അസുഖ കിടക്കയിൽ വെച്ച് നടൻ തിലകൻ തന്നോട് പറഞ്ഞ വാക്കുകൾ പങ്കുവെച്ചിരിക്കുകയാണ് ബാലചന്ദ്രൻ ചുള്ളിക്കാട്. അദ്ദേഹത്തിന് തീരെ വയ്യായിരുന്നുവെന്നും ഘനഗംഭീരമായ ആ ശബ്ദത്തിനുമാത്രം ക്ഷീണമൊന്നുമില്ല എന്നുമാണ് ബാലചന്ദ്രൻ ചുള്ളിക്കാട് പങ്കുവെച്ച വാക്കുകളിൽ ഉള്ളത്. ഹോട്ടൽ മുറിയിലെ കട്ടിലിൽ കിടന്നുകൊണ്ട് തിലകൻ കൈ നീട്ടി മദ്യഗ്ലാസ് എടുത്തപ്പോൾ താൻ വിലക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ താൻ ചെയ്ത അനേകം കഥാപാത്രങ്ങളിൽ ഒരു കഥാപാത്രം മാത്രം ആണ് താൻ എന്നാണ് തിലകൻ പറഞ്ഞെതെന്നാണ് ബാലചന്ദ്രൻ ചുള്ളിക്കാട് കുറിച്ചത്.
ALSO READ:കോഴിക്കോട് കനോലി കനാലിൽ കാണാതായ യുവാവ് മരിച്ചു
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കുറിപ്പിന്റെ പൂർണരൂപം
മഹാനടൻ തിലകന് തീരെ വയ്യായിരുന്നു.
കാലുകളിൽ രക്തസഞ്ചാരം കുറഞ്ഞു. ഹോട്ടൽ മുറിയിലെ കട്ടിലിൽ കിടന്നുകൊണ്ടാണ് അദ്ദേഹം സംസാരിക്കുന്നത്.
ഘനഗംഭീരമായ ആ ശബ്ദത്തിനുമാത്രം ക്ഷീണമൊന്നുമില്ല.
എന്റെ കുട്ടിക്കാലം മുതൽ എത്രയോ അരങ്ങുകളിൽ എത്രയോ കഥാപാത്രങ്ങളിൽ ഞാൻ കണ്ട മഹാനടനാണ് യുദ്ധഭൂമിയിൽ വീണ ദുര്യോധനനെപ്പോലെ ഈ കിടക്കുന്നത്. നിറകണ്ണുകളോടെ ഞാൻ തിലകൻചേട്ടനെ നോക്കിയിരുന്നു.
അദ്ദേഹം നിരങ്ങി കൈ നീട്ടി മദ്യഗ്ലാസ് എടുത്തു.
എനിക്കു ദേഷ്യവും സങ്കടവും വന്നു. മരുന്നുകഴിച്ചിട്ട് പത്തു മിനിറ്റുപോലും ആയില്ല.ഞാൻ ശബ്ദമുയർത്തി പറഞ്ഞു:
” ചേട്ടൻ ഒന്നുകിൽ മരുന്നുകഴിച്ചു ജീവിക്ക്. അല്ലെങ്കിൽ കള്ളുകുടിച്ചു മരിക്ക്. ഇങ്ങനെ രണ്ടുംകൂടി ഒരുമിച്ചു ചെയ്യല്ലേ.”
തിലകൻചേട്ടൻ എന്നെ നോക്കി വിഷാദമോഹനമായ ഒരു ചിരി ചിരിച്ചു.
എന്നിട്ടു പറഞ്ഞു:
” ബാലൻ വിഷമിക്കേണ്ട. ഞാൻ ഒരു കഥാപാത്രം മാത്രം.”
“കഥാപാത്രമോ?”
ഞാൻ അമ്പരന്നു.
ഗഹനഗംഭീരമായ ശബ്ദത്തിൽ എന്നെ ഞെട്ടിച്ചു കൊണ്ട് ആ അതുല്യനടൻ പറഞ്ഞു:
” അതേടോ. ഞാൻ ചെയ്ത അനേകം കഥാപാത്രങ്ങളിൽ ഒരു കഥാപാത്രം മാത്രം.”
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here