അവസാനത്തെ ആകാശം; ജയചന്ദ്രൻ എഴുതിയ കവിത

ഭ്രാന്തൻപൂവുകൾ
സമരം ചെയ്യുന്ന
ഈ തോട്ടത്തിലേക്ക്
ഞാനെന്ന ചിത്രശലഭവും

പറന്നുവന്ന ആകാശത്തിലേക്ക്
പൂവുകളും പറക്കുന്നു

എന്നോടൊപ്പമുള്ള നിമിഷങ്ങൾ തന്നെ
വസന്തമെന്ന്
പ്രഖ്യാപിക്കുന്നു

സമരരേഖകളുടെ
രക്തം പുരണ്ട്
ആകാശം സ്വാതന്ത്ര്യത്തിൻ്റെ
പതാകപോലെ
അതിരുകളില്ലാതെ
പാറിപ്പറക്കുന്നു.

ഇനിയും സാദ്ധ്യമാകാത്ത
സമരാനന്തര സ്വാതന്ത്ര്യത്തിൻ്റെ
ശവവും പേറി
ജനാധിപത്യഭൂമിയിലേക്ക്
നോക്കിയിരിക്കുന്ന ആകാശം
കമിഴ്ന്നടിച്ചു വീഴുമെന്നു തോന്നുന്നു.

ചിത്രശലഭങ്ങളും
പൂവുകളും
സമരത്തിലാണ്.

കിളികൾ
ചിറകുകൾ
വേണ്ടെന്നു പറഞ്ഞ നിമിഷം;

ആകാശത്തിനു
പിടിച്ചുനിൽക്കാനായില്ല-
അത്
പുതിയ പാർലമെൻ്റിലേക്ക്
കമിഴ്ന്നടിച്ചു വീണു .

പൂവുകൾ
സംസാരിക്കുന്നത്
അതേക്കുറിച്ചാണ്.

അധികാരികൾക്ക്
ചെവിയില്ലാത്തത് അറിയാമെങ്കിലും
കണ്ണില്ലാത്തത്
അറിയാമെങ്കിലും
അനിവാര്യമായ പ്രതിരോധം
അസ്വസ്ഥപ്പെടുത്തുമെന്നത് തീർച്ച.

പുതിയ പാർലമെൻ്റിലേക്ക്
ചലനമില്ലാത്തവരുടെ യാത്ര

ഭരണഘടനയുടെ
പുരാതനസമൂഹം
മരിച്ചുകിടക്കുന്നു.

തെരുവും വിശപ്പും
സ്വാതന്ത്ര്യം ലഭിച്ചതറിയാതെ
സത്യപ്രതിജ്ഞയുടെ
മാരകഭവിഷ്യത്തിൽ
ഇനിയൊന്നും
പ്രതീക്ഷിക്കാനില്ലെന്ന ഉറപ്പിൽ
മരണമെന്ന നിശ്ചയത്തെ
പ്രത്യാശയോടെ കാത്തിരിക്കുന്നു.

ഭരണസഭകൾക്ക്
ഒന്നും നഷ്ടപ്പെടാത്ത വിധത്തിൽ
എല്ലാം
ആസൂത്രണം ചെയ്യപ്പെട്ടിരിക്കുന്നു

ഒരു മൊട്ടുസൂചിയുടെ
ലാഘവമുള്ള മുനപോലും
അവർക്കു വേണ്ട
എല്ലാ സമരങ്ങളും
കുത്തിപ്പൊട്ടിക്കാൻ!

ALSO READ: അപ്രതീക്ഷിതമായി സീറ്റ് കൈവിട്ടുപോയി; പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് നേതാവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here