മതം മാറിയതിന് ഗ്രാമം ഭ്രഷ്ട് കല്പിച്ചു , ദയാവധം ആവശ്യപ്പെട്ട് ഏഴ് കുടുംബങ്ങൾ

മതം മാറിയതോടെ ഗ്രാമം ഭ്രഷ്ട് കല്പിച്ചതിനാൽ ജീവിതം ദുസ്സഹമായെന്നാരോപിച്ച് ദയാവധത്തിന് അനുമതി തേടിയിരിക്കുകയാണ് തമിഴ് നാട്ടിലെ ഏഴ് കുടുംബങ്ങൾ. തമിഴ്‍നാട്ടിലെ പുംബൂഹാർ ഗ്രാമത്തിലെ ഏഴോളം കുടുംബങ്ങളിലെ അംഗങ്ങൾക്കാണ് മതം മാറിയതിന്റെ പേരിൽ ഗ്രാമത്തിലെ ഭൂരിപക്ഷ വിഭാഗം ഭ്രഷ്ട് കല്പിച്ചത്. ഹിന്ദു മതത്തിൽ നിന്ന് പതിനഞ്ചു വർഷം മുൻപാണ് ഈ കുടുംബങ്ങൾ ക്രിസ്തു മതത്തിലേക്ക് പരിവർത്തനം നടത്തിയത്. ഈ പതിനഞ്ചു വർഷമായി ഗ്രാമത്തിൽ തങ്ങൾക്കുള്ള വിലക്ക് തുടരുകയാണെന്നാണ് ഇവർ പറയുന്നത്.

also read:രാവിലെയും വൈകിട്ടും സൗജന്യമായി മദ്യം നല്‍കണം; ഉഡുപ്പിയില്‍ പ്രതിഷേധം

ഭ്രഷ്ട് കല്പിച്ചതോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ വഴികളില്ലാതായെന്നാണ് ഇവർ പറയുന്നത്. ഗ്രാമത്തിലെ കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങാനോ , മീൻ പിടിക്കാനോ അനുവദിച്ചിരുന്നില്ല. ഈ കുടുംബങ്ങളിലെ കുട്ടികളെ ഗ്രാമത്തിലെ മറ്റു കുട്ടികളോടൊപ്പം കളിക്കാനോ ഇടപഴകാനോ സമ്മതിച്ചിരുന്നില്ലെന്നും ഇവർ പറയുന്നു.തിരികെ ഹിന്ദു മതത്തിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്യുന്നുവെന്നും ഇവർ പറഞ്ഞു .

also read :ശരിയായ കുറ്റവാളികൾ ഇപ്പോഴും കാണാമറയത്ത് , പ്രാകൃതമായ വിശ്വാസത്തിന്റെ പേരിലാണ് തന്നെ ആക്രമിച്ചതെന്നും പ്രൊഫ.ടിജെ ജോസഫ്

കഴിഞ്ഞ ദിവസം കളക്ടർ സംഘടിപ്പിച്ച പ്രശ്നപരിഹാര പരിപാടിയിലാണ് ഈ കുടുംബങ്ങൾ ദയാവധമെന്ന ആവശ്യവുമായി എത്തിയത്. പതിനഞ്ചു വർഷമായി തങ്ങൾ നേരിടുന്ന വിവേചനത്തെക്കുറിച്ച് പരാതിയുമായി എത്തിയ ഇവർ ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാർഡുകളും പോസ്റ്ററുകളും പരിപാടിക്കിടെ ഉയർത്തിയിരുന്നു. മതം മാറിയതിനു പിന്നാലെ ഗ്രാമ പഞ്ചായത്ത് യോഗം നടത്തി ഇവർക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു എന്നാണ് ഇവർ ആരോപിക്കുന്നത്.ആരോപണങ്ങളിൽ സത്യമുണ്ടോ എന്ന് അന്വേഷിച്ച് വേണ്ട നടപടികളെടുക്കുമെന്ന് ജില്ലാ അധികാരികൾ ഉറപ്പു നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News