ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി ഏർപ്പെടുത്തിയ വിലക്കിനെതിരെ ആഞ്ഞടിച്ച് ഗുസ്തി താരം ബജ്‌റംഗ് പുനിയ. നാല് വർഷത്തേക്കാണ് ബജ്‌റംഗ് പുനിയയ്ക്ക് വിലക്കേർപ്പെടുത്തിയത്. തനിക്കെതിരായ നടപടി അത്ഭുതപ്പെടുത്തുന്നില്ലെന്നാണ് പുനിയ പ്രതികരിച്ചത്. സര്‍ക്കാര്‍ തങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും, ബിജെപിയില്‍ ചേര്‍ന്നാല്‍ തന്റെ വിലക്ക് നീങ്ങുമെന്നും ഗുസ്തി താരംകൂട്ടിച്ചേർത്തു.
“ഈ നടപടി എന്നെ ഞെട്ടിച്ചില്ല. കാരണം കഴിഞ്ഞ ഒരു വര്‍ഷമായി ഇത്തരം നടപടികള്‍ തുടരുന്നതാണ്. ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡയ്ക്ക് സാമ്പിള്‍ അയയ്ക്കാന്‍ വിസമ്മതിച്ചിട്ടില്ലെന്ന് ഞാന്‍ മുന്‍പും പറഞ്ഞിട്ടുള്ള കാര്യമാണ്. കാലാവധി കഴിഞ്ഞ കിറ്റുമായി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ഉത്തേജക മരുന്ന് പരിശോധനയ്ക്ക് വേണ്ടി എന്റെ വീട്ടിലെത്തിയിരുന്നു. ഇക്കാര്യം ഞാൻ സമൂഹ മാധ്യമങ്ങളിലൂടെ അറിയിചിരുന്നതാണ്”: ബജ്‌റംഗ് പുനിയ വ്യക്തമാക്കി.
Also Read; മുനമ്പം വിഷയം; ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ച് സര്‍ക്കാര്‍
‘കാലാവധി കഴിഞ്ഞ കിറ്റുകള്‍ ആർക്കും പരിശോധനയ്ക്ക് വേണ്ടി നൽകാൻ പാടില്ല. ഈ പ്രവർത്തി അവിടെയുണ്ടായിരുന്ന എന്റെ സുഹൃത്തുക്കള്‍ കാണുകയും ചെയ്തതാണ്. 2023ല്‍ മാത്രമല്ല 2020, 2021, 2022 വര്‍ഷങ്ങളിലും അവര്‍ കാലാവധി കഴിഞ്ഞ കിറ്റുകളുമായിട്ടാണ് എത്തിയത്. ഞാന്‍ സാമ്പിള്‍ നല്‍കിയതിന് ശേഷം സുഹൃത്തുക്കള്‍ കിറ്റ് പരിശോധിച്ചപ്പോഴാണ് കാലാവധി കഴിഞ്ഞതാണെന്ന് മനസ്സിലായത്. ഉടനെ തന്നെ ഒരു വീഡിയോ ചിത്രീകരിച്ച് നാഡയ്ക്ക് അയച്ചുകൊടുക്കുകയും, വിളിച്ച് അറിയിക്കുകയും ചെയ്തു. എന്നാല്‍ സ്വന്തം തെറ്റ് സമ്മതിക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല’, പുനിയ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി നേതാവും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരായ പ്രതിഷേധത്തില്‍ ബജ്‌റംഗ് പുനിയ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. അതിന് ഇത്തരം നടപടികളിലൂടെ കേന്ദ്രസര്‍ക്കാര്‍ പ്രതികാരം ചെയ്യുകയാണെന്ന് പുനിയ ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ഗുസ്തി താരം ബജ്റംഗ് പുനിയയ്ക്ക് നാഡ നാല് വര്‍ഷം വിലക്കേര്‍പ്പെടുത്തിയത്. ദേശീയ ടീമിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സിനായി ഉത്തേജക മരുന്ന് പരിശോധനക്ക് സാമ്പിള്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് വിലക്കിയിരിക്കുന്നത്. ഇക്കാലയളവില്‍ ഗുസ്തിയില്‍ പങ്കെടുക്കുവാനോ വിദേശത്ത് കോച്ചിന്റെ പദവി ഏറ്റെടുക്കുവാനോ അനുവാദമില്ല. നേരത്തെ ബിജെപി നേതാവ് ബ്രിജ് ഭൂഷണിനെതിരായ ഗുസ്തി താരങ്ങളുടെ സമരങ്ങളില്‍ മുന്നിലുണ്ടായിരുന്ന താരമായിരുന്നു പുനിയ. പിന്നീട് വിനേഷ് ഫോഗട്ടിനൊപ്പം കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here