‘ഒരു പുതിയ സ്പീഡ് ട്രാക്കിന് വേണ്ടി കേരളം ശ്രമിച്ചപ്പോള്‍ എല്ലാവരും ചേര്‍ന്ന് അത് മുടക്കി, എന്നിട്ടിപ്പോള്‍ കരയുകയാണ്’; ബഷീര്‍ വള്ളിക്കുന്ന്

വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകള്‍ പിടിച്ചിടുന്നതില്‍ വ്യാപക പരാതി ഉയരുന്ന സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ് മാധ്യമ പ്രവര്‍ത്തകന്‍ ബഷീര്‍ വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെ റെയില്‍ പദ്ധതി മുടക്കാന്‍ വേണ്ടി തുനിഞ്ഞിറങ്ങിയവര്‍ ഇപ്പോള്‍ കാലുകുത്താന്‍ സ്ഥലമില്ലാത്ത ട്രെയിനുകളില്‍ വായും പൂട്ടി മിണ്ടാതിരിക്കേണ്ട അവസ്ഥയാണെന്നും ബഷീര്‍ വള്ളിക്കുന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഒരു പുതിയ സ്പീഡ് ട്രാക്കിന് വേണ്ടി കേരളം ശ്രമിച്ചപ്പോള്‍ എല്ലാവരും ചേര്‍ന്ന് അത് മുടക്കി. ആര്‍ക്കാണിത്ര തിരക്ക് എന്ന് കവികള്‍ പാടി. സമൂഹത്തില്‍ പരമാവധി ഭീതി പരത്തി ആ പദ്ധതിയെ ആട്ടിയോടിച്ചു. എന്നിട്ടപ്പോള്‍ ഒന്നുറക്കെ കരയാന്‍ പോലും സാധിക്കാത്ത അവസ്ഥയാണെന്നും പലര്‍ക്കുമെന്നു ബഷീര്‍ വള്ളിക്കുന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Also Read: 699 രൂപക്ക് മാസം 10 സിനിമ കാണാം; പാസ്പോർട്ട് ടിക്കറ്റ് കേരളത്തിലും

ഫേസ്ബുക്ക് പോസ്റ്റ്

എഫ് ബി യില്‍ കണ്ട ഒരു ഫോട്ടോയാണ്. കോഴിക്കോട് നേത്രാവതി വന്നപ്പോഴുള്ള ദൃശ്യം.
ഒരു പുതിയ സ്പീഡ് ട്രാക്കിന് വേണ്ടി കേരളം ശ്രമിച്ചപ്പോള്‍ എല്ലാവരും ചേര്‍ന്ന് അത് മുടക്കി. ആര്‍ക്കാണിത്ര തിരക്ക് എന്ന് കവികള്‍ പാടി. സമൂഹത്തില്‍ പരമാവധി ഭീതി പരത്തി ആ പദ്ധതിയെ ആട്ടിയോടിച്ചു. വന്ദേ ഭാരത് മതി നമുക്ക് എന്ന് പറഞ്ഞു മാധ്യമ പ്രവര്‍ത്തകര്‍ ലുങ്കി ഡാന്‍സ് കളിച്ചു.

ഇപ്പോള്‍ വന്ദേ ഭാരത് ഓടാന്‍ വേണ്ടി സാധാരണ ട്രെയിനുകള്‍ മണിക്കൂറുകളോളം പിടിച്ചിടുന്ന അവസ്ഥ. ലുങ്കി ഡാന്‍സ് കളിച്ച മാപ്രകളും അതിനുള്ളില്‍ കാത്ത് കെട്ടിക്കിടക്കുന്നു. പക്ഷേ മിണ്ടാന്‍ പറ്റുന്നില്ല. മിണ്ടിയാല്‍ ആളുകള്‍ പഞ്ഞിക്കിടും. കാരണം പുതിയൊരു സ്പീഡ് ട്രാക്ക് വരുന്നതിനെപ്പോലും കൊല വിളിച്ച് മുടക്കിയവന്മാരാണ്. വിവരമുള്ളവര്‍ അന്നേ പറഞ്ഞു, പുതിയ തീവണ്ടിയല്ല പ്രശ്‌നം.. സ്പീഡിലോടാന്‍ കഴിയുന്ന പുതിയ ട്രാക്കാണ് വേണ്ടത്. നിലവിലുള്ള ട്രാക്കില്‍ കൊള്ളാവുന്നതിലധികം വണ്ടികള്‍ ഇപ്പോഴുണ്ട്. ഒരു ട്രെയിനിന് മുകളിലൂടെ മറ്റൊന്നിന് ഓടാന്‍ കഴിയില്ല.

എന്ത് ചെയ്യാം. അനുഭവിക്കുക തന്നെ.. ആര്‍ക്കാണിത്ര തിരക്ക്
o o o

2022 മാര്‍ച്ച് 19 നു എഴുതിയ പോസ്റ്റാണ് താഴെ.
വേണേല്‍ ഒന്നൂടെ വായിക്കാം.
ഇന്ന് കാണുന്ന ഏതൊരു റോഡും പാലവും റെയിലും പഴയ കാലത്ത് ആരെയെങ്കിലുമൊക്കെ ഒഴിപ്പിച്ചെടുത്ത ഭൂമിയില്‍ നിര്‍മ്മിച്ചത് തന്നെയായിരിക്കും. അന്ന് ആ സ്ഥലങ്ങളൊക്കെ വിട്ടു കൊടുത്തവര്‍ സഹിച്ച പ്രയാസങ്ങളുടെ പുറത്താണ് നമ്മള്‍ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന സഞ്ചാര സൗകര്യങ്ങള്‍.

Also Read: നൊമ്പരമായി ഉനൈസ്; പെരുമ്പാവൂരിൽ കുളത്തിൽ വീണ് ആറ് വയസ്സുകാരൻ മരിച്ചു

അന്ന് സമരം ചെയ്ത്, ഭൂമി വിട്ടുകൊടുക്കുന്നവരുടെ സങ്കടങ്ങളെ ആളിക്കത്തിച്ച് അവ മുടക്കിയിരുന്നുവെങ്കില്‍ നാമിപ്പോഴും കാളവണ്ടി യുഗത്തില്‍ തന്നെ കഴിഞ്ഞിരുന്നേനെ.. അതാത് കാലങ്ങളില്‍ നടക്കേണ്ട വികസന പ്രക്രിയകള്‍ അതാത് കാലങ്ങളില്‍ നടന്നിട്ടില്ലെങ്കില്‍ അത് നടത്താതെ മാറിനിന്ന തലമുറകള്‍ കാലത്തിന് പിറകിലേക്ക് തള്ളിമാറ്റപ്പെടും.. അതൊരു യാഥാര്‍ത്ഥ്യമാണ്.
എല്ലാ മാനവ വികസന ഇന്‍ഡക്‌സുകളിലും കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്നിലാണെങ്കിലും അതിവേഗ യാത്രാ സൗകര്യങ്ങളുടെ കാര്യത്തില്‍ നാം ബഹുദൂരം പിന്നിലാണ്. കൂടിയ ജനസാന്ദ്രതയും കുറഞ്ഞ ഭൂമിയുമാണ് നമ്മുടെ പരിമിതി. അതിനെ കഴിയുന്ന രൂപത്തില്‍ മറികടന്നു കൊണ്ടല്ലാതെ നമ്മുടെ സംസ്ഥാനത്തിന് ഇനി മുന്നോട്ട് പോകാനാവില്ല. ലോകം മുഴുക്കെ അതിവേഗ പാതകളും സ്പീഡ് റെയിലുകളും നിര്‍മ്മിച്ചു കൊണ്ട് സഞ്ചാര സൗകര്യങ്ങളെ വിപുലപ്പെടുത്തുമ്പോള്‍ നമുക്ക് മാത്രമായി പുറം തിരിഞ്ഞു നില്‍ക്കാനാവില്ല. അത് മനസ്സിലാക്കിക്കൊണ്ട് വേണം സമരത്തിന്റെ തീ ആളിക്കത്തിക്കുന്നവര്‍ മുന്നോട്ട് പോകേണ്ടത്.
ഭൂമി ഏറ്റെടുത്തു കൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ വരുമ്പോള്‍ പ്രതിഷേധങ്ങള്‍ സ്വാഭാവികമാണ്. വീടും ഭൂമിയും നഷ്ടപ്പെടുന്നവരുടെ സങ്കടക്കടല്‍ താണ്ടിയല്ലാതെ ഇത്തരം ഏറ്റെടുക്കലുകള്‍ നടന്ന് കിട്ടാന്‍ പ്രയാസമാണ്. അവരുടെ ദുരിതങ്ങള്‍ പരമാവധി കുറക്കാന്‍ ശ്രമിക്കുകയും ഇപ്പോഴവരുള്ളതിനേക്കാള്‍ മെച്ചപ്പെട്ട പുനരവധിവാസ പാക്കേജുകളും നഷ്ടപരിഹാരങ്ങളും ഉറപ്പു വരുത്തിക്കൊണ്ട് മുന്നോട്ട് പോവുകയും ചെയ്യുക. അവരോട് കൃത്യമായ രൂപത്തില്‍ ആശയവിനിമയം നടത്തുക, ദയയോടെ പെരുമാറുക.. അവരെ പോലീസിനെയും പട്ടാളത്തേയും വിട്ട് നിലത്തിട്ട് വലിച്ചിഴക്കാതിരിക്കുക, കണ്ണീരും കരച്ചിലും ഉണ്ടാകുമെന്നും ആ കണ്ണീരൊപ്പിക്കൊണ്ട് മുന്നോട്ട് പോകണമെന്നും മനസ്സിലാക്കിക്കൊണ്ട് അതിന് വേണ്ട ഭാവനയും സമചിത്തതയും പ്രകടിപ്പിക്കുക. അത്രയൊക്കെയാണ് ചെയ്യാന്‍ കഴിയുക, അതൊക്കെയാണ് ചെയ്യേണ്ടതും.

Also Read: സംവിധായകൻ ബാലചന്ദ്രകുമാർ ഗുരുതരാവസ്ഥയിൽ; സഹായമഭ്യർത്ഥിച്ച് കുടുംബം

എന്റെ കിടപ്പാടം പോകുന്ന ഘട്ടം വന്നാല്‍ ഞാനും കരയും, പ്രതിഷേധിക്കും.. അതൊക്കെ തികച്ചും മാനുഷികമാണ്. അപ്പോള്‍ എന്നോട് അനുകമ്പയുള്ളവര്‍ ചെയ്യേണ്ടത് എനിക്ക് പരമാവധി കോമ്പന്‍സേഷന്‍ കിട്ടാന്‍ ശ്രമിക്കുകയും ബദല്‍ സംവിധാങ്ങളൊരുക്കാന്‍ എന്നെ സഹായിക്കുകയുമാണ്. അതിന് പകരം എന്റെ ആധി കത്തിയാളിച്ചു ഭ്രാന്തമായ ഒരവസ്ഥയിലേക്ക് എന്നെ തള്ളിവിട്ടു കഴിഞ്ഞാല്‍ പിന്നെ ഞാനെന്താണ് ചെയ്യുക എന്ന് എനിക്ക് തന്നെ പറയാന്‍ പറ്റില്ല.. ആ അര്‍ത്ഥത്തില്‍ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ഇപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്നത് തികഞ്ഞ സാമൂഹ്യദ്രോഹമാണ്..
രാഷ്ട്രീയം കളിക്കുന്നവരുടെ പ്രശ്‌നം ഭൂമി നഷ്ടപ്പെടുന്നവരുടെ വേദനയല്ല, അവരുടെ പ്രശ്‌നം സര്‍ക്കാരിനെ താഴെയിടുക എന്നതാണ്. ജനങ്ങളെ പരമാവധി വൈകാരികമായി ഇളക്കിവിട്ട് അതിന് മുകളില്‍ തീ കത്തിക്കുക എന്നതാണ്. ആ അജണ്ടകളെ കൈകാര്യം ചെയ്യേണ്ടത് പോലീസിനെ വിട്ടല്ല, ജനങ്ങളിലേക്കിറങ്ങിച്ചെന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്താനുള്ള വഴികള്‍ തേടിയാണ്. ഈ സോഷ്യല്‍ മീഡിയ യുഗത്തില്‍ അതിന് ധാരാളം വഴികളുണ്ട്. പോലീസിനെ വിട്ട് അതിനെ നേരിടാന്‍ തുടങ്ങിയാല്‍ രാഷ്ട്രീയം കളിക്കുന്നവരുടെ അജണ്ട വിജയിക്കും. അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകും.

ഗെയില്‍ പൈപ്പ് ലൈനിലും ഹൈവേ വികസനത്തിലുമെല്ലാം ഇതിലും വലിയ പ്രതിഷേധങ്ങള്‍ കേരളം കണ്ടതാണ്. ഗെയില്‍ യാഥാര്‍ത്ഥ്യമായി. വീടുകളില്‍ പ്രകൃതി വാതകം എത്തിക്കുന്ന പണികള്‍ പുരോഗമിക്കുന്നു. പല ജില്ലകളിലും അവ ഇതിനകം തന്നെ എത്തിക്കഴിഞ്ഞു. വാഹനങ്ങള്‍ക്കുള്ള സി എന്‍ ജി വിതരണ ഇന്‍ഫ്രാസ്ട്രക്ച്ചറുകളും വരുകയാണ്. അതിന്റെയൊക്ക ഗുണങ്ങള്‍ അനുഭവവേദ്യമാകാന്‍ പോകുന്നേയുള്ളൂ. പരിസ്ഥിതിയോട് കൂടുതല്‍ ഇണങ്ങുന്ന ഈ സംരംഭം വരാതെ നോക്കാനും പ്രതിഷേധം ആളിക്കത്തിക്കാനും മാധ്യമങ്ങളും രാഷ്ട്രീയക്കാരും നോക്കിയിരുന്നു. അന്തിചര്‍ച്ചക്കാര്‍ ഉറഞ്ഞു തുള്ളിയിരുന്നു. അവരൊക്കെ വന്ന പോലെ ആവിയായി പോയി.
ഹൈവേ വികസനവും ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. മാര്‍ക്കറ്റ് വിലയേക്കാള്‍ ഭേദപ്പെട്ട നഷ്ടപരിഹാരം ലഭിക്കുമെന്ന് വന്നപ്പോള്‍ പ്രതിഷേധങ്ങളൊക്കെ കെട്ടടങ്ങി. കരഞ്ഞു കലങ്ങിയ മുഖങ്ങളില്‍ ചെറു പുഞ്ചിരി വന്നു. വീതി കൂട്ടിയ ഹൈവേയിലൂടെ പ്രതിഷേധാഗ്‌നി ആളിക്കത്തിച്ചവന്മാരുടെ വാഹനങ്ങള്‍ ചീറിപ്പാഞ്ഞു പോകാന്‍ ഇനി അധികം കാത്തിരിക്കേണ്ട. ‘ഇപ്പോഴുള്ള ഹൈവേ മതി, ജനങ്ങളുടെ കിടപ്പാടം പൊളിച്ചിട്ട് അത് വികസിപ്പിക്കേണ്ട’ എന്ന് മുമ്പ് പറഞ്ഞവരൊക്കെ ‘പണിയെവിടെവരെയെത്തി, ഉദ്ഘാടനം അടുത്തുണ്ടാകില്ലേ’ എന്ന് ചോദിക്കുന്ന അവസ്ഥയിലെത്തി.

Also Read: അമേരിക്കയുടെ പിന്തുണയോടെ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്നാണ് ഇസ്രയേല്‍ കരുതുന്നത്: എം എ ബേബി

കടമെടുപ്പിന്റെ പ്രശ്‌നങ്ങളും സാമ്പത്തിക വിഷയങ്ങളും ആ മേഖലയിലെ വിദഗ്ദര്‍ പറയട്ടെ. അലക്കൊഴിഞ്ഞിട്ട് കാശിക്ക് പോകാന്‍ നേരമില്ലെന്ന് പറഞ്ഞ പോലെ സാമ്പത്തിക പരാധീനത എല്ലാം തീര്‍ന്ന ശേഷം കേരളത്തില്‍ വികസനം കൊണ്ട് വരാന്‍ കഴിയില്ല എന്ന് മാത്രമേ നമ്മളെപ്പോലുള്ള സാധാരണക്കാര്‍ക്ക് പറയാന്‍ കഴിയൂ..
ഇന്ത്യയില്‍ എല്ലായിടത്തും ഇടുന്ന പൈപ്പ് തന്നെയാണ് മുക്കത്തും ഇടുന്നത്, അവിടെ കുഴിച്ചിടുന്നത് ആറ്റം ബോംബല്ല എന്ന് ഗെയില്‍ പ്രക്ഷോഭ കാലത്ത് ഒരു ബ്ലോഗില്‍ എഴുതിയതിന് അന്നെനിക്ക് കുറെ പൊങ്കാല കിട്ടിയിരുന്നു. അന്ന് പൊങ്കാലയിട്ടവര്‍ തന്നെയാണ് ഈ പോസ്റ്റിലും പൊങ്കാലയിടുക. അവര്‍ക്കൊക്കെ സ്വാഗതം..
സര്‍വേകള്‍ക്കും പാരിസ്ഥിക സാമൂഹിക പഠനങ്ങള്‍ക്കും ശേഷം ഈ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി ലഭിക്കുമെങ്കില്‍ കെ റെയിലും വരട്ടെ. അങ്ങനെ വന്നാല്‍ ‘ഹേ കേ’ കവികളും തീരദേശ ഹൈ സ്പീഡ് ബോട്ട് വന്നിട്ട് തിരുവനന്തപരുത്ത് പോകാന്‍ കാത്തിരിക്കുന്ന മാഷമ്മാരുമൊക്കെ അതില്‍ ചാടിക്കേറുന്നത് നമുക്ക് കാണാന്‍ പറ്റും.
– ബഷീര്‍ വള്ളിക്കുന്ന്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News