വടക്കേ അമേരിക്കയിലെ ചലച്ചിത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി കൈരളി ടിവി സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റിവലിലെ വിജയികൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. വടക്കേ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളിൽ നിന്നായി 40 ഹ്രസ്വ ചിത്രങ്ങളാണ് മൽസരത്തിൽ പങ്കെടുത്തത്. അമേരിക്കൻ മലയാളികളുടെ ജീവിത പരിസരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ലഘു ചിത്രങ്ങളായിരുന്നു മൽസരത്തിൽ പങ്കെടുത്തത്. മൽസരത്തിൽ മികച്ച ഷോർട്ട് ഫിലിമായി ഒയാസിസ് തെരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിൻ്റെ സംവിധാനവും രചനയും നിർവഹിച്ച ശ്രീലേഖ ഹരിദാസിന് നടൻ പൗലോസ് പാലാട്ടി മൊമെൻ്റോയും ക്യാഷ് അവാർഡും നൽകി.
മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ജോസ് കുട്ടി വലിയ കല്ലുങ്കലിന് (മിക്സഡ് ജ്യൂസ് ,പോസിറ്റീവ് ) കൈരളിയുടെ യുഎസ്എ പ്രതിനിധി ജോസ് കാടാപുറം അവാർഡ് നൽകി. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട ദീപ മേനോന് (ഒയാസിസ്) കേരള സെൻ്റർ വൈസ് പ്രെസിഡൻ്റ് ഡെയ്സി സ്റ്റീഫൻ അവാർഡ് നൽകി. അധ്യാപികയും എഴുത്തുകാരിയും ആയ ദീപ നിശാന്ത് (അസിസ്റ്റൻ്റ് പ്രൊഫസർ ശ്രീ വിവേകാനന്ദ കോളജ് ) , കവിയും കൈരളി ന്യൂസ് ഡയറക്ടറുമായ ഡോക്ടർ എൻ.പി. ചന്ദ്രശേഖരൻ എന്നിവരായിരുന്നു ഫെസ്റ്റിവലിലെ ജൂറിമാർ. മൽസരത്തിൻ്റെ ഫൈനൽ റൗണ്ടിലേക്ക് 11 ഹ്രസ്വ ചലച്ചിത്രങ്ങളായിരുന്നു തെരെഞ്ഞെടുക്കപ്പെട്ടത്. കൈരളി ടിവി എംഡി ഡോ. ജോൺ ബ്രിട്ടാസ്, വടക്കേ അമേരിക്കയിലെ കൈരളി ടിവി പ്രതിനിധികളായ ജോസ് കാടാപുറം , ജോസഫ് പ്ലാക്കാട്ട്, പ്രൊഡക്ഷൻ ഹെഡ് ജേക്കബ് മാനുവൽ എന്നിവർ ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് നേതൃത്വം നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here