ജ്യൂസ് കടയിൽ നിന്നും സംവിധായകനിലേക്ക്; ആർ ഡി എക്സ് സംവിധായകൻ നഹാസ് ഹിദായത്തിന് ആശംസകളുമായി ബേസിൽ ജോസഫ്

ഓണച്ചിത്രമായെത്തി തിയറ്ററുകളിൽ വൻ വിജയമായിക്കഴിഞ്ഞിരിക്കുകയാണ് ആർ ഡി എക്സ്. ഇപ്പോഴിതാ ആർ ഡി എക്സ് സംവിധായകൻ നഹാസ് ഹിദായത്തിനെക്കുറിച്ച് സംവിധായകൻ ബേസിൽ ജോസഫ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജ്യൂസ് ഷോപ്പിലെ ജോലിയിൽ നിന്ന് മിച്ചം പിടിച്ചതും സുഹൃത്തുക്കളിൽ നിന്ന് കടം വാങ്ങിയ തുകയും കൊണ്ടാണ് ഷോർട്ട് ഫിലിമിന് ആവശ്യമായ ബജറ്റ് നഹാസ് കണ്ടെത്തിയതെന്നാണ് ബേസിൽ പറയുന്നത്.അതിനേക്കാൾ ഉപരി തന്നെ ആകർഷിച്ചത് അദ്ദേഹത്തിൻ്റെ നിശ്ചയദാര്‍ഢ്യമാണ് . വർഷങ്ങൾക്ക് ശേഷം നിറഞ്ഞ സദസ്സിൽ നഹാസ് ഹിദായത് എന്ന പേര് കാണുമ്പോൾ പ്രേക്ഷകർ ആവേശപൂർവം കയ്യടിക്കുന്നു. ഒരിക്കല്‍ അദ്ദേഹം എന്‍റെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയിരുന്നു,അത് പറഞ്ഞപ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞെന്നുമാണ് ബേസിൽ കുറിച്ചത്.

also read:കഴിഞ്ഞ വർഷത്തേക്കാൾ 4 കോടിയുടെ വർധനവ്; ഉത്രാട ദിനത്തിൽ സംസ്ഥാനത്ത് 116 കോടിയുടെ മദ്യവിൽപ്പന

ബേസിൽ ജോസഫിന്റെ കുറിപ്പ് 

2016 ല്‍ എന്‍റെ രണ്ടാം ചിത്രമായ ഗോദയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്ന സമയതാണു ഈ ചെറുപ്പക്കാരന്‍ ടീമിന്‍റെ ഭാഗമാവാനുള്ള ആഗ്രഹം അറിയിച്ച് എന്നെ സമീപിക്കുന്നത്. സിനിമാക്കാരൻ ആവാനുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ച് പറഞ്ഞതിനൊപ്പം സാമ്പത്തികവും വ്യക്തിപരവുമായുള്ള ജീവിതപ്രയാസങ്ങളെക്കുറിച്ചും അയാള്‍ പങ്കുവെച്ചു. കാഞ്ഞിരപ്പള്ളി എന്ന ചെറു പട്ടണത്തില്‍ നിന്നുള്ള അദ്ദേഹം നിശ്ചയദാര്‍ഢ്യത്തോടെയാണ് കൊച്ചിയില്‍ എത്തിയത് .ചെലവിനുള്ള പണം കണ്ടെത്താനായി ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്യുകയായിരുന്നു അയാള്‍ അന്ന്.

സ്വന്തം കഴിവ് തെളിയിക്കാൻ ഒരു ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ ഞാന്‍ അദ്ദേഹത്തെ ഉപദേശിച്ചു . എന്‍റെ ഉപദേശം ഹൃദയത്തില്‍ ഏറ്റുവാങ്ങിയ അദ്ദേഹം അവിടെനിന്ന് പോയി. ആഴ്ചകൾക്ക് ശേഷം അര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു ഷോര്‍ട്ട് ഫിലിമുമായി അയാൾ തിരിച്ചുവന്നു. ജ്യൂസ് ഷോപ്പിലെ ജോലിയില്‍ നിന്ന് മിച്ചം പിടിച്ച സമ്പാദ്യവും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയ പണവും ഉപയോഗിച്ചാണ് അദ്ദേഹം അതിനുള്ള പണം കണ്ടെത്തിയത്. ആ ഷോര്‍ട്ട് ഫിലിമ് എന്നതിൽ ഉപരി എന്നെ ആകര്‍ഷിച്ചത് എല്ലാ പ്രതിസന്ധികള്‍ക്കിടയിലും അത് ചെയ്യാന്‍ അദ്ദേഹം കാണിച്ച നിശ്ചയദാര്‍ഢ്യമാണ്. അപ്പോഴാണ് ഗോദയിലെ അസിസ്റ്റന്‍റ് ഡയറക്ടറായി ജോയിൻ ചെയ്യുന്നത്.

വര്‍ഷങ്ങള്‍ കടന്നുപോയി, സോഷ്യല്‍ മീഡിയയില്‍ ജനപ്രീതി നേടിയ വിജയകരമായ ഷോര്‍ട്ട് ഫിലിമുകളും മ്യൂസിക് വീഡിയോകളുമൊക്കെ അദ്ദേഹം ചെയ്തു. പിന്നീട് ആദ്യ ചിത്രം ആരംഭിച്ചു. നിര്‍ഭാഗ്യവശാല്‍ കൊവിഡ് മഹാമാരിയും മറ്റ് കാരണങ്ങളാലും നിർഭാഗ്യവശാൽ ചിത്രം പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടിവന്നു. പിന്നീടാണ് അദ്ദേഹം ആര്‍ഡിഎക്സിനുവേണ്ടി സോഫിയ പോളിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. അതിന്‍റെ ഷൂട്ടിംഗ് സമയത്തും അദ്ദേഹത്തിന്‍റെ പ്രതിസന്ധികള്‍ തുടര്‍ന്നു, അനുകൂലമല്ലാത്ത കാരണങ്ങളാല്‍ ചിത്രം തലക്കെട്ടുകള്‍ സൃഷ്ടിച്ചു. നിര്‍മ്മാതാവിനും അഭിനേതാക്കള്‍ക്കും മറ്റ് അണിയറക്കാര്‍ക്കും നന്ദി. അവരുടെ പിന്തുണയോടെ ഒടുവിൽ അദ്ദേഹം ഷൂട്ട് പൂര്‍ത്തീകരിച്ചു. റിലീസിന് തലേന്നും അദ്ദേഹം എന്നെ വിളിച്ചുത് പരിഭ്രന്ധിയിലാണ്.

ഇന്ന് അദ്ദേഹത്തിന്‍റെ സിനിമ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുന്നു . നഹാസ് ഹിദായത്ത് എന്ന പേര് കാണുമ്പോള്‍ പ്രേക്ഷകര്‍ ആവേശപൂര്‍വ്വം കൈയടിക്കുന്നു. ഇന്ന് ആര്‍ഡിഎക്സ് കാണാന്‍ ഞാന്‍ തിയറ്ററില്‍ പോയപ്പോള്‍ ചിത്രം കാണാനെത്തിയ കുറച്ച് ചെറുപ്പക്കാരെ കണ്ടു. പടം എങ്ങനെയുണ്ടെന്ന എന്‍റെ ചോദ്യത്തിന് ​ഗംഭീരം എന്നായിരുന്നു അവരുടെ പ്രതികരണം. അഭിമാനത്തോടെയും സന്തോഷത്തോടെയുമായിരുന്നു അവരത് പറഞ്ഞത്. നഹാസ് ആണ് ഇതിന്‍റെ സംവിധായകന്‍, ഒരിക്കല്‍ അദ്ദേഹം എന്‍റെ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയിരുന്നു, അത് പറഞ്ഞപ്പോള്‍ എന്‍റെ കണ്ണ് നിറഞ്ഞു.

പ്രിയ നഹാസ്, ആശംസകള്‍. ഈ വിജയവും മുന്നോട്ടുള്ള നിരവധി വിജയങ്ങളും നീ അര്‍ഹിക്കുന്നു. ഒരു ​ഗംഭീര കരിയറിന്‍റെ തുടക്കമാവട്ടെ ഇത്, നിന്‍റെ സിനിമ പോലെ തന്നെ.

also read:എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ച മദ്യപസംഘം പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News