ദിലീപിനെതിരെ നിർണായകമായ ആ രണ്ട് വെളിപ്പെടുത്തലുകൾ; നടിയെ ആക്രമിച്ച കേസിൽ വഴിത്തിരവായത് ബാലചന്ദ്രകുമാറിൻ്റെ ആ നീക്കം

P BALACHANDRA KUMAR

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിന് വഴി തുറന്നത് ബാലചന്ദ്രകുമാറിൻ്റെ നിർണ്ണായക വെളിപ്പെടുത്തലുകളായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തി എന്ന ഞെട്ടിക്കുന്ന ആരോപണവും ബാലചന്ദ്രകുമാർ ഉന്നയിച്ചു.   രോഗശയ്യയിലായ ശേഷവും കോടതിയിൽ ഹാജരായി മൊഴി നൽകാൻ  തയ്യാറായത് വിചാരണ ഘട്ടത്തിൽ നിർണ്ണായകമായി.

കേസന്വേഷണത്തിൽ നിർണ്ണായകമായ രണ്ട് സുപ്രധാന വെളിപ്പെടുത്തലുകളായിരുന്നു ബാലചന്ദ്രകുമാർ നടത്തിയത്. നടിയെ പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ആലുവയിലെ വീട്ടില്‍ വച്ച്‌ ഐപാഡില്‍ ദിലീപ് കണ്ടു എന്നതായിരുന്നു അതിൽ ഒന്ന്. 

ദൃശ്യങ്ങള്‍ കാണാൻ ദിലീപ് തന്നെ ക്ഷണിച്ചതായും അദ്ദേഹം അന്ന് വ്യക്തമാക്കി.  കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപും സംഘവും  വീട്ടില്‍ വച്ച്‌ ഗൂഢാലോചന നടത്തി എന്നായിരുന്നു ബാലചന്ദ്രകുമാർ ഉന്നയിച്ച മറ്റൊരു ആരോപണം. ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് ഇതിൽ പുതിയൊരു കേസ് രജിസ്റ്റർ ചെയ്തത്. പ്രധാന കേസിൽ ദിലീപിനെതിരെ ഗൂഡാലോചന കുറ്റം ഉറപ്പിക്കാൻ അന്വേഷണ സംഘത്തിനായത് ബാലചന്ദ്രകുമാർ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. 

കേസില്‍ ദിലീപിൻ്റെ പങ്കാളിത്തം തെളിയിക്കുന്ന നിരവധി ഓഡിയോ സംഭാഷണങ്ങളും അനുബന്ധ തെളിവുകളും ബാലചന്ദ്രകുമാർ പുറത്ത് വിട്ടു. നടിയെ ആക്രമിച്ചതിൻ്റെ ദൃശ്യങ്ങള്‍ ഒരു വിഐപി വഴി ദിലീപിന്റെ കൈവശം എത്തിച്ചേർന്നു എന്നായിരുന്നു ബാലചന്ദ്രകുമാർ പറഞ്ഞത്. ദിലീപ് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിൻ്റെ നിർണ്ണായക വിവരങ്ങൾ പുറം ലോകം അറിഞ്ഞതും ബാലചന്ദ്രകുമാറിലൂടെയായിരുന്നു.

ഐപാഡിലും ഫോണിലുമുള്ള നടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മുംബൈയിലെ ലാബില്‍ വച്ചും സായ് ശങ്കർ എന്ന ഹാക്കറെ ഉപയോഗിച്ചും ഡിലീറ്റ് ചെയ്തു എന്നായിരുന്നു ആ വിവരം. ഹൈക്കോടതി നിർദ്ദേശപ്രകാരം പോലീസ് ഇക്കാര്യം അന്വേഷിച്ച് പിന്നീട് സ്ഥിതികരിക്കുകയും ചെയ്തു.

ദിലീപിനെയും   പള്‍സർ സുനിയേയും  തമ്മില്‍  ബന്ധിപ്പികുന്ന ചില സുപ്രധാന വിവരങ്ങളും  ബാലചന്ദ്രകുമാർ പുറത്തുവിട്ടു. ദിലീപിനെ നായകനാക്കി നിർമ്മിക്കാനിരുന്ന സിനിമയുമായി ബന്ധപ്പെട്ടാണ് സംവിധായകനായ ബാലചന്ദ്രകുമാർ ദിലീപിൻ്റെ അടുപ്പക്കാരനും  വീട്ടിലെ സ്ഥിരം സന്ദർശകനുമാകുന്നത്. പിന്നീട് നടിയെ ആക്രമിച്ചതിന് ശേഷം ദിലീപിൻ്റെ വീട്ടിൽ നടന്ന പലസംഭവവികാസങ്ങൾക്കും അങ്ങനെ   ബാലചന്ദ്രകുമാർ ദൃക്സാക്ഷിയായി. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി ദിലീപിനെതിരെ

കോടതിയില്‍  രഹസ്യമൊഴിയും നല്‍കിയിരുന്നു. ഇതിനിടെയാണ്  രോഗശയ്യയിലാകുന്നതും ആരോഗ്യനില മോശമാകുന്നതും. തൻ്റെ  ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെ അവസാന നാളുകളിൽ പോലും   വിചാരണയ്ക്കായി  കോടതിയിൽ ഹാജരാകാനും മൊഴി നൽകാനും ബാലചന്ദ്രകുമാർ തയ്യാറായി. വിചാരണ അന്തിമവാദത്തിലേക്ക് കടന്നതിനാൽ പ്രധാന സാക്ഷിയുടെ വേർപാട് കോടതി നടപടികളെ സ്വാധീനിക്കില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News