യുകെയിൽ ഈയാഴ്ച തുടക്കം മുതൽ ആരംഭിച്ച മഞ്ഞുവീഴ്ചയ്ക്കൊപ്പം ബെർട്ട് കൊടുങ്കാറ്റും വീശി തുടങ്ങിയതോടെ അധികൃതർ ജാഗ്രതാനിർദേശം നൽകി. കഴിഞ്ഞ ദിവസം ബെർട്ട് കൊടുങ്കാറ്റിൽ കാറിന് മുകളിൽ മരം വീണ് ഒരാൾ മരിച്ചിരുന്നു. ശനിയാഴ്ച പുലർച്ചെയാണ് വിൻചെസ്റ്ററിന് സമീപം എ 34 ൽ കാറിൽ മരം വീണ് 60 വയസുള്ള ഒരാൾ മരിച്ചതായി ഹാംഷെയർ പൊലീസിനെ ഉദ്ദരിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
കാറ്റിന് ഒപ്പം ചിലയിടങ്ങളിൽ മഴയും ആരംഭിച്ചിട്ടുണ്ട്. ഇതിനാൽ ഇനിയുള്ള ദിവസങ്ങളിൽ കാലാവസ്ഥ കൂടുതല്‍ സങ്കീര്‍ണമാകുമെന്നും മുന്നറിയിപ്പ് ഉണ്ട്. സ്‌കോട്‌ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ സ്‌കോട്‌ലൻഡ് എന്നിവിടങ്ങളില്‍ പൊതുജനം കൂടുതൽ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പ് ഉണ്ട്.
സ്‌കോട്‌ലൻഡ്, നോർത്തേൺ അയര്‍ലന്‍ഡ്, നോര്‍ത്ത് വെയില്‍സ്, വടക്കന്‍ ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ശക്തമായ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ് ഉണ്ടായിരുന്നത്. ചില റോഡുകളില്‍ മഞ്ഞുവീഴ്ച മൂലം വാഹന ഗതാഗത സംവിധാനങ്ങൾ പ്രതിസന്ധിയിലായിട്ടുണ്ട്. മിക്ക സ്ഥലങ്ങളിലും റോഡ്, റെയിൽ, വിമാന യാത്രകൾ ബുദ്ധിമുട്ടിലായിട്ടുണ്ട്. ശനിയാഴ്ച വരെ, വെയിൽസിലെ 1,186 വീടുകളിലും തെക്ക്-പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ 819 വീടുകളിലും വൈദ്യുതി ഇല്ലെന്ന് നാഷനൽ ഗ്രിഡ് അറിയിച്ചു.
ന്യൂകാസിൽ എയർപോർട്ട്, ലീഡ്‌സ് ബ്രാഡ്‌ഫോർഡ് എയർപോർട്ട് എന്നിവിടങ്ങളിൽ നിരവധി ഫ്ലൈറ്റ് സർവീസുകൾ വൈകി. മഞ്ഞുവീഴ്ചയുടെ സാധ്യത കണക്കിലെടുത്ത് യോർക്ക്ഷയറിലെയും വടക്ക്-കിഴക്കൻ ഇംഗ്ലണ്ടിലെയും റോഡുകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇംഗ്ലണ്ടിൽ മൊത്തത്തിൽ 35 ഇടങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പുകൾ ഇപ്പോഴും തുടരുന്നുണ്ട്.
ALSO READ; ‘അതിനെത്രയാ വില?’ മസ്‌കിന്റെ അടുത്ത ലക്ഷ്യം എംഎസ്എൻബിസി?
സ്കോട്‌ലൻഡിൽ കഴിഞ ദിവസം പ്രതീക്ഷിച്ചതിലും കൂടുതൽ മഞ്ഞു വീഴ്ചയുണ്ടായിരുന്നു. നിരവധി സ്കോട്ടിഷ് ഫുട്ബോൾ മത്സരങ്ങളും ഇതിനെത്തുടർന്ന് റദ്ദാക്കി. നോർത്ത് വെയിൽസിലെ ഡെൻബിഗ്ഷെയറിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഒരു വീട്ടിൽ നിന്ന് അഞ്ച് മുതിർന്നവരെയും അഞ്ച് കുട്ടികളെയും രക്ഷപ്പെടുത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here