പിറന്നാൾ ആഘോഷത്തിന് ശേഷം ബാങ്ക് മാനേജരെ കൊലപ്പെടുത്തി യുവാവ്; കൊലപാതകം സംശയത്തെ തുടർന്ന്

നവിമുംബയിലെ ലോഡ്ജിനുള്ളിൽ ബാങ്ക് മാനേജരായ യുവതി കൊല്ലപ്പെട്ട കേസിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ജൂയിനഗറിൽ സ്വകാര്യ ബ്രാഞ്ചിന്റെ മാനേജരായ മുംബൈ ജിടിബി നഗര്‍ സ്വദേശിനി അമിത് കൗറിനെ സുഹൃത്തായ ഷൊഹൈബ് ഷേഖാണ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. 35 വയസുള്ള യുവതിയെ കൊലപ്പെടുത്തിയ കേസിൽ 24 കാരനായ യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ജനുവരി എട്ടിന് രാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കൊലപാതകം നടത്തിയതിനു പിന്നാലെ താമസ സ്ഥലത്തേക്ക് തിരിച്ചെത്തിയ പ്രതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ അജ്ഞാതനാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരങ്ങൾ പുറത്ത് വന്നത്.

യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് വിശദീകരണം. മുൻകൂട്ടി ആസൂത്രണം ചെയ്താണ് പ്രതി കൊലപാതകം നടത്തിയത്. യുവതിയുടെ പിറന്നാൾ ആഘോഷത്തിന് പിന്നാലെ യുവാവ് യുവതിയെ ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ട് പോവുകയും കൃത്യം നടത്തുകയുമായിരുന്നു.

Also Read; എനിക്ക് സ്തനാര്‍ബുദമാണ്, ഈ ജീവിതത്തോട് ഇപ്പോള്‍ പ്രണയവും; ലൈവ് വാര്‍ത്ത അവതരണത്തിനിടെ തുറന്നുപറച്ചിലുമായി സിഎന്‍എന്‍ അവതാരക

സാക്കിനാക്ക സ്വദേശിയായ ഷൊഹൈബും ബാങ്ക് മാനേജരായ അമിത് കൗറും മൂന്നുമാസം മുന്‍പ് സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ടവരാണ്. വിവാഹമോചിതയും ഒരു കുട്ടിയുടെ മാതാവുമായ അമിത് കൗറിനെ വിവാഹം ചെയ്യാനായിരുന്നു ഷൊഹൈബിന്റെ ആഗ്രഹം. ഇതിനിടെ യുവതി മറ്റൊരാളുമായി അടുപ്പത്തിലാണെന്ന് സംശയം തോന്നുകയും തുടർന്ന് കൊലപാതകത്തിന് പദ്ധതിയിടുകയുമായിരുന്നു.

ജനുവരി എട്ടിന് അമിത് കൗറിന്റെ ജന്മദിനമായിരുന്നു. അന്ന് വൈകിട്ട് ബാങ്കിലെ ജോലി കഴിഞ്ഞ് പ്രതി യുവതിയെ കാണാനെത്തി. പിറന്നാൾ ആഘോഷത്തിന് ശേഷം രണ്ടുപേരും ചേർന്ന് ലോഡ്ജിൽ മുറിയെടുക്കുകയായിരുന്നു. പ്രതിയും യുവതിയും അവരുടെ തിരിച്ചറിയല്‍ രേഖകള്‍ നല്‍കി ലോഡ്ജിൽ മുറിയെടുത്തുവെന്നാണ് ജീവനക്കാരുടെ മൊഴി. അര്‍ധരാത്രിയോടെ ലോഡ്ജില്‍നിന്ന് പുറത്തേക്ക് പോയ യുവാവിൽ സംശയാസ്പദമായി ഒന്നും തോന്നിയില്ലെന്നാണ് ജീവനക്കാർ പറഞ്ഞത്.

യുവതിയെ കൊലപ്പെടുത്തിയശേഷം സാക്കിനാക്കയിലെ താമസസ്ഥലത്തേക്കാണ് പ്രതി മടങ്ങിയത്. സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കാത്ത പ്രതി ഏറെക്കാലമായി സാക്കിനാക്കയില്‍ ഒരു ബന്ധുവിന്റെ വര്‍ക്ക്‌ഷോപ്പിലാണ് ജോലിചെയ്യുന്നത്. സംഭവദിവസം അര്‍ധരാത്രിയോടെ സാക്കിനാക്കയില്‍ തിരിച്ചെത്തിയ പ്രതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയുള്ളതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. സന്ദേശം ലഭിച്ചതിന് പിന്നാലെ സാക്കിനാക്ക പോലീസ് ഷൊഹൈബിനെ ചോദ്യംചെയ്യാനായി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുവന്നു.

Also Read; കാണാതായ യുവതി വനത്തിനോട് ചേർന്ന ആളൊഴിഞ്ഞ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; സുഹൃത്ത് പിടിയിൽ

തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് സുഹൃത്തായ യുവതിയെ കൊലപ്പെടുത്തിയതായി പ്രതി വെളിപ്പെടുത്തിയത്. ഉടന്‍തന്നെ സാക്കിനാക്ക പോലീസ് നവിമുംബൈയിലെ തുര്‍ഭേ പോലീസിന് വിവരം കൈമാറി. ജനുവരി ഒന്‍പതാം തീയതി പുലര്‍ച്ചെയോടെ പോലീസ് ലോഡ്ജിലെത്തി നടത്തിയ പരിശോധനയിൽ അമിത് കൗറിനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. പോലീസ് സംഘം ലോഡ്ജില്‍ എത്തിയപ്പോഴാണ് കൊലപാതകം നടന്നവിവരം ലോഡ്ജ് ജീവനക്കാരും അറിയുന്നത്

കൊല്ലപ്പെട്ട യുവതി അമിത് കൗര്‍ മുംബൈ ജിടിബി നഗറില്‍ അമ്മയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. വിവാഹ മോചിതയായ ഇവരുടെ ഏകമകള്‍ മുന്‍ ഭര്‍ത്താവിനൊപ്പമാണെന്നും പോലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News