ബജ്രംഗ് പുനിയ പത്മശ്രീ തിരിച്ചു നല്‍കി; കര്‍ത്തവ്യപഥില്‍ പുരസ്‌കാരം ഉപേക്ഷിച്ച് മടക്കം

ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ വിശ്വസ്തനും ബിസിനസ് പങ്കാളിയുമായ സഞ്ജയ് സിങ് റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ (ഡബ്ല്യൂഎഫ്‌ഐ) പ്രസിഡന്റായി തെരഞ്ഞടുത്തതില്‍ പ്രതിഷേധിച്ച് പത്മശ്രീ പുരസ്‌കാരം തിരിച്ചുനല്‍കി ഗുസ്തി താരം ബജ്രംഗ് പുനിയ. കര്‍ത്തവ്യപഥില്‍ പുരസ്‌കാരം ഉപേക്ഷിച്ച് ബജ്രംഗ് പുനിയ മടങ്ങി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കയച്ച കത്ത് ബജ്‌രംഗ് പുനിയ എക്‌സില്‍ പങ്കുവെച്ചിരുന്നു. പദ്മശ്രീ പുരസ്‌കാര ജേതാക്കള്‍ക്കുള്ള മെഡലുമായി ദില്ലിയിലെ കര്‍ത്തവ്യപഥിലെത്തിയ ബജ്‌രംഗ് പുനിയയെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പുരസ്‌കാരം കര്‍ത്തവ്യപഥില്‍ ഉപേക്ഷിച്ച് ബജ്രംഗ് പുനിയ മടങ്ങുകയായിരുന്നു.

Also Read : പുറംലോകവുമായി ബന്ധമറ്റ് ഗാസ; ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍

പ്രധാനമന്ത്രിക്ക് കത്തയച്ച് പുരസ്‌കാരം തിരിച്ചുനല്‍കുന്നതായി ബജ്രംഗ് പുനിയ അറിയിച്ചിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാജ്യത്തിന്റെ അഭിമാനതാരമായ സാക്ഷിമാലിക് ഗുസ്തി കരിയര്‍ അവസാനിപ്പിച്ചിരുന്നു. മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഷൂസ് ഊരി മേശപ്പുറത്ത് വച്ചാണ് സാക്ഷി മാലിക് പൊട്ടിക്കരഞ്ഞുകൊണ്ട് കരിയര്‍ അവസാനിപ്പിക്കുന്ന വിവരം പ്രഖ്യാപിച്ചത്.

തനിക്ക് രാജ്യം നല്‍കിയ ആദരം തിരിച്ചുനല്‍കുന്നതായി പൂനിയ എക്‌സില്‍ കുറിച്ചു. പ്രധാനമന്ത്രിക്ക് അയച്ച കത്തും താരം ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്. ബ്രിജ് ഭൂഷണെയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളെയും ഗുസ്തി ഫെഡറേഷനില്‍ നിന്ന് മാറ്റുമെന്ന് കേന്ദ്രകായിക മന്ത്രി ഉറപ്പു നല്‍കിയിരുന്നു. ആ ഉറപ്പ് പാലിക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്നും പുനിയ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here