ബോളിവുഡിലെ പ്രശസ്തരും പ്രമുഖ വ്യവസായികളും അടക്കം അതി സമ്പന്നരുടെ ആവാസകേന്ദ്രമാണ് മുംബൈയിലെ പ്രധാന നഗരമായ ബാന്ദ്ര. കടൽത്തീരത്ത് നിരവധി ചേരികളോട് ചേർന്നാണ് ബാന്ദ്രയിലെ അംബരചുംബികളായ കെട്ടിട സമുച്ഛയങ്ങൾ.
സെയ്ഫ് അലി ഖാൻ, സൽമാൻ ഖാൻ എന്നിവരെ കൂടാതെ, ഷാരൂഖ് ഖാൻ, ആമിർ ഖാൻ, രൺബീർ കപൂർ, സഞ്ജയ് ദത്ത്, രേഖ, സീനത്ത് അമൻ, അനന്യ പാണ്ഡേ, ഫർഹാൻ അക്തർ, സൈറ ബാനോ എന്നിവരെല്ലാം ബാന്ദ്രയിൽ താമസിക്കുന്ന മറ്റ് പ്രമുഖ അഭിനേതാക്കളാണ് . ഒരു വിളിപ്പാടകലെയാണ് മുകേഷ് അംബാനി അടക്കമുള്ള പ്രമുഖരും.
2024 ജൂലൈയിൽ, ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ട് ഷൂട്ടർമാർ നടൻ സൽമാൻ ഖാന്റെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. തുടർന്ന് 2024 ഒക്ടോബറിൽ, സൽമാൻ ഖാൻ്റെ അടുത്തയാളെന്ന് അറിയപ്പെടുന്ന മുൻ മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ദിഖി ബാന്ദ്രയിലെ മകൻ്റെ ഓഫീസിന് പുറത്ത് വെടിയേറ്റ് മരിച്ചതും നഗരത്തെ ഞെട്ടിച്ച സംഭവമാണ്.
ബാന്ദ്രയിലെ വീട്ടിൽ കുത്തേറ്റ ബോളിവുഡ് നടൻ സെയ്ഫ് അലി ഖാൻ ലീലാവതി ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണ്. മോഷണമായിരുന്നു ലക്ഷ്യമെന്നാണ് പോലീസ് പറയുന്നതെങ്കിലും കനത്ത സുരക്ഷാ ക്രമീകരങ്ങളുള്ള കെട്ടിടത്തിലെ പതിനൊന്നാം നിലയിലെ ഫ്ലാറ്റിനുള്ളിൽ എളുപ്പത്തിൽ കയറിപ്പറ്റിയ കള്ളന്റെ നാൾവഴികൾ തിരയുകയാണ് അന്വേഷണ സംഘം. .
സംശയിക്കുന്ന രണ്ടു പേരുടെ ചിത്രങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്, അതിൽ ഒരാളെ മുംബൈ പോലീസ് തിരിച്ചറിഞ്ഞു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
ബോളിവുഡ് സെലിബ്രിറ്റികളുടെ സുരക്ഷിത താവളമായ ബാന്ദ്രയിലെ സുരക്ഷാ വീഴ്ചയാണ് സമൂഹ മാധ്യമങ്ങളും ചർച്ച ചെയ്യുന്നത്. മുംബൈ പോലീസിനെയും മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയെയും ചോദ്യം ചെയ്താണ് പ്രദേശത്തെ ജനപ്രതിനിധികൾ അടക്കമുള്ളവരുടെ പ്രതികരണം
അതേസമയം, സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തിൽ ദുരൂഹതയുണ്ടെന്നും അനുമാനമുണ്ട്. സംഭവത്തിന് രണ്ട് മണിക്കൂർ മുമ്പുള്ള സിസിടിവി ദൃശ്യങ്ങളിൽ ആരും അദ്ദേഹത്തിൻ്റെ ഹൗസിംഗ് സൊസൈറ്റിയിലേക്ക് പ്രവേശിച്ചതായി കാണുന്നില്ല.
54 കാരനായ നടന് കുറഞ്ഞത് ആറ് തവണയെങ്കിലും മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തേറ്റു. കഴുത്തിലും നട്ടെല്ലിന് സമീപവും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം, ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ച നടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി, അപകടനില തരണം ചെയ്തതായി റിപ്പോർട്ടുണ്ട്.പുലർച്ചെ 2.30 ഓടെ നടന്ന സംഭവ സമയത്ത് ഭാര്യ കരീന കപൂർ ഖാനും മക്കളായ ജെഹ്, തൈമൂർ എന്നിവരും വീട്ടിൽ ഉണ്ടായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here