ഫുട്‌ബോള്‍ ലീഗ് മല്‍സരങ്ങളില്‍ ആവേശപ്പോരാട്ടത്തിൻ്റെ ദിനമായിരുന്നു ഇന്നലെ. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗിലും വമ്പന്‍മാര്‍ ഗോളിനായി കിണഞ്ഞുശ്രമിച്ചിട്ടും ജയം മാത്രം പിണങ്ങി നിന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയും സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയുമാണ് ജയമില്ലാതെ കഴിഞ്ഞ ദിവസം കളിക്കളത്തില്‍ വിയര്‍ത്തത്.
ക്രിസ്റ്റല്‍ പാലസിനോടാണ് മാഞ്ചസ്റ്റര്‍ സിറ്റി സമനില പിടിച്ചത്. ജയത്തിനായി കളിയുടെ അവസാന നിമിഷം വരെയും അവര്‍ പൊരുതിയെങ്കിലും നാലാം മിനിറ്റില്‍ മുനോസിലൂടെ ക്രിസ്റ്റല്‍ പാലസ് എടുത്ത ലീഡ് മാഞ്ചസ്റ്ററിന്റെ ആത്മവിശ്വാസത്തെ ചോദ്യം ചെയ്തുകൊണ്ടിരുന്നു.
തുടര്‍ന്ന് എര്‍ലിങ് ഹാലന്റ് 30-ാം മിനിറ്റിലൂടെ മാഞ്ചസ്റ്ററിനായി സമനില ഗോള്‍ നേടി കളിയിലെ തങ്ങളുടെ സാന്നിധ്യം അറിയിച്ചു. പക്ഷേ, വിട്ടുകൊടുക്കാന്‍ പാലസും തയാറായിരുന്നില്ല. അവര്‍ 56-ാം മിനിറ്റില്‍ ലാക്രോയിക്‌സിന്റെ ഗോളിലൂടെ വീണ്ടും ലീഡെടുത്തു. തുടര്‍ന്ന് കളി കൈവിട്ടു പോകുമെന്ന ഘട്ടത്തില്‍ ടീമിനായി ഉണര്‍ന്ന് കളിച്ച് മാഞ്ചസ്റ്ററും വിട്ടുകൊടുക്കാന്‍ തയാറായില്ല. 68-ാം മിനിറ്റില്‍ ലെവിസിലൂടെ അവര്‍ വീണ്ടും സമനില പിടിച്ചു.
സ്‌കോര്‍ 2-2. തുടര്‍ന്ന് ജയത്തിനായി മാഞ്ചസ്റ്റര്‍ വാശിയോടെ കളിച്ചെങ്കിലും 84-ാം മിനിറ്റില്‍ ലെവിസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് മാഞ്ചസ്റ്ററിന്റെ പ്രതീക്ഷകളില്‍ ഇടിത്തീ വീഴ്ത്തുകയായിരുന്നു. സമാനരീതി തന്നെയായിരുന്നു സ്പാനിഷ് ലീഗിലും സംഭവിച്ചത്. ലീഗിലെ കരുത്തന്‍മാരായ റയല്‍ ബെറ്റിസിനോടായിരുന്നു ബാഴ്‌സയുടെ മല്‍സരം.
ALSO READ: ഡ്രൈവര്‍ക്ക് വയറ്റില്‍ വെടിയേറ്റു; വണ്ടിയോടിച്ചത് കിലോമീറ്ററുകള്‍, രക്ഷിച്ചത് 15 ജീവനുകള്‍!
മല്‍സരം ഒരു ഏകപക്ഷീയ വിജയത്തിലേക്ക് പോകുമെന്ന് തോന്നിപ്പിച്ച് 39-ാം മിനിറ്റില്‍ സൂപ്പര്‍താരം റോബര്‍ട്ടോ ലെവന്‍ഡോസ്‌കി ബാഴ്‌സയ്ക്കായി ലീഡെടുത്തു. തുടര്‍ന്ന് ഇടവേളയ്ക്കായി പിരിയുന്നതു വരെയും ബാഴ്‌സ കളിയില്‍ ആധിപത്യം ഉറപ്പിച്ചിരുന്നെങ്കിലും അല്‍പായുസ്സ് ആയിരുന്നു ആ മുന്നേറ്റത്തിന്. ഇടവേളയ്ക്കു ശേഷം എത്തിയ ബെറ്റിസ് ഓരോ നീക്കങ്ങളും കരുതലോടെയാണ് ഗ്രൗണ്ടില്‍ ചെയ്തത്.
68-ാം മിനിറ്റില്‍ ലോ സെല്‍സോയിലൂടെ ബെറ്റിസ് സമനില പിടിച്ചു. ഫെറാന്‍ ടോറസിലൂടെ 82-ാം മിനിറ്റില്‍ ബാഴ്‌സ വീണ്ടും ലീഡെടുത്തു. തുടര്‍ന്ന് പ്രതിരോധത്തിലൂന്നി ജയമുറപ്പിച്ചുള്ള കരുതലോടെയുള്ള നീക്കങ്ങളായിരുന്നു ബാഴ്‌സ നടത്തിയതെങ്കിലും ഇഞ്ചുറി ടൈമില്‍ അസാനേ ഡിയോ ആ മോഹങ്ങളെ അസ്തമിപ്പിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here