തനിക്ക് ലഭിച്ച പുരസ്‌കാരം സര്‍ക്കാരിലെ എല്ലാ മന്ത്രിമാര്‍ക്കുമുള്ള അംഗീകാരം: മന്ത്രി മുഹമ്മദ് റിയാസ്

തനിക്ക് ലഭിച്ച ഫൊക്കാന പുരസ്‌കാരം സര്‍ക്കാരിലെ എല്ലാ മന്ത്രിമാര്‍ക്കുമുള്ള അംഗീകാരമാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. അമേരിക്കൻ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ സംസ്ഥാനത്തെ മികച്ച മന്ത്രിക്കുള്ള പുരസ്കാരം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫൊക്കാനയുടെ നാൽപ്പതാം കേരള കണ്‍വെഷനില്‍ സംസ്ഥാനത്തെ മികച്ച മന്ത്രിക്കുള്ള പുരസ്‌കാരം ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ള മന്ത്രി പി.എ.മുഹമ്മദ് റിയാസിന് സമ്മാനിച്ചു.

ഭാവിയില്‍ കഠിനാദ്ധ്വാനത്തിനുള്ള ഊര്‍ജമാണ് പുരസ്ക്കാരമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഉന്നത വിദ്യാഭ്യാസം, മാലിന്യ വിഷയം എന്നിവയില്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടലുകളാണ് നടത്തുന്നത്. ഫൊക്കാനയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കും. അഴിമതിക്കെതിരെ സന്ധിയില്ലാത്ത നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ അഭിപ്രായങ്ങള്‍ സ്വീകരിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. വികസനകാര്യത്തില്‍ എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോവും.1957ലെ സര്‍ക്കാര്‍ മുതല്‍ ഇതുവരെയുള്ള മന്ത്രിസഭകളിലെ കണക്കെടുത്താല്‍ ഏറ്റവും കൂടുതല്‍ വനിതകളുള്ളത് ഈ സര്‍ക്കാരിലാണ്. മൂന്ന് പേര്‍. അത് കൂടുതലാണെന്ന അഭിപ്രായമില്ല. സ്ത്രീപ്രാധിനിത്യം ഇനിയും വര്‍ദ്ധിപ്പിക്കണം. പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് ഒരു വനിതാ എംഎല്‍എ ഉണ്ടാവാന്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നു. അതേസമയം മുസ്ലിം  ലീഗിനാകട്ടെ ഒരു വനിതാ എംഎല്‍എ പോലുമില്ലെന്നും ഇത് ആരെയും കുറ്റപ്പെടുത്താനല്ല പറയുന്നതെന്നും മന്ത്രി റിയാസ് വ്യക്തമാക്കി .

ഖത്തറിലെ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍സ് കൗണ്‍സിലിന്റെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട പ്രമുഖ വ്യവസായി ജെ.കെ.മേനോനെ ചടങ്ങില്‍ ആദരിച്ചു. ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു സ്റ്റീഫന്‍ അദ്ധ്യക്ഷനായി. ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ.കല ഷാഹി, കേരളീയം ചെയര്‍മാന്‍ പി.വി. അബ്ദുള്‍ വഹാബ് എം.പി, സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി, ഫൊക്കാന വാഷിംഗ്ടണ്‍ റീജിയന്‍ വൈസ് പ്രസിഡന്റ് ജോണ്‍സണ്‍ തങ്കച്ചന്‍, ഫൊക്കാന അസോസിയേറ്റ് ട്രഷറര്‍ ജോര്‍ജ് പണിക്കര്‍, കേരളീയം വൈസ് ചെയര്‍മാന്‍ സരോഷ് പി. എബ്രഹാം, ഫൊക്കാന വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News