എല്ലാ പ്രധാന കിരീടങ്ങളും നേടുന്ന ആദ്യ ടീമായി ഓസിസ് മാറി. ഓസ്ട്രേലിയ ഉയർത്തിയ 443 റൺസിന്റെ കൂറ്റൻ ലീഡ് മറികടക്കാനിറങ്ങിയ ഇന്ത്യ 63.3 ഓവറിൽ 234 ന് എല്ലാവരും പുറത്താവുകയായിരുന്നു. 78 പന്തിൽ 49 റൺസ് നേടിയ വിരാട് കോഹ് ലിയാണ് ഇന്ത്യയുടെ ടോപ്പ് സ്കോറർ. അജിൻക്യ രഹാനെ 108 പന്തിൽ 46 റൺസും സ്വന്തമാക്കി. 41റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ നാഥൻ ലിയോണും 46 റൺസ് വിട്ടു നൽകി വിക്കറ്റ് വീഴ്ത്തിയ സ്കോട്ട് ബോളണ്ടുമാണ് ഇന്ത്യൻ ഇന്നിംഗ്സിൻ്റെ തകർച്ച പൂർണ്ണമാക്കിയത്.
Also Read: അരിക്കൊമ്പന്‍ കേരള അതിര്‍ത്തിയിലേക്കോ? നിരീക്ഷണം ശക്തമാക്കി.
രണ്ടാം ഇന്നിങ്സിൽ കംഗാരുപ്പട എട്ട് വിക്കറ്റ് നഷ്ടത്തിൽ 270 റൺസെടുത്ത് ഡിക്ലയർ ചെയ്യുകയായിരുന്നു. വിക്കറ്റ് കീപ്പർ അലക്സ് കാരിയാണ് (105 പന്തുകളിൽ പുറത്താവാതെ 66) ഓസീസ് നിരയിലെ ടോപ് സ്കോറർ. മാർനസ് ലെബുഷെയിനും മിച്ചൽ സ്റ്റാർക്കും 41 റൺസ് വീതമെടുത്തു. സ്റ്റീവൻ സ്മിത്ത് മുപ്പത്തിനാലും കാമറൂൺ ഗ്രീൻ ഇരുത്തിയഞ്ചും റൺസെടുത്തു.
ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് ശമിയും ഉമേഷ് യാദവും രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.
മികച്ച ലീഡുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഓസീസിന് നിലയുറപ്പിക്കും മുൻപെ ഓപ്പണർ ഡേവിഡ് വാർണറെ (1) നഷ്ടമായിരുന്നു. മുഹമ്മദ് സിറാജിന്റെ പന്തിൽ വിക്കറ്റ് കീപ്പർ കെ.എസ്. ഭരത് പിടിച്ചാണ് താരം പുറത്തായത്. കരുതിക്കളിച്ച ആസ്ട്രേലിയൻ നിരയിൽ ഉസ്മാൻ ഖ്വാജയാണ് പിന്നീട് വീണത്. ഉമേഷ് യാദവിന്റെ പന്തിൽ ഭരത് തന്നെ ക്യാച്ചെടുത്തായിരുന്നു 13 റൺസ് സമ്പാദ്യവുമായി താരത്തിന്റെ മടക്കം. ഒന്നാം ഇന്നിംഗ്സിലെ സെഞ്ച്വറി വേട്ടക്കാരായ സ്റ്റീവ് സ്മിത്തിനെയും (34) ട്രാവിസ് ഹെഡിനെയും (18) പുറത്താക്കി രവീന്ദ്ര ജഡേജ പുറത്താക്കി.
ലെബുഷെയിനെ ഉമേഷ് യാദവിന്റെ പന്തിൽ പുജാര പിടിച്ച് പുറത്താക്കി. സ്കോർ 167-ൽ നിൽക്കെ കാമറൂൺ ഗ്രീനും ജദേജയുടെ പന്തിൽ ബൗൾഡായി മടങ്ങി. എന്നാൽ, ഉച്ച ഭക്ഷണത്തിന് ശേഷം അലക്സ് കാരി, സ്റ്റാർക് കൂട്ടുകെട്ട് ഓസീസിന്റെ സ്കോർ അതിവേഗമുയർത്തുകയായിരുന്നു. ഏഴാം വിക്കറ്റിൽ ഇരുവരും ചേർന്ന് 120 പന്തുകളിൽ 93 റൺസാണ് കൂട്ടിച്ചേർത്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here