അനാചാരങ്ങളുടെ നെടുങ്കോട്ടകള്‍ തകര്‍ത്ത യുഗപുരുഷൻ; ഇന്ന് മഹാത്മ അയ്യങ്കാളി ജയന്തി

ayyankali

നമ്മുടെ നാടിനെ ഒരുകാലത്ത് ജാതിവെറിയെന്ന ഇരുട്ട് വിഴുങ്ങിയപ്പോൾ, ആ ഇരുട്ടിലായവരെ കൈ പിടിച്ചു നടത്തി സമത്വമെന്ന വെളിച്ചത്തിലേക്ക് എത്തിച്ച അയ്യങ്കാളിയെന്ന വിപ്ലവകാരിയുടെ ജ്വലിക്കുന്ന ഓർമ്മകളിൽ കേരളം. വിദ്യാഭ്യാസമെന്നത് ജാതി-മത ചിന്തകൾക്കപ്പുറം ആയിരിക്കണമെന്ന് ഒരു ജനതയോട് ഉറക്കെ വിളിച്ചുപറഞ്ഞ മഹാത്മാവിന്റെ 161-ാംമത് ജന്മദിനമാണ് ഇന്ന്.

1863 ഓഗസ്റ്റ് 28ന് തിരുവനന്തപുരത്ത് വെങ്ങാനൂരിൽ പെരുങ്കാറ്റു വിളയിലെ പ്ലാവറ വീട്ടിൽ അയ്യന്റെയും മാലയുടെയും മകനായാണ് അദ്ദേഹത്തിന്റെ ജനനം. താനടക്കം ഉൾപ്പെട്ട പുലയ സമുദായം അനുഭവിച്ചിരുന്ന ദുരിതങ്ങൾ കണ്ടുതുടങ്ങിയ അദ്ദേഹത്തിന്റെ സിരകളിൽ അതിനെതിരെയുള്ള പോരാട്ടത്തിന്റെ തീനാളം കൂട്ടിക്കാലം മുതലേ ജ്വലിച്ചു തുടങ്ങിയിരുന്നു. ദുരിതങ്ങൾ കണ്ടുമടുത്ത അദ്ദേഹം തന്റെ പിന്നീടുള്ള ജീവിതം ഭൂമിക്കും ഭക്ഷണത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പോരാട്ടമാക്കി മാറ്റി.

വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയ അദ്ദേഹം, അത് സമൂഹത്തിലെ നാനാതുറകളിലെ ജനങ്ങളുടെയും അവകാശമാണെന്ന് ഉറക്കെ പറഞ്ഞു. 1904-ൽ വെങ്ങാനൂരിൽ ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം അയ്യങ്കാളി സ്ഥാപിച്ചു. എന്നാൽ അന്നേ ദിവസം തന്നെ അത് സവർണ്ണർ ചുട്ടെരിച്ചതോടെ അതിനെ അതിശക്തമായി നേരിടാൻ അദ്ദേഹം കൃഷിഭൂമി തരിശിടൽ സമരത്തെ ആയുധമാക്കി. ഭൂമി തരിശിടൽ സമരത്തിന്റെ ഒത്തുതീർപ്പു വ്യവസ്ഥയുടെ ഭാഗമായി 1907ൽ പുലയക്കുട്ടികൾക്ക് പള്ളിക്കൂടത്തിൽ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവിറങ്ങിയിരുന്നുവെങ്കിലും അക്ഷരലോകം അവർക്ക് കിട്ടാക്കനിയായിരുന്നു.

എന്നാൽ അയിത്തജാതികളിൽപ്പെട്ട കുട്ടികളുടെ പള്ളിക്കൂട പ്രവേശനനിയമം അധികൃതർ കർശനമായി പാലിക്കണമെന്ന് വിദ്യാഭ്യാസ മേധാവി നിർദേശിച്ചതോടെ ഒതന്നൂര്‍ക്കോണോത്ത് പരമേശ്വരന്റെ മകള്‍ എട്ടുവയസ്സുകാരി പഞ്ചമിയെയും ഒരു വയസ്സിളപ്പമുള്ള കൊച്ചുകുട്ടിയെയും കൂട്ടി അയ്യങ്കാളിയും സംഘവും നെയ്യാറ്റിന്‍കര ഊരൂട്ടമ്പലം പള്ളിക്കൂടത്തിലെത്തി.  കുട്ടിയെ സ്‌കൂളിൽ പ്രവേശിപ്പിക്കാൻ ഹെഡ്മാസ്റ്റര്‍ അനുവദില്ലെങ്കിലും ഇത് അവഗണിച്ച്‌ അദ്ദേഹം പഞ്ചമിയെ ക്ലാസില്‍കൊണ്ടിരുത്തി.  ആ ഇരുത്തം വെറും ക്ലാസ് മുറിയിൽ മാത്രമായിരുന്നില്ല മറിച്ച്, പ്രാഥമിക വിദ്യാഭ്യാസ ചരിത്രത്തിന്‍റെ അടിക്കല്ലിടുകയായിരുന്നു അയ്യങ്കാളി.

പഞ്ചമിയുടെ കാൽപാദം തെളിഞ്ഞ ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ സവർണ്ണർ തീവെച്ച് നശിപ്പിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പോരാട്ടം ഒരിക്കലൂം ആ അഗ്നിയിൽ കത്തിയമർന്നില്ല.  അയിത്തജാതിക്കാർക്കായി പ്രത്യേക പള്ളിക്കൂടം എന്നൊരാശയം അദ്ദേഹത്തിന്റെ മനസിലുടലെടുത്തത് ഈ സാഹചര്യത്തിലാണ്.  തുടർന്ന് ഇക്കാര്യം മിച്ചൽ സായിപ്പിനോട് നേരിൽ പറഞ്ഞത്തിന്റെ ഭാഗമായി 1914-ൽ വെങ്ങാനൂർ പുതുവൽവിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

അയ്യങ്കാളിയുടെ നേതൃത്വത്തിൽ നടന്ന മറ്റൊരു ഐതിഹാസിക പ്രക്ഷോഭമായിരുന്നു വില്ലുവണ്ടി സമരം. അവർണ്ണർക്കും പൊതുവഴിയിലൂടെ വാഹനങ്ങളുമായി പോകാൻ അധികാരം നൽകിയെങ്കിലും പ്രമാണിമാർ അന്നത് നടപ്പാക്കാൻ വിസമ്മതിച്ചു. എന്നാല്‍ രണ്ടു വെള്ളക്കാളകളെ കെട്ടിയ വില്ലുവണ്ടി വിലക്കുവാങ്ങി തലയിൽ വട്ടക്കെട്ടും അരക്കയ്യൻ ബനിയനും മേൽമുണ്ടും കാൽവിരൽവരെ നീണ്ടുകിടക്കുന്ന വെള്ളമുണ്ടും ധരിച്ച് വെങ്ങാനൂരില്‍ നിന്ന് കവടിയാര്‍ കൊട്ടാരത്തിലേക്ക് തലങ്ങും വിലങ്ങും അയ്യങ്കാളി കുതിച്ചപ്പോൾ വീണ്ടും ചരിത്രം വഴിമാറി.

സ്ത്രീകളും അക്കാലത്ത് വലിയ ദുരിതം നേരിട്ടിരുന്നു. മാറുമറയ്ക്കാനുള്ള അവകാശം പോലും അവർക്കന്ന് നിഷേധിക്കപ്പെട്ടു.സ്ത്രീകളിൽ നിന്നും തലക്കരവും മുലക്കരവും അടക്കമുള്ളവ ഈടാക്കണമെന്നുമുള്ള ശാസനകള്‍ പോലും കൊടികുത്തി വാഴുന്ന കാലമായിരുന്നു അത്.  എന്നാൽ തന്റെ ജാതിയിലുള്ള സ്ത്രീകൾ മുലക്കച്ചയണിഞ്ഞു നടക്കാൻ അദ്ദേഹം ആഹ്വാനം നൽകി.  അടിമത്തത്തിന്റെ അടയാള ചിഹ്നമായിരുന്ന കഴുത്തിലെ കല്ലും മാലയും കാതിലെ ഇരുമ്പുവളയങ്ങളും വലിച്ചെറിയാൻ അദ്ദേഹം അവരോട് പറഞ്ഞു.1915 ഡിസംബർ 10ന് കൊല്ലത്തെ പെരിനാട്ടിൽ സ്ത്രീകൾ കല്ലുമാല പൊട്ടിച്ചെറിഞ്ഞ് പ്രതിഷേധിച്ചു.  ഇത് വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചു. എന്നാൽ തളരാത്ത പോരാട്ട വീര്യങ്ങൾക്കൊടുവിൽ അധഃസ്ഥിത ജാതി സ്ത്രീകൾക്കും ആഭരണങ്ങൾ അണിയുവാനുള്ള അവകാശം ലഭിച്ചു.

1936ലെ ക്ഷേത്രപ്രവേശ വിളംബരത്തിലേക്ക് നയിച്ച നിയമനിര്‍മാണ നടപടികള്‍ക്ക് പിന്നിലും അയ്യങ്കാളി വലിയ സ്വാധീനം ചെലുത്തിയിരുന്നു. തൊട്ടടുത്ത വർഷം മഹാത്മാ ഗാന്ധി അദ്ദേഹത്തെ സന്ദർശിച്ചു. ‘മിസ്റ്റര്‍ അയ്യങ്കാളി…ഞാന്‍ നിങ്ങള്‍ക്കുവേണ്ടി എന്തു ചെയ്യണം?’ എന്ന ഗാന്ധിജിയുടെ ചോദ്യത്തിന്‌ “എന്റെ വര്‍ഗത്തില്‍നിന്ന്‌ പത്തു ബി.എക്കാരെ കണ്ടിട്ടുവേണം എനിക്ക്‌ മരിക്കാന്‍.” എന്നാണ് അദ്ദേഹം മറുപടി നൽകിയത്. തന്റെ സഹജീവികളിൽ എത്രത്തോളം കരുതൽ അദ്ദേഹം പുലർത്തിയിരുന്നു എന്നത് ഈ മറുപടിയിലുണ്ട്. മറുപടി കേട്ട ഗാന്ധിജിപോലും ഒരു നിമിഷം നിശബ്ധനായി നിന്നതിൽ പിന്നെ ആശ്ചര്യപ്പെടേണ്ടതുണ്ടോ?

നാൽപ്പത് വയസ്സ് മുതൽ അയ്യൻകാളി അർബുദ ബാധിതനായിരുന്നു. എങ്കിലും അദ്ദേഹം തന്റെ സമുദായത്തിനായി ഓടിനടന്നു. 1941 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായി. അതിസാരത്തിന്റെ അസ്കിത അദ്ദേഹത്തെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ഒടുവിൽ 1941 ജൂൺ 18-ാം തീയതി മരണത്തിന്റെ മുന്നിൽ അയ്യങ്കാളിയെന്ന അവതാര പുരുഷന്റെ ദൗത്യമവസാനിച്ചു. അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിലെ അടിമത്തൊ‍ഴിലാളികളുടെ അവകാശപ്പോരാട്ടങ്ങളുടെ അരിവാളായിരുന്നു അയ്യങ്കാളി. ഒരു കൂട്ടം ജനതയെ സമൂഹത്തിന്റെ മുൻപന്തിയിലേക്ക് എത്തിക്കാൻ അദ്ദേഹമൊഴുക്കിയ വിയർപ്പിന്റെ വില ഇന്നും അനുഭവിക്കുന്നവർ ഏറെയുണ്ട്. ഒപ്പം ആ അസ്തമയ സൂര്യന്റെ കിരണങ്ങൾ ഇന്നും ഓർമ്മകളുടെ തീ ജ്വാലയായി ഇന്നും കത്തിയമരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News