‘ഒരു മുദ്രാവാക്യക്കവിത’ എനിക്കെതിരെയും കൂടിയാണ്; വിശദീകരണവുമായി കവി ബാലചന്ദ്രൻ ചുള്ളിക്കാട്

കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ‘ഒരു മുദ്രാവാക്യക്കവിത’ സമൂഹ മാധ്യമങ്ങളിലടക്കം ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ എന്തുകൊണ്ടാണ് തന്റെ ഈ കവിതയിൽ കൃഷ്ണ കുമാറിന്റെ പേര് പരാമർശിക്കാത്തതെന്ന ചോദ്യത്തിന് വിശദീകരണം നൽകിയിരിക്കുകയാണ് ചുള്ളിക്കാട്.

‘ഒരു മുദ്രാവാക്യക്കവിത’യിൽ ഞാൻ കൃഷ്ണകുമാറിന്റെ പേര് എന്തുകൊണ്ടു പരാമർശിച്ചില്ല എന്ന് പലരും ചോദിച്ചു. ആ കവിത കൃഷ്ണകുമാറിനെതിരെ മാത്രമല്ല. എനിക്കെതിരെ കൂടിയാണ്. ചെറുപ്പകാലത്ത് കൃഷ്ണകുമാറിന്റെ മനോഭാവത്തോടെയാണ് ഞാനും അത്തരം രംഗങ്ങൾ കണ്ടിട്ടുള്ളത്. പരമദരിദ്രരായ മനുഷ്യർ എന്റെ കുട്ടിക്കാലത്തുണ്ടായിരുന്നു. അവർ മണ്ണിലെ കുഴിയിൽ ഇലവെച്ച് ഭക്ഷണം കഴിക്കുമ്പോൾ കുഞ്ഞാമൻസാർ ആത്മകഥയിൽ പറഞ്ഞതുപോലെ നായ്ക്കൾക്കൊപ്പമാണ് ഭൂവുടമകൾ അവരെ കണ്ടിരുന്നത്. അധികമൊന്നുമില്ലെങ്കിലും കുറച്ചു കൃഷിയും ഭൂമിയും ഉണ്ടായിരുന്ന ഒരു വീട്ടിൽ ജനിച്ച ഞാനും ആ മനോഭാവത്തിൽ പങ്കുപറ്റിയിട്ടുണ്ടെന്ന് വലിയ കുറ്റബോധത്തോടെ പറയട്ടെ. അത് സാമൂഹ്യമായ വലിയൊരു കുറ്റകൃത്യമായിരുന്നു എന്ന് അന്ന് അറിയില്ലായിരുന്നു.
കുറ്റകരമായ ആ മനോഭാവത്തിന്റെ പേരിൽ ഇന്നു ഞാൻ സമൂഹത്തോടു നിരുപാധികം മാപ്പുചോദിക്കുന്നു.

ALSO READ: കേന്ദ്ര സർക്കാരിനെതിരായ പോരാട്ടം; പ്രതിപക്ഷ നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്

രാഷ്ട്രീയമായി ശരിയല്ലാത്തതും പഴയ കാലത്തിന്റെ അവശിഷ്ടവുമായ ഒരുപാടു പിഴകൾ ഇന്നും എന്റെ മനസ്സിലും വാക്കിലും എഴുത്തിലും ഉണ്ടാവും. അതിന്റെ പേരിൽ ഞാൻ രൂക്ഷമായി വിമർശിക്കപ്പെടാറുമുണ്ട്. ആ വിമർശനങ്ങൾ ഞാൻ ശിരസ്സുകുനിച്ച് സ്വീകരിച്ചു പോരുന്നു. കഴിവുപോലെ സ്വയം തിരുത്താൻ ശ്രമിക്കുന്നു. അത്തരം പിഴകളുടെ പേരിൽ സമൂഹത്തോടു നിരുപാധികം മാപ്പുചോദിക്കുന്നു. അതിനാൽ,’ ഒരു മുദ്രാവാക്യക്കവിത’ കൃഷ്ണകുമാറിനെതിരെ മാത്രമല്ല, എനിക്കും എതിരെയാണ്’ എന്നാണ് ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത്

ALSO READ: ഇസ്രയേല്‍ അധിനിവേശം നൂറാം ദിവസത്തില്‍; ഗാസയില്‍ ആക്രമണം തുടരുമെന്ന് നെതന്യാഹു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News