അയോധ്യ ക്ഷേത്രത്തിലെ പ്രസാദം എന്ന പേരില്‍ മധുരവസ്തുക്കള്‍ വിറ്റതിന് ആമസോണിന് നോട്ടീസ്. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയാണ് നോട്ടീസയച്ചത്. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. മറുപടി ലഭിച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു. കോണ്‍ഫിഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ ട്രേഡേഴ്‌സിന്റെ പരാതിയിലാണ് നടപടി.
രഘുപതി നെയ് ലഡു, അയോധ്യ റാം മന്ദിര്‍ അയോധ്യ പ്രസാദ്, ഖോയ ഖോബി ലഡു, റാം മന്ദിര്‍ അയോധ്യ പ്രസാദ്, ദേസി കൗ മില്‍ക് പേഡ എന്നിങ്ങനെയുള്ള പേരിലാണ് രാമക്ഷേത്ര പ്രസാദമെന്ന വ്യാജേന ആമസോണില്‍ വിതരണം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞിട്ടില്ലാത്ത രാമക്ഷേത്രത്തിന്റെ പ്രസാദമെന്ന പേരില്‍ വസ്തുക്കള്‍ വിതരണം ചെയ്തത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
അതേസമയം, അയോധ്യാ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്ന ജനുവരി 22ന് പൊതുമേഖലാ ബാങ്കുകള്‍ക്ക് മാത്രമല്ല, ഓഹരി വിപണികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. പിന്നാലെയാണ് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അടക്കം അവധി പ്രഖ്യാപിച്ചത്. ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാണ, മധ്യപ്രദേശ്, അസം, ഒഡീഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ 11 സംസ്ഥാനങ്ങളിലാണ് 22ന് അവധി പ്രഖ്യാപിച്ചത്. അന്നേ ദിവസം മദ്യശാലകളും അടച്ചിടും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here