വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ പോരാട്ടഭൂമികയായി ബാഗെപള്ളി

ദിപിന്‍ മാനന്തവാടി

നേരത്തെ രണ്ട് തവണ സിപിഐഎം വിജയിച്ചിട്ടുള്ള ബാഗെപള്ളി സാമുദായിക സമവാക്യങ്ങള്‍ക്ക് ഉപരിയായി രാഷ്ട്രീയമായ പോരാട്ടം നടക്കുന്ന കര്‍ണാടകയിലെ അപൂര്‍വ്വം മണ്ഡലങ്ങളിലൊന്നാണ്. മണ്ഡലത്തിലെ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമിടയില്‍ വലിയ നിലയില്‍ സ്വാധീനമുള്ള സിപിഐഎമ്മിന്റെ സാന്നിധ്യമാണ് ഇവിടെ തെരഞ്ഞെടുപ്പിനെ ആശയപോരാട്ടമാക്കി മാറ്റുന്നത്. സിപിഐഎം വര്‍ഗ്ഗരാഷ്ട്രീയത്തിന്റെ നിലപാടുകളുമായി ജനങ്ങളുടെ വിഷയങ്ങള്‍ ഏറ്റെടുത്ത് പതിവുപോലെ ബാഗെപള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ബാഗെപള്ളിയിലെ സിപിഐഎമ്മിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളായ എംഎ ബേബിയും ബിവി രാഘവലുവുമാണ് പങ്കെടുത്ത്. വലിയ ജനപങ്കാളിത്തത്തോടെയാണ് ഇവിടെ സിപിഐഎം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടന്നത്.

Also Read: സംഘപരിവാറിന്റെ ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ പരീക്ഷണശാലയില്‍ ഒരുങ്ങുന്നത്

കര്‍ണ്ണാടകയില്‍ ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന തീവ്രഹിന്ദുത്വ നിലപാടുകള്‍ക്കെതിരെ ബാഗെപള്ളിയില്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി വലിയ ബഹുജന പ്രചാരണങ്ങള്‍ സിപിഐഎം നടത്തി വരികയാണ്. 2022 സെപ്തംബര്‍ 18ന് കേരള മുഖ്യമന്ത്രിയും പോളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയന്‍ പങ്കെടുത്ത മഹാറാലി ബാഗെപള്ളിയില്‍ നടന്നിരുന്നു. വലിയ ബഹുജന പങ്കാളിത്തത്തോടെ നടന്ന ഈ മഹാറാലിയില്‍ സംഘപരിവാറിന്റെ തീവ്രഹിന്ദുത്വ സമീപനങ്ങള്‍ക്കെതിരെ അതിരൂക്ഷ വിമര്‍ശനമായിരുന്നു പിണറായി വിജയന്‍ ഉയര്‍ത്തിയത്. ഹിജാബ് വിവാദം അടക്കം സംസ്ഥാനത്ത് നടക്കുന്ന ന്യൂനപക്ഷ വിരുദ്ധ നീക്കങ്ങളെയും പിണറായി വിജയന്‍ ശക്തമായ ഭാഷയില്‍ തുറന്നുകാണിച്ചിരുന്നു. സിപിഐഎമ്മിനെ സംബന്ധിച്ച് പരമ്പരാഗത ശക്തികേന്ദ്രമായ ബാഗെപള്ളിയില്‍ തെരഞ്ഞെടുപ്പ് മുന്നൊരുക്കം കൂടിയായിരുന്നു ഈ മഹാറാലി.

2018ല്‍ ശക്തമായ ത്രികോണ മത്സരം നടന്ന മണ്ഡലമാണ് ബാഗെപള്ളി. കോണ്‍ഗ്രസും ജെ.ഡി.എസും പണമിറക്കി മത്സരിച്ച ഇവിടെ സിപിഐഎം സ്ഥാനാര്‍ത്ഥി ജാതി സമവാക്യങ്ങളോടും എതിരാളികളുടെ പണക്കൊഴുപ്പിനോടുമായിരുന്നു മത്സരിച്ചത്. സിപിഐഎമ്മിലെ ജിവി ശ്രീരാമ റെഡ്ഡി 51, 697 വോട്ടുനേടി 2018ല്‍ ഇവിടെ രണ്ടാമതെത്തിയിരുന്നു. നേരത്തെ 1994ലും 2004ലും ജിവി ശ്രീരാമ റെഡ്ഡി ഇവിടെ നിന്നും വിജയിച്ചിരുന്നു. 14,013 വോട്ടിനായിരുന്നു 2018ല്‍ സിപിഐഎം ഇവിടെ പരാജയപ്പെട്ടത്.

Also Read: സാമുദായിക വോട്ടുകളെ ഹിന്ദുത്വ വോട്ടുകളാക്കാനുള്ള നീക്കം പാളുമ്പോള്‍

ഇത്തവണ ഡോ അനില്‍ കുമാറിനെയാണ് സിപിഐഎം മത്സരരംഗത്ത് ഇറക്കിയിരിക്കുന്നത്. ജനകീയനായ ഡോക്ടര്‍ കൂടിയായ അനില്‍ കുമാര്‍ ബാഗെപള്ളിയിലെ സാധാരണക്കാര്‍ക്ക് പ്രിയങ്കരനാണ്. കൊവിഡ് കാലത്ത് അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ സിപിഐഎം ബാഗെപള്ളിയില്‍ ഉടനീളം മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു. ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തി ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്ന നേതാവെന്ന പ്രതിച്ഛായ കൂടി ഇവിടെ അനില്‍ കുമാറിനുണ്ട്. അതിനാല്‍ തന്നെ സിപിഐഎമ്മിന്റെ പരമ്പരാഗത ശക്തികേന്ദ്രമായ ബാഗെപള്ളിയില്‍ സിപിഐഎം അത്മവിശ്വാസത്തിലാണ്.

കഴിഞ്ഞ തവണ വിജയിച്ച എസ്എന്‍ സുബ്ബറെഡ്ഡി തന്നെയാണ് ഇത്തവണയും ഇവിടെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി. പണത്തിന്റെ കുത്തൊഴുക്കിനൊപ്പം മേല്‍ജാതി വോട്ട് ബാങ്കിന്റെ കേന്ദ്രീകരണത്തിനാണ് ഇത്തവണ കോണ്‍ഗ്രസ് ശ്രമം. പതിവിന് വിരുദ്ധമായി ബാഗെപള്ളിയില്‍ ശക്തമായ സാന്നിധ്യമാകാന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. ബിജെപി ഇതുവരെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബലിജ വിഭാഗത്തില്‍ നിന്നുള്ള മുനിരാജിനാണ് സാധ്യത. മണ്ഡലത്തില്‍ ഏതാണ്ട് 35000ത്തോളം വോട്ടുള്ള ഒബിസി വിഭാഗമാണ് ബലിജ. ഈ വോട്ടില്‍ കണ്ണുവെച്ചാണ് ബിജെപി മുനിരാജിനെ രംഗത്തിറക്കാന്‍ ആലോചിക്കുന്നത്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് വന്ന ജെഡിഎസ് ഇത്തവണ ചിത്രത്തിലില്ല. നാഗരാജ റെഡ്ഡിയാവും ഇവിടെ ജെഡിഎസ് സ്ഥാനാര്‍ത്ഥി. മത്സരിച്ചാലും കഴിഞ്ഞ തവണത്തേത് പോലെ മൂന്നാം സ്ഥാനത്ത് എത്താല്‍ ജെഡിഎസിന് കഴിഞ്ഞേക്കില്ല എന്നാണ് വിലയിരുത്തല്‍.

Also Read: ജാതി സമവാക്യങ്ങള്‍ക്ക് പുറത്ത് തെരഞ്ഞെടുപ്പ് അജണ്ടകള്‍ നിശ്ചയിക്കാനാവാതെ ബിജെപിയും പ്രതിപക്ഷവും
ബിജെപിയുടെ ഭൂരിപക്ഷ ഏകീകരണ നീക്കങ്ങളും കോണ്‍ഗ്രസിന്റെ സാമുദായി സമവാക്യങ്ങളും ഇരുകൂട്ടരുടെയും പണക്കൊഴുപ്പുമാണ് സിപിഐഎം സ്ഥാനാര്‍ത്ഥി അനില്‍ കുമാറിന് മറികടക്കേണ്ടത്. ശക്തമായ രാഷ്ട്രീയപ്രചരണം കൊണ്ട് കഴിഞ്ഞ തവണ നേടിയ വോട്ടുകള്‍ ഇത്തവണ നിലനിര്‍ത്താന്‍ ഇത്തവണ ബാഗെപള്ളിയില്‍ ചെങ്കെടി പാറിയോക്കാം. ബിജെപി സ്ഥാനാര്‍ത്ഥിയുടെ സാന്നിധ്യം ബാഗെപള്ളിയില്‍ സിപിഐഎമ്മിന് അനുകൂലമായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

(നാളെ: ദേശീയ നേതാക്കളെ ആശ്രയിച്ച് 2019ലെ പൊതുതിരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനത്തിന് ബിജെപി)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News