ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണത്തിൽ നടൻ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്നും കത്തി ഒരു മില്ലിമീറ്റർ കൂടി ആഴത്തിലായിരുന്നെങ്കിൽ ജീവൻ തന്നെ അപകടത്തിലാകുമായിരുന്നുവെന്നും ഡോക്ടർമാർ . അതെ സമയം, മുംബൈയിൽ പ്രമുഖർ പോലും സുരക്ഷിതരല്ലെന്നും ബാന്ദ്ര മുംബൈയിലെ ക്രൈം ക്യാപിറ്റലായി മാറിയെന്നും കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാക്കൾ.
കഴിഞ്ഞ ദിവസമാണ് നടൻ താമസിക്കുന്ന ആഡംബര സമുച്ചയത്തിന്റെ പതിനൊന്നാം നിലയിലേക്ക് നുഴഞ്ഞു കയറി അജ്ഞാതൻ ആക്രമിച്ചത്. ഒരു കോടി രൂപ ആവശ്യപ്പെട്ടായിരുന്നു അതിക്രമമെന്നാണ് നടന്റെ വീട്ടിലെ ജോലിക്കാരി പൊലീസിന് മൊഴി നൽകിയത്.
എന്നാൽ സംഭവം വലിയ സുരക്ഷാ വീഴ്ചയാണെന്നാണ് ബോളിവുഡിലെ പ്രമുഖർ അടക്കം പ്രതികരിച്ചത്. സംസ്ഥാനത്ത് ക്രമസമാധാനം തകർന്നുവെന്ന് മുതിർന്ന നേതാവ് ശരദ് പവാർ വിമർശിച്ചു.
ബീഡിലെ സർപഞ്ചിന്റെ കൊലപാതകംമുതലുള്ള സംഭവങ്ങൾ എടുത്തുകാട്ടുന്നത് സംസ്ഥാനത്തെ പരിതാപകരമായ ക്രമസമാധാനനിലയാണെന്ന് ആദിത്യതാക്കറെ കുറ്റപ്പെടുത്തി.
പ്രമുഖർപോലും സുരക്ഷിതരല്ലെന്ന് നേതാക്കൾ കുറ്റപ്പെടുത്തി. ആഭ്യന്തരവകുപ്പ് കൈകാര്യംചെയ്യുന്ന മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിനെ അവർ വിമർശിച്ചു. ആരും സുരക്ഷിതരല്ലെന്ന സാഹചര്യമാണുള്ളത്. സ്വന്തമായി സുരക്ഷയുള്ള പ്രമുഖർപോലും സുരക്ഷിതരല്ലെന്ന് ഇത് വ്യക്തമാക്കുന്നതായി സഞ്ജയ് റാവുത്ത് എംപി പറഞ്ഞു. സെയ്ഫ് അലിഖാനുനേരേയുള്ള ആക്രമണത്തിൽ ലോക്‌സഭാംഗം സുപ്രിയ സുലേയും ആശങ്ക രേഖപ്പെടുത്തി.
ഒട്ടേറെ പ്രശസ്തരും പ്രമുഖരും വസിക്കുന്ന ബാന്ദ്ര മുംബൈയിലെ ക്രൈം ക്യാപ്പിറ്റലായി മാറിയെന്നും പലരും പരാതിപ്പെട്ടു. ഇതിന് മുൻപ് സൽമാൻ ഖാന്റെ വീടിനെതിരെയുണ്ടായ ആക്രമണവും മുൻ മന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകവും നടന്നത് ബാന്ദ്രയിലാണ്.
അതെ സമയം നടന് നേരെയുണ്ടായ ആക്രമണം ഗുരുതരമായ സംഭവമാണെന്നും എന്നാൽ, അതിന്റെപേരിൽ മുംബൈ സുരക്ഷിതമല്ലെന്ന് വിമർശിക്കരുതെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് പ്രതികരിച്ചു .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here