റോഹിങ്ക്യന്‍ അഭയാര്‍ത്ഥി കേന്ദ്രത്തില്‍ മരിച്ച കുട്ടിയുടെ അന്ത്യകര്‍മങ്ങള്‍ക്ക് മാതാപിതാക്കളെ കൈവിലങ്ങണിയിച്ച് എത്തിച്ചത് വ്യാപക വിമര്‍ശനത്തിനിടയാക്കി. നുമിന ബീഗം – സലിം മുഹമ്മദ് എന്നിവരെയാണ് തങ്ങളുടെ നാല്‍പത് ദിവസം പ്രായമുള്ള കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ക്കായി കൈവിലങ്ങണിയിച്ച് എത്തിച്ചത്.
ജൂലൈ 18ന് തടവുകാരും പൊലീസും തമ്മിലുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു കുഞ്ഞ് മരണപ്പെട്ടത്. വ്യാഴാഴ്ച കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. കുഞ്ഞിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് അന്ത്യകര്‍മങ്ങള്‍ക്കായി വിട്ടുനല്‍കുമ്പോള്‍ മാതാപിതാക്കള്‍ കൈവിലങ്ങണിയിക്കപ്പെട്ട നിലയിലായിരുന്നു. തുടര്‍ന്ന് അന്ത്യകര്‍മങ്ങള്‍ നിര്‍വഹിച്ചതും ഇതേ അവസ്ഥയിലായിരുന്നു.
ജൂലൈ 18 ന് തടവിലാക്കപ്പെട്ട അഭയാര്‍ഥികളും തടങ്കല്‍ കേന്ദ്രത്തിലെ ജീവനക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പൊലീസ് പ്രയോഗിച്ച കണ്ണീര്‍ വാതകം ശ്വസിച്ചാണ് കുഞ്ഞ് മരിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. എന്നാല്‍, സംഘര്‍ഷത്തില്‍ കുഞ്ഞ് മരിച്ചെന്ന വാര്‍ത്ത ജയില്‍ അധികൃതര്‍ നിഷേധിച്ചു. കുട്ടിക്ക് എന്തോ അസുഖം ഉണ്ടായിരുന്നുവെന്നും സംഭവം നടന്ന് രണ്ട് ദിവസത്തിന് ശേഷം തടങ്കല്‍ കേന്ദ്രത്തില്‍വെച്ച് മരിക്കുകയായിരുന്നു എന്നുമാണ് തടങ്കല്‍ കേന്ദ്രത്തിന്റെ ചുമതലയുള്ള കത്വ ജില്ലാ ജയില്‍ സൂപ്രണ്ട് കൗശല്‍ കുമാര്‍ പറഞ്ഞത്.
Also Read- ജാർഖണ്ഡ് സിപിഐഎം നേതാവ് സുഭാഷ് മുണ്ടയെ വെടിവച്ച് കൊലപ്പെടുത്തി
2012ലാണ് സലിം മുഹമ്മദും ഭാര്യയും ജമ്മുവിലെത്തിയത്. യു.എന്‍ നല്‍കിയ അഭയാര്‍ഥി കാര്‍ഡുകള്‍ പരിശോധിക്കുന്നതിനിടെയാണ് ദമ്പതികളെയും മൂത്ത മകനെയും പൊലീസ് അറസ്റ്റ് ചെയ്തത്. റോഹിങ്ക്യകളെ അഭയാര്‍ഥികളായി തുടരാന്‍ അനുവദിക്കുന്ന യു.എന്‍.എച്ച്.സി.ആര്‍ കാര്‍ഡ് സലീമിന് ഉണ്ടായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ ഭാര്യാസഹോദരി ഫാത്തിമ ബീഗം പറഞ്ഞത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here