അട്ടപ്പാടി പാലൂരിൽ വനംവകുപ്പ് കാടുകയറ്റിയ കുട്ടിയാന വീണ്ടും ജനവാസമേഖലയിലെത്തി. ഇന്നലെ രാവിലെ പാലൂരിൽ തൊഴിലുറപ്പ് തൊഴിലാളികളാണ് ഒരു വയസ്സുള്ള കാട്ടാനക്കുട്ടിയെ കണ്ടത്. കൂട്ടംതെറ്റിയ കുട്ടിയാന അവശനിലയിൽ സ്വകാര്യതോട്ടത്തിലെ തോടിനരികിൽ നിൽക്കുകയായിരുന്നു .
പ്രദേശവാസിയായ സി.ജെ. ആനന്ദ്കുമാർ വിവരം പുതൂർ ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിച്ചു.സ്ഥലത്തെത്തിയ വനപാലകരും ദ്രുതപ്രതികരണസംഘവും കുട്ടിയാനയ്ക്ക് വെള്ളവും പുല്ലും പഴവും നൽകി.
ഭക്ഷണം കഴിച്ച് ക്ഷീണം മാറിയ ആനക്കുട്ടിയെ, ഉച്ചയോടെ വനപാലകർ തൊട്ടരികിലുള്ള കൃഷ്ണവനത്തിലെ കാട്ടാനക്കൂട്ടത്തിനൊപ്പം ചേർത്തിരുന്നു.എന്നാൽ വൈകിട്ട് ആറുമണിയോടെ തിരിച്ചെത്തിയ കുട്ടിയാന പാലൂരിലെ അയ്യപ്പന്‍റെ വീട്ടിലെത്തി. വീണ്ടും കാട്ടാനക്കുട്ടിയെ കാടുകയറ്റിയാലും കൂട്ടത്തിനൊപ്പം ചേർക്കുമോയെന്ന ആശങ്കയിലാണ് വനപാലകർ.
വെറ്ററിനറി ഡോക്ടറുടെ നിർദേശപ്രകാരം, ഇന്ന് നേരം പുലരുന്നതുവരെ അമ്മയാനക്കായി കാത്തിരുന്നെങ്കിലും എത്തിയില്ല.ആരോഗ്യസ്ഥിതിയിൽ ആശങ്കയില്ലാത്തതിനാൽ കുട്ടിയാനയെ അയ്യപ്പന്‍റെ വീട്ടിൽ നിന്നുമാറ്റി വനപ്രദേശത്തിനുസമീപം നിർത്താനാണ് വനം വകുപ്പിന്‍റെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here