ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതി പ്രസവിച്ചു; അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന് ആശുപത്രി അധികൃതര്‍

തൃശൂര്‍ പേരാമംഗലത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസില്‍ യുവതി പ്രസവിച്ചു. ബസ്സില്‍ യാത്ര ചെയ്യവേ പ്രസവ വേദന ഉണ്ടായതിനെത്തുടര്‍ന്ന് ബസ് ആശുപത്രിയില്‍ എത്തിക്കുകയും ആശുപത്രി ജീവനക്കാര്‍ ബസില്‍ വച്ച് തന്നെ പ്രസവം എടുക്കുകയും ചെയ്തു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

തൃശ്ശൂര്‍ – തൊട്ടില്‍പ്പാലം കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസ്സിലാണ് സംഭവം ഉണ്ടായത്. മലപ്പുറം തിരുനാവായ സ്വദേശിയായ യുവതിയാണ് ബസ്സില്‍ പ്രസവിച്ചത്. തിരുനാവായിലെ ആശുപത്രിയിലേക്ക് പോവുകയായിരുന്നു യുവതി. തൃശ്ശൂരില്‍ നിന്നും പുറപ്പെട്ട ബസ് പേരാമംഗലം പിന്നിട്ടപ്പോഴാണ് കടുത്ത പ്രസവ വേദന അനുഭവപ്പെട്ടത്.

ഉടന്‍തന്നെ കണ്ടക്ടറെയും ഡ്രൈവറെയും വിവരം അറിയിച്ചു. ബസ് ജീവനക്കാര്‍ ഉടന്‍തന്നെ ബസ് തിരിച്ച് അമല ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിനു മുന്നിലേക്ക് എത്തിക്കുകയായിരുന്നു. പ്രസവത്തിന്റെ പകുതി ഘട്ടത്തിലേക്ക് എത്തിയിരുന്നതിനാല്‍ ഡോക്ടര്‍മാരും നേഴ്‌സുമാരും ചേര്‍ന്ന് ബസ്സിനുള്ളില്‍ വച്ച് തന്നെ കുഞ്ഞിനെ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു.

പെണ്‍കുഞ്ഞാണ് ജനിച്ചതെന്നും, അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ബസ് ജീവനക്കാരുടെയും അമല ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരുടെയും സമയോചിതമായ ഇടപെടലാണ് യുവതിക്ക് സുഖപ്രസവത്തിനുള്ള വഴിയൊരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News