ദുബായിൽ ബസ് ഡ്രൈവർമാർക്കായി ദുബായ് ആർടിഎയുടെ നേതൃത്വത്തിൽ ബോധവല്‍ക്കരണ പരിശീലന പരിപാടി നടത്തി. ദുബായ് പൊലീസിന്റെ സഹകരണത്തോടെ പൊതുഗതാഗത ഏജന്‍സിയിലെ 550 ബസ് ഡ്രൈവർമാർക്കാണ് ബോധവല്‍ക്കരണ പരിശീലന പരിപാടി സംഘടിപ്പിച്ചത്. ദുബായിലെ ഗതാഗത സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി അല്‍ അവീറിലെ ബസ് ഡിപ്പോയില്‍ 5 ദിവസമായിരുന്നു പരിശീലന പരിപാടി. ദുബായ് പൊലീസും ആർടിഎയും തമ്മിലുളള സഹകരണത്തെആർടിഎ പൊതുഗതാഗത ഏജൻസിയിലെ ഡ്രൈവേഴ്‌സ് അഫയേഴ്‌സ് ഡയറക്ടർ നബീൽ യൂസഫ് അൽ അലി പ്രശംസിച്ചു. ഇരു വിഭാഗങ്ങളുടെയും സംയോജിത പ്രവർത്തനങ്ങള്‍ അപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിന് സഹായകരമായെന്നും അദ്ദേഹം പറഞ്ഞു.
ട്രാഫിക് സുരക്ഷയെക്കുറിച്ചുള്ള അവബോധം വർധിപ്പിച്ച് ട്രാഫിക് അപകടങ്ങൾ കുറയ്ക്കുക, ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ഡ്രൈവർമാരുടെ അറിവും അവ പാലിക്കേണ്ടതിൻ്റെ പ്രാധാന്യവും മെച്ചപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളും അധികൃതർ വിശദീകരിച്ചു. റോഡുകളിലെ അടിയന്തര സാഹചര്യങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ച് പരിശീലന പരിപാടിയിൽ വിശദമാക്കി. ഡ്രൈവിങ്ങിനിടെ ശരിയായ തീരുമാനങ്ങൾ എടുക്കാനുള്ള ഡ്രൈവർമാരുടെ കഴിവ് വർധിപ്പിക്കാനും അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഏറ്റവും പുതിയ ട്രാഫിക് നിയമങ്ങളെയും ചട്ടങ്ങളെയും കുറിച്ചുള്ള കാലികമായ വിവരങ്ങൾ ഡ്രൈവർമാർക്ക് നല്‍കാനും പരിശീലന പരിപാടി സഹായകരമായി.
ദുബായിലെ ഗതാഗത സുരക്ഷ വർധിപ്പിക്കുന്നതിനുള്ള ഇരു കക്ഷികളുടെയും ശ്രമങ്ങളുടെ ഭാഗമാണ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായുള്ള ഈ സംയുക്ത പരിശീലനമെന്ന് അൽ റഫ പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഒമർ ബിൻ ഹമ്മദ് പറഞ്ഞു. തുടർച്ചയായ ഇത്തരം പരിശീലനങ്ങള്‍ ഡ്രൈവിങ് നിയമങ്ങളെകുറിച്ചുളള അവബോധം വളർത്തുന്നതിന് സഹായകരമാകും. ബസുകൾ ഓടിക്കുന്നതിലും യാത്രക്കാരെ സുരക്ഷിതമായി കയറ്റുന്നതിലും ഇറങ്ങുന്നതിലും, പെട്ടെന്നുള്ള സ്റ്റോപ്പുകൾ കൈകാര്യം ചെയ്യുന്നതിലും, വിവിധ റോഡ് അവസ്ഥകൾ കൈകാര്യം ചെയ്യുന്നതിലും പരിശീലനം നല‍്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here